Ticker

6/recent/ticker-posts

വി എസ്. അച്യുതാനന്ദൻ അന്തരിച്ചു






തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവും ജനമനസ്സിലെ പോരാളിയുമായ വി.എസ്. അച്യുതാനന്ദൻ (101) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.20 ഓടെ തിരുവനന്തപുരം പട്ടം എസ്‌ യൂ ടി ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോഴാണ് അന്ത്യം സംഭവിച്ചത്.


വളരെ ചെറിയ പ്രായത്തിൽ തന്നെ സാമൂഹിക-രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായിരുന്ന വിഎസ്, തൊഴിലാളികളുടെ അവകാശങ്ങൾക്കും ഭരണതലത്തിലെ അഴിമതിക്കെതിരെയും നടത്തിയ ശക്തമായ നിലപാടുകൾകൊണ്ടാണ് ശ്രദ്ധേയനായത്. 2006 മുതൽ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, ബദൽ രാഷ്ട്രീയത്തിന്റെ പ്രതീകമായി ജനഹൃദയത്തിൽ സ്ഥാനം പിടിച്ചു.


സംസ്ഥാനത്തെ പല രംഗങ്ങളിലും വൻ മാറ്റങ്ങൾ വരുത്തിയ വിഎസിന്റെ വേർപാടിൽ കേരളം വലിയൊരു രാഷ്ട്രീയ നേതാവിനെയും തികച്ചും ജനകീയമായൊരു ശബ്ദത്തെയും നഷ്ടപ്പെട്ടിരിക്കുകയാണ്. 

*🌹വി.എസിന്‍റെ സംസ്കാരം ബുധനാഴ്ച; വിലാപയാത്രയായി നാളെ മൃതദേഹം ആലപ്പുഴയില്‍ എത്തിക്കും*

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്കുശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.യു.ടി ആശുപത്രിയില്‍നിന്ന് അഞ്ചോടെ മൃതദേഹം എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിനുശേഷം രാത്രിയോടെ തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക്‌ കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. എല്ലാവര്‍ക്കും പൊതുദര്‍ശനത്തിന് അവസരമൊരുക്കും. ഉച്ചക്കുശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.

രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ വീട്ടില്‍നിന്ന് ജില്ല കമ്മിറ്റി ഓഫിസിലേക്ക് എത്തിച്ച് പൊതുദര്‍ശനത്തിന് അനുവദിക്കും. ഉച്ചക്കുശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. പട്ടം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വി.എസിന്‍റെ അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്.

*

Post a Comment

0 Comments