Ticker

6/recent/ticker-posts

മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടിയിൽ ചൂണ്ടയിടൽ മത്സരം നടന്നു.

 




തിരുവമ്പാടി : മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന പ്രീ ഇവെന്റുകളിൽ ഏറ്റവും ജനശ്രദ്ധയാർന്ന ചൂണ്ടയിടൽ മത്സരം 'തിലാപ്പിയ' യുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. തിരുവമ്പാടി ലെയ്ക് വ്യൂ ഫാം സ്റ്റേയിൽ വെച്ചു നടന്ന മത്സരത്തിൽ മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്നായി നിരവധി ആളുകൾ മത്സരത്തിൽ പങ്കെടുത്തു. 

ചൂണ്ടയിടൽ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ ആളുകളുടെ ആവേശം കണ്ട് എംഎൽഎയ്ക്കും ആഗ്രഹം ഒന്ന് ചൂണ്ടയിട്ടാൽ കൊള്ളാമെന്ന് പിന്നെ താമസിച്ചില്ല ഉദ്ഘാടന വേദിയിൽ നിന്നും നേരെ മത്സരം നടക്കുന്ന കുളത്തിനടുത്തേക്ക്. കുറെ നേരം മീനുകൾക്ക് തീറ്റ ഇട്ടു കൊടുത്തു എന്നല്ലാതെ മീൻ കിട്ടിയില്ല. മത്സരാർത്ഥികളും കാണാൻ വന്നവരും നോക്കി നിൽക്കെ അവസാനം ഒരു മീൻ കിട്ടി അതാണെങ്കിൽ കുളത്തിലേക്ക് തിരിച്ചിടുകയും ചെയ്തു. 

കാരണം 75 ഗ്രാമെങ്കിലും ഉള്ള മീനാകണം എന്ന് നിയമാവലിയിൽ പറയുന്നു. വളരെ ഈസി ആണെന്ന് വിചാരിച്ച ചൂണ്ടയിടൽ അത്ര ഈസി അല്ലെന്നും നല്ലൊരു എക്സ്പീരിയൻസാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

മത്സരത്തിൽ ഒന്നാം സമ്മാനമായ മൂവായിരം രൂപയും മൂന്ന് കിലോ മത്സ്യവും മുക്കം അഗസ്ത്യൻ മുഴി സ്വദേശി നിതിൻ കരസ്ഥമാക്കി. വിജയികളായവർക്കുള്ള സമ്മാനം കർഷക കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത് പ്രസിഡന്റ് ബിന്ദു ജോൺസൺ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു. ഏറ്റവും വലിയ മത്സ്യത്തെ പിടിച്ച ആൾക്കുള്ള പ്രത്യേക സമ്മാനത്തിനു തിരുവമ്പാടി പെരുമാലിപ്പടി സ്വദേശി ഷിബിൻ അർഹനായി. ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും വളരെ ആകർഷകം ആയിരുന്നു മത്സരം. നിരവധി വിശിഷ്ട വ്യക്തികളും ജനപ്രതിനിധികളും പങ്കെടുത്തു. ജൂലൈ 24 മുതൽ 27 വരെ മലബാർ റിവർ ഫെസ്റ്റിവൽ നടക്കുക.

Post a Comment

0 Comments