മുക്കം: നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ
കൃഷി നശിപ്പിക്കുന്നത് പതിവായതോടെ കർഷകർക്കാശ്വാസമായി കൊടിയത്തൂരിൽ നായാട്ട് സംഘടിപ്പിച്ചു.
എംപാനൽ ഷൂട്ടർമാർക്ക് കാട്ടുപന്നികളെ പിടികൂടാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ്
അംഗീകൃത ഷൂട്ടർമാരുടെയും
വേട്ടനായ്ക്കളുടെയും നേതൃത്വത്തിൽ
നായാട്ട് സംഘടിപ്പിച്ചത്.കാട്ടു പന്നി ശല്യം ഏറ്റവും രൂക്ഷമായ 2,15, 16 വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു നായാട്ട്. 13 എംപാനൽ ഷൂട്ടർമാരുടേയും 8 വേട്ടനായ്ക്കളുടേയും നേതൃത്വത്തിൽ നടന്ന നായാട്ടിൽ 9 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, വാർഡ് മെമ്പർമാരായ വി.ഷംലൂലത്ത്, യുപി മമ്മദ്, കെജി സീനത്ത്, ഫാത്തിമ നാസർ തുടങ്ങിയവർ നേതൃത്വം നൽകി.
മലയോര മേഖലയിലെ കാട്ടുപന്നി ശല്യം അതിരൂക്ഷമായ കൊടിയത്തൂരിൽ നേരത്തെ നിരവധി തവണ നായാട്ട് നടക്കുകയും നിരവധി കാട്ടുപന്നികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒട്ടേറെ കർഷകരുടെ വാഴയും കപ്പയും ചേനയും തെങ്ങിൻ തൈകളും കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. ശല്യം രൂക്ഷമായതോടെ ഒട്ടേറെ കർഷകർ കൃഷി ഉപേക്ഷിക്കുകയും പല കർഷകരും കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലുമാണ്. പകൽ സമയത്ത് പോലും കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് നോക്കി നിൽക്കേണ്ട അവസ്ഥയാണെന്ന് കർഷകർ പറയുന്നു.
വിളകൾക്ക് മാത്രമല്ല, കർഷകർക്കും രക്ഷയില്ലാത്ത അവസ്ഥയാണ്.
പലരും കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. കാട്ടുപന്നികൾക്ക് പുറമേ മുള്ളൻ പന്നികൾ, കുരങ്ങുകൾ,
മയിലുകൾ തുടങ്ങിയവയുടെ ശല്യവും രൂക്ഷമാണ്. വൻ സാമ്പത്തിക നഷ്‌ടമാണ് കാട്ടുപന്നികൾ ഉൾപ്പെടെയുള്ളവ കർഷകർക്ക് വരുത്തുന്നത്.ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് കാട്ടുപന്നികളെ കൊന്നൊടുക്കാനായി നായാട്ട് സംഘടിപ്പിച്ചത്
ചിത്രം:
0 Comments