+-------+-------+--------+-------+
+-------+-----+-------+-------+
കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ വെറും 5 ജില്ലകൾ മാത്രമേ ഉണ്ടായിരുന്നൊള്ളു.എന്നിരുന്നാലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം. ഫസൽ അലി തലവനായും സർദാർ കെ.എം. പണിക്കർ, പണ്ഡിറ് ഹൃദയനാഥ് കുൻസ്രു എന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപവൽക്കരിച്ചത് 1953-ലാണ്. 1955-സെപ്റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു. അതിൽ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാർശയുണ്ടായിരുന്നു.
സംസ്ഥാന പുന:സംഘടനാ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. തിരുവിതാംകൂറിലെ തോവാളം, അഗസ്തീശ്വരം, കൽക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാം കൂർ - കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോടു ചേർക്കപ്പെടുകയും ചെയ്തു. കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തിൽ മൊത്തം 5 ജില്ലകളാണുണ്ടായിരുന്നത്
നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ് തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്ണറാവു ആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ്ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുന:സംഘടന നടന്നത്. സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ് കെ.ടി കോശിയായിരുന്നു ആദ്യ ചീഫ് സെക്രട്ടറി എൻ.ഇ.എസ്. രാഘവാചാരി. ആദ്യ പോലീസ് ഐ ജി എൻ. ചന്ദ്രശേഖരൻനായർ. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.
ഐക്യകേരളം എന്നറിയപ്പെടുന്ന കേരളത്തിലെ ജനകീയ പ്രസ്ഥാനം, കേരള സംസ്ഥാനം രൂപവത്കരിച്ചതിന് ഒരു ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്ക് ഊർജ്ജം പകർന്നു.
ഭാഷാടിസ്ഥാനത്തിലുളള കേരള രൂപീകരണം തന്നെ വിവാദത്തോടെയായിരുന്നു, അന്നേ തുടങ്ങിയ വിവാദങ്ങൾ ഇന്നും കേരളത്തോടൊപ്പമുണ്ട്. എങ്കിലും, ഇൻഡ്യയുടെ തെക്കേ അറ്റത്തുളള കൊച്ചു കേരളം ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. ഇതിന് കാരണമായത് ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടവും . 'വികസനത്തിന്റെ കേരള മാതൃക' എന്ന് പേരിട്ടതോടെ ഈ നേട്ടം കേരളത്തിന്റെ അഭിമാനമായി. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുളളവർ വികസനത്തിന്റെ കേരള മാതൃക പഠിക്കാൻ മലയാളദേശത്ത് എത്തി. എന്നാൽ, കേരളം പിറവിയെടുത്ത് ഇത്ര വർഷങ്ങൾ ആകുമ്പോൾ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളും കേരള മാതൃകയും എവിടെയെത്തി?
ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ അൽഭുതത്തോടെയാണ് മൂന്നാം ലോകരാജ്യങ്ങൾ പോലും കണ്ടിരുന്നത്. തികച്ചും ജനപങ്കാളിത്തത്തോടെ കൈവരിച്ച നേട്ടം, ആരോഗ്യരംഗത്ത് മരണ നിരക്ക് കുറക്കാനും ആയുസ് വർദ്ധിപ്പിക്കാനും കഴിഞ്ഞു. കുടുംബക്ഷേമ പ്രവർത്തനങ്ങൾക്കും കേരളം മാതൃകയായി. പ്രസവം ആശുപത്രികളിലായപ്പോൾ നവജാത ശിശുക്കളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെടാതായി. ‘ബേബി ഫ്രണ്ട്ലി’ ആശുപത്രികളായി മാറി കേരളത്തിലെ ആതുരാലയങ്ങൾ. ആയിരം പുരുഷൻമാർക്ക് 1052 സ്ത്രീകൾ എന്നത് കേരളത്തിലെ കണക്ക്.
ഉയർന്ന സാക്ഷരതയാണ് വിദ്യാഭ്യാസ രംഗത്ത് കേരളത്തെ മുന്നിലെത്തിച്ചത്. ഹൈസ്കൂളുകൾ ഇല്ലാത്ത പഞ്ചായത്തുകൾ കേരളത്തിലില്ല. വീടുകൾക്ക് മുന്നിൽ അങ്കണവാടികൾ, നടന്നു എത്താവുന്ന ദൂരത്തിൽ ലോവർ പ്രൈമറി സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയൊക്കെ വിദ്യാഭ്യാസ മേഖലക്ക് ശക്തി പകർന്നു. 90.86 ശതമാനമാണ് കേരളത്തിന്റെ സാക്ഷരത. പുരുഷൻമാരിൽ 94.24 ശതമാനവും സ്ത്രീകളിൽ 87.72 ശതമാനവും സാക്ഷരരാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയാണ് മലയാളികളെ വിദേശങ്ങളിലടക്കം എത്തിച്ചത്. കേരള വരുമാനത്തിന്റെ 13 ശതമാനവും വിദേശ മലയാളികളുടേതാണെന്ന് കണക്കാക്കുന്നു.
കേരള ഭൂപരിഷ്കരണ നിയമവും പൊതുവിതരണ സമ്പ്രദായവും മാതൃകയായി. എന്നാൽ, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലടക്കം കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി, കൈവരിച്ച നേട്ടങ്ങളെ പിന്നോട്ടടിക്കുന്നതാണ്. സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വ്യവസായ മേഖലയായി ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാറി. തുടച്ച് നീക്കപ്പെട്ടുവെന്ന് മലയാളികൾ അഭിമാനം കൊണ്ട് പകർച്ചവ്യാധികൾ മറ്റൊരു രൂപത്തിൽ തിരിച്ചു വന്നു. പകർച്ചവ്യാധികൾക്കുളള മരുന്നുകളുടെ പരീക്ഷണശാലയായി കേരളം മാറിയെന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയുണ്ടാകില്ല. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികൾ പരിശോധിച്ചാൽ തന്നെ ഇത് വ്യക്തം. എന്തൊക്കെ പുതിയ രോഗങ്ങളാണു കേരളത്തിൽ.
പണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുകയെന്നത് സേവനത്തിന്റെ ഭാഗമായിരുന്നു. പിന്നീട്, അധ്യാപക നിയമനങ്ങളിലൂടെ മാനേജർമാർ മുതലാളിമാരായി മാറി. പിന്നീട് അൺ എയ്ഡഡ് സ്ഥാപനങ്ങൾ വന്നതോടെ വിദ്യാഭ്യാസം വിലകൊടുത്ത് വാങ്ങേണ്ട ഉൽപന്നമായി മാറി. വിദ്യാർത്ഥികൾ ഉപഭോക്താക്കളും. വർത്തമാനകാലത്ത് വിദ്യാഭ്യാസമെന്നത് പൂർണമായും സേവനമേഖലക്ക് പുറത്തായി. ഇപ്പോൾ വിദ്യാഭ്യാസത്തെയും വ്യവസായങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ ലാഭ-നഷ്ടകണക്കുകളാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.
പ്രൊഫണൽ വിദ്യാഭ്യാസ പ്രവേശനത്തിന് പ്രവേശന പരീക്ഷ ഏർപ്പെടുത്തിയതോടെ, ഗ്രാമീണ മേഖലയും പാവപ്പെട്ടവരും പുറത്തായി. പണ്ട്, ഉയർന്ന മാർക്ക് തേടുന്നവർക്ക് മെറിറ്റിൽ പ്രവേശനം ലഭിക്കുമായിരുന്നുവെങ്കിലും പ്രവേശന പരീക്ഷ വന്നതോടെ, പ്രത്യേക കോച്ചിംഗ് സെന്ററിൽ പഠിക്കേണ്ടി വന്നു. പണച്ചെലവുളള ഒന്നായി മാറി നഗരങ്ങളിലെ കോച്ചിംഗ് സെന്റർ പഠനം. ഇപ്പോൾ എൽ.കെ.ജി. തുടങ്ങി ഏതെങ്കിലും തരത്തിലുളള പ്രവേശന പരീക്ഷയെഴുതണം. തലവരിയും ഉയർന്ന വീതവും നൽകിയാലെ ഗുണനിലവാരമുളള വിദ്യാഭ്യാസം ലഭിക്കുകയുളളൂ. ഇതൊക്കെ മാനേജ്മെന്റുകളുടെ മാത്രം “നേട്ടമാണെന്നു” കരുതിയാൽ തെറ്റി. ഹോട്ടലുകൾക്ക് എന്ന പോലെ കോളജുകൾക്ക് നക്ഷത്രപദവി ഏർപ്പെടുത്തിയതും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഐ.എസ്.ഒ ഗുണനിലവാര സർട്ടിഫിക്കറ്റ് നൽകുന്നതും സർക്കാരാണ്. വിദ്യാഭ്യാസ വായ്പ നൽകാൻ ബാങ്കുകൾ മൽസരിക്കുകയും ചെയ്യുമ്പോൾ, ആലോചിക്കുക വിദ്യാഭ്യാസവും ഒരു പ്രൊഡക്ടായി മാറിയില്ലേ?
കേരളത്തിലെ ആശുപത്രികളിലൊക്കെ ഇപ്പോൾ തിരക്കാണ്. അതനുസരിച്ച് പഞ്ചനക്ഷത്ര സൗകര്യങ്ങളോട് കൂടി ആശുപത്രികൾ മുളക്കുന്നു. ആശുപത്രികളിൽ പോകുകയെന്നതും വിവിധതരം പരിശോധനകൾ നടത്തുകയും ചെയ്യുകയെന്നതും മലയാളികളുടെ ദിനചര്യയുടെ ഭാഗമായി (അതോ ഫാഷനോ?) മാറിയിട്ടുണ്ട്. ഗർഭപാത്രത്തിലായിരിക്കെ, ആദ്യമാസം മുതൽ തുടങ്ങുന്നു പരിശോധന. പത്തുവർഷത്തെ കണക്കെടുത്താൽ കേരളത്തിൽ ഏറ്റവും കുടുതലായി സ്ഥാപിക്കപ്പെട്ടത് ആശുപത്രികളായിരിക്കാം. (ഒന്നാം സ്ഥാനം ബാറിന്) ആശുപത്രികളുടെ പരസ്യങ്ങളുമായാണ് വർത്തമാന പത്രങ്ങൾ പുറത്തിറങ്ങുന്നത് തന്നെ.
ചികിൽസാ ചെലവുകൾക്കായി ബാങ്കുകളൊന്നും ഇതേവരെ വായ്പാ പദ്ധതികൾ ആവിഷ്കരിച്ചിട്ടില്ലെന്ന ആശ്വാസമുണ്ട്. എന്നാൽ, വിവിധതരം പദ്ധതികളുമായി ഇൻഷുറൻസ് കമ്പനികൾ രംഗത്തുണ്ട്. മരുന്ന് കമ്പനികളും ഡോക്ടർമാരും കൈകോർക്കുമ്പോൾ ആശ്വാസമേകുന്നത് ഇൻഷുറൻസ് കമ്പനികൾ.
എന്തുകൊണ്ടാണ് കേരളം ആശുപത്രികളുടെ നാടായി മാറുന്നത്. ഒരുപക്ഷേ, ഭക്ഷണക്രമവും ഒരു കാരണമാകാം. ‘പിസയും പെപ്സി’യുമാണ് പുതിയ തലമുറയുടെ ഇഷ്ടഭക്ഷണം. ഒരു സെൽഫോൺ കൂടിയായാൽ ജീവിതം അടിപൊളി. ഭക്ഷണ പദാർത്ഥങ്ങളിലെ വിഷപ്രയോഗം, മാലിന്യ പ്രശ്നം, പരിസര മലിനീകരണം തുടങ്ങി കാരണങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടാകില്ല.
പ്രവാസിപ്പണം കൊണ്ട് മാത്രം ഹുങ്ക് കാട്ടി ഇപ്പോൾ നിവർന്ന് നിൽക്കുന്ന നമുക്ക് അത് കൂടി ഇല്ലാതായാൽ പിന്നെ പറയുകയും വേണ്ട... ശമ്പളം കൊടുക്കാനായി മാത്രം കടമെടുത്ത് കടമെടുത്ത് കേരളം ഇന്ന് എപ്പോ വേണമെങ്കിലും ജപ്തി ചെയ്ത് പോവാവുന്ന ഒരു ജാമ്യ വസ്തു മാത്രമായി മാറി .
ജാതിയേയും ജാതിവ്യവസ്ഥയേയും ചോദ്യം ചെയ്തതാണ് കേരളത്തിന്റെ ചരിത്രം. അതുകൊണ്ട് തന്നെ മതസൗഹാർദ്ദത്തിന് ഉദാഹരണം ചൂണ്ടിക്കാട്ടാൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതും കേരളത്തെയാണ്. അയ്യങ്കാളിയും ശ്രീനാരായണഗുരുവും സഹോദരൻ അയ്യപ്പനും തുടങ്ങി മലയാളികൾക്ക് അഭിമാനത്തോടെ ഓർക്കാൻ പേരുകൾ ഏറെ. എന്നാൽ ഇന്നാകട്ടെ എല്ലാം ജാതി അടിസ്ഥാനത്തിലാണ്. രാഷ്ട്രീയകക്ഷികൾ, സ്ഥാപനങ്ങൾ പങ്കുവെക്കുന്നത്, സ്കൂളുകളും കോളജുകളും അനുവദിക്കുന്നത്, വൈസ്ചാൻസലർമാരെ നിശ്ചയിക്കുന്നത് തുടങ്ങി സർവ്വ മേഖലകളിലും ജാതിയും മതവും ഘടകങ്ങളായി മാറി. നിയമസഭയിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളിൽ പോലും വർഗീയത കണ്ടെത്താൻ ശ്രമിക്കുന്നു. ഒരുപക്ഷേ, സ്വാമി വിവേകാനന്ദൻ ഇതൊക്കെ അന്നേ കണ്ടിരിക്കാം. അതു കൊണ്ടായിരിക്കാം കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്.കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും നമുക്ക് ശുഭാപ്തി വിശ്വാസത്തോടെ ഇരിക്കാം...
ഉണങ്ങി വരണ്ടു പോയ നമ്മുടെ നെല്പ്പാടങ്ങളി’ല്, ഇനിയും പച്ചപ്പ് പൊതിയുന്ന ഒരു ദിവസത്തിനായി നമുക്ക് കാത്തിരിക്കാം. പ്രകൃതി കനിഞ്ഞരുളിയ കാലാവസ്ഥയില് നാം കൃഷി ചെയ്തുണ്ടാക്കുന്ന വിളകള് നമ്മെ പൂര്ണമായി ഊട്ടിക്കുന്ന ഒരു നല്ല നാളെ ഇവിടെ സംജാതമാകും എന്ന് പ്രത്യാശിക്കാം. കാലവര്ഷവും, തുലാവര്ഷവുമെല്ലാം ഇനിയും നമ്മുടെ കളപ്പുരകളെ ധാന്യ സമൃദ്ധമാക്കട്ടെ.... സംതൃപ്തിയിലും സന്തുഷ്ടിയിലും കഴിഞ്ഞ പഴയ ഉല്വങ്ങളെല്ലാo ഒരിക്കല്ക്കൂടി തിരിച്ചുവരട്ടെ... മാനുഷരെല്ലാവരും ഏകോദര സഹോദരങ്ങളാണെന്നുള്ള ബോധ്യം നമ്മുടെ മനസ്സിലുണ്ടാകട്ടെ.
_ഭാരതമെന്ന പേര് കേട്ടാലഭിമാനപൂരിതമാകണമന്തരംഗം,_
_കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്._
_കേരളപ്പിറവി ആശംസകൾ_

0 Comments