Ticker

6/recent/ticker-posts

വന്യജീവി ആക്രമണം: ഇലക്ഷൻ ഗുണ്ടുമായി സംസ്ഥാന സർക്കാർ

 

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേരളം തീരുമാനിച്ചു എന്ന വാർത്ത വന്നിരിക്കുന്നു. എന്നാൽ, ഈ തീരുമാനത്തിന് നിയമപരമായി എത്രത്തോളം സാധുതയുണ്ട് എന്ന് നാം പരിശോധിക്കേണ്ടതുണ്ട്.


ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ (Seventh Schedule) കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരങ്ങൾ വിഭജിച്ച് നൽകിയിട്ടുണ്ട്.


 അതിൽ മൂന്ന് ലിസ്റ്റുകളാണുള്ളത്:


 1. യൂണിയൻ ലിസ്റ്റ്


 (Union List): കേന്ദ്ര സർക്കാരിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങൾ.


 2. സ്റ്റേറ്റ് ലിസ്റ്റ് (State List):


സംസ്ഥാനങ്ങൾക്ക് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങൾ.


3. കൺകറന്റ് ലിസ്റ്റ് (Concurrent List): കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങൾ.


വന്യജീവി സംരക്ഷണം (Protection of Wild Animals) കൺകറന്റ് ലിസ്റ്റിൽ (ലിസ്റ്റ് III) ഉൾപ്പെടുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്താം. 


എന്നാൽ ഇവിടെ ഒരു പ്രധാന നിയമതത്വം ബാധകമാണ്.

ആർട്ടിക്കിൾ 254 - കേന്ദ്ര നിയമത്തിനാണ് മുൻഗണന

ഭരണഘടനയുടെ ആർട്ടിക്കിൾ 254 വ്യക്തമാക്കുന്നത്, കൺകറന്റ് ലിസ്റ്റിലെ ഒരു വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ നിയമപരമായ അഭിപ്രായവ്യത്യാസമുണ്ടായാൽ, കേന്ദ്ര നിയമത്തിനാണ് പ്രാബല്യം (supremacy) ലഭിക്കുക എന്നതാണ്.


വന്യജീവി സംരക്ഷണ നിയമം 1972 ഒരു കേന്ദ്ര നിയമമാണ്. ഈ നിയമം പാർലമെൻ്റ് പാസാക്കിയതാണ്. അതിനാൽ, ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായോ, അതിനെ ലംഘിച്ചുകൊണ്ടോ ഒരു നിയമം നിർമ്മിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല. അഥവാ അങ്ങനെ ഒരു നിയമം ഉണ്ടാക്കിയാൽ പോലും, അത് കേന്ദ്ര നിയമത്തിന് വിധേയമായിരിക്കും.


നിലവിൽ, മന്ത്രിസഭയുടെ തീരുമാനം ഈ നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുക എന്നതാണ്. എന്നാൽ, നിയമസഭ പാസാക്കിയാലും ഈ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം (Presidential Assent) ലഭിച്ചാൽ മാത്രമേ കേന്ദ്ര നിയമത്തിന് വിരുദ്ധമായി അത് കേരളത്തിൽ മാത്രമായി നിലനിൽക്കുകയുള്ളൂ.


കേന്ദ്രസർക്കാറിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ രാഷ്ട്രപതി സംസ്ഥാനങ്ങൾ അയക്കുന്ന ബില്ലിൽ ഒപ്പിടുകയുള്ളൂ എന്നത് പകൽപോലെ വ്യക്തമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളം മുൻപ് അയച്ച കത്തുകളിൽ എല്ലാം  കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത് നിലവിലുള്ള നിയമത്തിലെ നിയമത്തിൽ സെക്ഷൻ 11 A/ B ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാനാണ്. (സെക്ഷൻ 11. A പ്രകാരം വന്യജീവികളെ കൊല്ലാൻ ഉത്തരവിടാൻ പ്രായോഗികമായി ബുദ്ധിമുട്ടുണ്ട് എന്നാണ് കേരളം പറയുന്നത്. എന്നാൽ എന്തൊക്കെയാണ് ആ പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നോ ആ പ്രയോഗിക ബുദ്ധിമുട്ടുകൾ നീക്കി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളം കേന്ദ്രത്തിലേക്ക് കത്തയച്ചിട്ടുണ്ടോ എന്നും ഇതുവരെ കേരള സർക്കാർ വ്യക്തമാക്കിയിട്ടില്ല.)


അതുമല്ലെങ്കിൽ സെക്ഷൻ 11.2 (സെൽഫ് ഡിഫെൻസ്) എന്ന ഓപ്ഷൻ ഉപയോഗിച്ചും ഈ പ്രശ്നം പരിഹരിക്കാം. ഇതാണ് ഏറ്റവും പ്രായോഗികമായ പരിഹാര നിർദ്ദേശമായി കിഫ മുന്നോട്ടുവെക്കുന്നത് 


അതുമല്ലെങ്കിൽ ജില്ലാ കളക്ടർമാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരമുപയോഗിച്ച്  BNSS 152 F പ്രകാരം നടപടിയെടുക്കാം.


അതുമല്ലെങ്കിൽ ദുരന്തനിവാരണ നിയമവും ഉപയോഗിക്കാം.


ഇതൊക്കെ സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളാണ്, അതൊന്നും ചെയ്യാതെ നിയമപരമായി ചെയ്യാൻ സാധ്യമല്ലാത്ത കേന്ദ്ര നിയമഭേദഗതി സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ട്  സ്വയം വിഡ്ഢിയാകുന്ന രാഷ്ട്രീയ നാടകം കേരളത്തിലെ എൽഡിഎഫ് സർക്കാർ നിർത്തണം എന്നതാണ് ഈ വിഷയത്തിൽ കിഫയുടെ  നിലപാട്.  കേരളത്തിൽ വന്യജീവി ആക്രമണം ഉണ്ടാകുന്നത് ചില തൽപരകക്ഷികൾ വനത്തിനുള്ളിൽ അതിക്രമിച്ചു കയറി വന്യജീവികളെ ഇളക്കി പുറത്തേക്ക് വിടുന്നത് കൊണ്ടാണ് എന്ന അസംബന്ധം നിയമസഭയിൽ പ്രസംഗിച്ച വനംമന്ത്രി എ കെ ശശീന്ദ്രനും അതിനെ പിന്താങ്ങിയ LDF സർക്കാറിനും ഇതൊരു ഗുരുതരമായ പ്രശ്നമാണെന്നും അതിന്  നിയമങ്ങൾ മാറ്റി എഴുതേണ്ട ആവശ്യമുണ്ട് എന്ന് ബോധ്യമായതിൽ പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു. 


 തിരിച്ചറിവുകൾ നല്ലതാണ്, വൈകിയാണെങ്കിലും

കടപ്പാട്

ടീം കിഫ

https://www.facebook.com/groups/kifa.official/permalink/1480776933053628/

Post a Comment

0 Comments