Ticker

6/recent/ticker-posts

അമീബിക് മസ്തിഷ്‌ക ജ്വരം: അന്തരീക്ഷത്തിലും അമീബയുടെ സാന്നിധ്യം

**

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായ അമീബകളുടെ സാന്നിധ്യം അന്തരീക്ഷത്തിലും. വെള്ളത്തിലും ചെളിയിലും കാണപ്പെടുന്ന ‘നേഗ്ലറിയ ഫൗലേറി’ വിഭാഗത്തിനു പുറമെ, രോഗത്തിനു കാരണമാകുന്ന 'അക്കാന്ത അമീബ'യുടെ സാന്നിധ്യം അന്തരീക്ഷത്തിലും കണ്ടെത്തി. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച അമീബിക് മസ്‌തിഷ്കജ്വരത്തിൽ ഭൂരിഭാഗവും അക്കാന്ത അമീബ കാരണമാണ്.

അന്തരീക്ഷത്തിലുള്ള അമീബ, ജലകണങ്ങളുമായി ചേർന്ന് ശരീരത്തിലെത്തുന്നതാണ് രോഗകാരണമാകുന്നത്. കുളിക്കുമ്പോൾ ജലത്തിലൂടെ മൂക്കിൽ പ്രവേശിക്കുന്നതാണ് അപകടകരം.

രോഗം റിപ്പോർട്ടുചെയ്യാൻ തുടങ്ങിയ ആദ്യകാലങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലെ അമീബയാണ് രോഗകാരണമെന്നായിരുന്നു ആരോഗ്യവകുപ്പ് കണ്ടെത്തിയത്. വീടുകളിൽ കുളിച്ചവർക്കും നിലവിൽ രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നിവയും അമീബിക് മസ്തിഷ്കജ്വരമുണ്ടാക്കുന്നുണ്ട്.

സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്. ഇതുസംബന്ധിച്ച കണക്കുകൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 66 പേർക്കാണ്. ഈ മാസം രോഗം സ്ഥിരീകരിച്ച 19 രോഗികളിൽ ഏഴുപേരും മരിച്ചു. നിലവിൽ പതിനഞ്ചിലേറെ രോഗികളാണ് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സയിലുള്ളത്.

അന്തരീക്ഷത്തിലുള്ള അമീബ വെള്ളത്തിൽ കലർന്ന് മൂക്കിലൂടെ ശരീരത്തിലെത്തുന്നതാണ് രോഗത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ കെ.ജെ. റീന പറഞ്ഞു. രോഗകാരികളായ അമീബയുള്ള വായു ശ്വസിച്ചാൽ രോഗമുണ്ടാകുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. അന്തരീക്ഷത്തിലുള്ളവ നേരിട്ട് രോഗമുണ്ടാക്കാമെന്നത് സാധ്യത മാത്രമാണ്.

രോഗകാരണമായ അമീബകളെ പൈപ്പ് വെള്ളത്തിലും കാണപ്പെടുന്നുണ്ട്. ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളത്തിന്റെ ഉപയോഗം അപകടകരമാണ്.

Post a Comment

0 Comments