അമീബിക് മസ്തിഷ്കജ്വരം; ജാഗ്രത നിർദേശവുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തും
കൊടിയത്തൂർ: കോഴിക്കോട് മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത നിർദേശവുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.കുളങ്ങളിലും തോടുകളിലുമുൾപ്പെടെയുള്ള
ജലസ്രോതസ്സുകളിൽ
വിദ്യാർത്ഥികൾ ഇറങ്ങുന്നത് തടയുകയും അതിന് ബോധവൽക്കരണം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മുഴുവൻ സ്കൂളുകളിലും അവബോധ ക്ലാസ്സ് നടത്തുന്നതിനുള്ള പരിശീലനവും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിശീലന പരിപാടിയിൽ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സി.റിനിൽ, ഹരിതകേരളം മിഷൻ റിസോഴ്സ്പേഴ്സൺ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
ചെറുവാടി ആരോഗ്യ കേന്ദ്രം എ.എൽ. എസ്.പി സ്റ്റാഫ് നഴ്സുമാരായ നയന, നീതു തുടങ്ങിയവർ ക്ലാസ്സ് നയിച്ചു.
സ്വച്ഛതാ ഹിസേവാ - ശുചിത്വോത്സവ പ്രവർത്തനങ്ങളുടെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർക്കും ശുചിത്വ പരിപാലന ചുമതയുള്ള അധ്യാപകർക്കുമുള്ള പരിശീലന പരിപാടി പഞ്ചായത്ത് ഹാളിൽ നടന്നു.
സെപ്റ്റംബർ 17 മുതൽ നവംബർ 1 വരെ നടത്തുന്ന ശുചിത്വോത്സവം ക്യാമ്പയിൻ്റെ ഭാഗമായി പൊതു ഇടങ്ങളുടെ ജനകീയ ശുചീകരണം, മാലിന്യ കൂനകൾ നീക്കം ചെയ്യൽ, ബോധ വത്കരണ പ്രവർത്തനങ്ങൾ, സ്കൂളുകളിൽ ചിത്രരചന, ഹരിതകർമ സേനാ അംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പ്, യൂത്ത് ക്ലബ്ബുകൾ, റെസിഡൻ്റ്സ് അസോസിയേഷൻ, എൻ.എസ്.എസ് മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയെ പങ്കെടുപ്പിച്ച് വിവിധ ബോധവത്ക്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും.
ചിത്രം: അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന യോഗത്തിൽ ദിവ്യ ഷിബു സംസാരിക്കുന്നു

0 Comments