Ticker

6/recent/ticker-posts

വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ യു എസ് എ പിടികൂടി ബന്ദിയാക്കി* 📡

 *



വാഷിംഗ്ടണ്‍: വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മഡുറോയെയും ഭാര്യയെയും നിലവിൽ വെനിസ്വേലയിൽ നിന്നും വിമാനമാർഗ്ഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഈ സൈനിക നീക്കത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.


ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ പ്രത്യേക വാർത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ദീർഘകാലമായി നിലനിന്നിരുന്ന സംഘർഷങ്ങൾ ഇതോടെ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന വാർത്താ സമ്മേളനത്തിൽ അമേരിക്കയുടെ ഈ കടുത്ത നടപടിയുടെ കാരണങ്ങളും ഭാവി നീക്കങ്ങളും വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്.

📡


_________________________


*തൊണ്ടിമുതൽ കേസ്, മുൻ മന്ത്രി  ആന്റെണി രാജുവിന് മൂന്ന് വർഷത്തെ തടവ് ശിക്ഷ*


_________________________



തൊണ്ടിമുതൽ മാറ്റിയ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റെണി രാജുവിന് മൂന്ന് വർഷത്തെ തടവ് ശിക്ഷ. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. വ്യാജ രേഖ ചമയ്ക്കലിന് രണ്ട് വർഷം തടവും തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷവും ഗൂഢാലോചന കേസിൽ ആറ് മാസവും തടവാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച അനുഭവിച്ചാൽ മതിയെന്നും കോടതി വിധിച്ചു. കേസ് സിജിഎം കോടതി പരിഗണിക്കണമെന്നാവശ്യം തള്ളിക്കൊണ്ടാണ് കോടതി വിധി. 


വിധി വന്നതിന് പിന്നാലെ കോടതിയിൽ ജാമ്യാപേക്ഷ നൽകുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു എംഎൽഎ. ഒന്നാം പ്രതി കെഎസ് ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) ആണ് ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഗൂഢാലോചനയും തെളിവു നശിപ്പിക്കലും ഉൾപ്പെടെ ആറു വകുപ്പുകളിൽ പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഐപിസി 409, 34 എന്നീ വകുപ്പുകളാണ് പ്രധാനം.


കോടതി വിധി വന്നതോടെ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമാകുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനികൾക്ക് തങ്ങളുടെ പദവികൾ നഷ്ടമാകും. ഇതിനുപുറമേ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയും നേരിടും. 


1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ലഹരിമരുന്നുമായി പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നതാണ് കേസിന് ആസ്പദമായ സംഭവം. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 61 ഗ്രാം ഹാഷിഷ് ഓയിലുമായി ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദൂർ സർവലി ആണ് അന്ന് പിടിയിലായത്. ഈ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി പ്രതിയെ പത്ത് വർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. അന്ന് പ്രതിഭാഗം അഭിഭാഷകയായിരുന്ന സെലിൻ വിൽഫ്രഡിന്റെ ജൂനിയർ അഭിഭാഷകനായിരുന്നു ആന്റണി രാജു.


പ്രതി ജയിലിലായി നാല് മാസം പിന്നിട്ടപ്പോൾ പോൾ എന്ന പേരിൽ ഒരു ബന്ധു കോടതിയിലെത്തി കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. തുടർന്ന് കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ചു. ഇത് വെട്ടിത്തയ്ച്ച് ചെറുതാക്കി പ്രതിക്ക് പാകമാകാത്ത രീതിയിലാക്കി മാറ്റിയ ശേഷം തിരികെ വയ്ക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയ പ്രതി, തൊണ്ടിമുതലായ അടിവസ്ത്രം തന്റേതല്ലെന്ന വാദം ഉയർത്തി. ഇത് പ്രതിക്ക് പാകമാകില്ലെന്ന് ബോധ്യപ്പെട്ടതോടെ കോടതി ഇയാളെ വെറുതെവിട്ടു.


കുറ്റവിമുക്തനായ സർവലി ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് മറ്റൊരു കേസിൽ സർവലി പിടിയിലായതോടെയാണ് സത്യം പുറത്തുവന്നത്. കോടതി ജീവനക്കാരന് പണം നൽകി അടിവസ്ത്രം വെട്ടി ചെറുതാക്കിയാണ് താൻ രക്ഷപ്പെട്ടതെന്ന് ഇയാൾ സഹതടവുകാരനോട് വെളിപ്പെടുത്തി. ഈ വിവരം ഇന്റർപോൾ വഴി സിബിഐയെയും തുടർന്ന് കേരള പൊലീസിനെയും അറിയിക്കുകയായിരുന്നു. 1994ലാണ് വഞ്ചിയൂർ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.


2005ൽ ഉത്തരമേഖലാ ഐജിയായിരുന്ന ടിപി സെൻകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2006 ഫെബ്രുവരി 13ന് ജോസ് ഒന്നാംപ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമായി കുറ്റപത്രം നൽകി. കുറ്റപത്രം നൽകിയ ശേഷം 16 വർഷത്തോളം കേസ് വിചാരണയില്ലാതെ നീണ്ടുപോയി.


പ്രതികൾ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് ഇതിന് കാരണമെന്ന് 2022ൽ വാർത്തകൾ പുറത്തുവന്നതോടെയാണ് കേസിന് വീണ്ടും ജീവൻ വച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതി വരെ സമീപിച്ചിരുന്നെങ്കിലും ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.


തൊണ്ടി രജിസ്റ്ററിൽ ആന്റണി രാജു എഴുതി ഒപ്പിട്ട രേഖയാണ് കേസിലെ നിർണായക തെളിവായി മാറിയത്. ഫോറൻസിക് പരിശോധനയിൽ ഈ ഒപ്പ് ആന്റണി രാജുവിന്റേതാണെന്ന് തെളിഞ്ഞിരുന്നു. കൂടാതെ അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത നൂലുകളുടെ നിറവ്യത്യാസവും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. കേസിൽ ആകെയുണ്ടായിരുന്ന 29 സാക്ഷികളിൽ 19 പേരെ വിസ്തരിച്ചു. സാക്ഷിപട്ടികയിലുണ്ടായിരുന്ന എട്ടുപേരെ മരണവും രോഗവും മൂലവും രണ്ട് പേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.


*നിരപരാധിയെന്ന് ആന്റെണി രാജു*


തൊണ്ടിമുതൽ തിരിമറിക്കേസിൽ താൻ നിരപരാധിയാണെന്ന് ആന്റണി രാജു. രാഷ്ട്രീയ പ്രേരിതമായ കേസാണ് തനിക്കെതിരയുള്ളത്. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ആന്റണി രാജു പ്രതികരിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു


ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിൽ വേറെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാൽ 2005 ൽ പൊടുന്നനെ തനിക്കെതിരെ കേസ് വന്നു. തിരഞ്ഞെടുപ്പിന് മുൻപാണ് അന്ന് കേസ് വരുന്നത്. അതിൽ നിന്ന് തന്നെ കേസിന്റെ രാഷട്രീയം മനസിലാകുമെന്നും ആന്റണി രാജു പറഞ്ഞു.


_________________________

Post a Comment

0 Comments