*
തോട്ടുമുക്കം: കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ തോട്ടുമുക്കം - പുതിനയിടം - -വാലില്ലാപ്പുഴ റോഡ് തകർച്ചയിൽ ആയിട്ട് വർഷങ്ങളായി .
കഴിഞ്ഞ 10 വർഷമായി യാതൊരു അറ്റകുറ്റപ്പണികളും നടന്നിട്ടില്ല . തോട്ടുമുക്കം ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, ജിയുപിഎസ് തോട്ടുമുക്കം, സാന്തോം തോട്ടുമുക്കം , മദ്രസ, തുടങ്ങിയ സ്കൂളുകളിലേക്ക് നൂറുകണക്കിന് വിദ്യാർഥികൾ ദിവസവും നടന്നു പോകുന്ന ഈ റോഡ് കുണ്ടും കുഴിയുമായി, കാൽനടയാത്ര പോലും അസാധ്യമായ രൂപത്തിൽ വർഷങ്ങളായി കിടക്കുകയാണ്. ഇതിന് പരിഹാരം കാണുവാൻ കത്തോലിക്ക കോൺഗ്രസ് അധികാരികൾക്ക് പരാതി കൊടുത്തിരുന്നു. എങ്കിലും നാളിതുവരെ റോഡ് റിപ്പയർ ചെയ്യുകയോ യാത്രക്കാരുടെ പ്രശ്നം പരിഹരിക്കുകയോ ചെയ്തിട്ടില്ല . ഇതിൽ പ്രതിഷേധിച്ച് കൊണ്ട് പൊതുജന പങ്കാളിത്തത്തോടുകൂടി ഇരുപത്തിരണ്ടാം തീയതി തിങ്കളാഴ്ച (22/06/2026) കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ തോട്ടുമുക്കം വാലില്ലാപ്പുഴ റോഡ് ഉപരോധിക്കുകയാണ്.
അമിത ഭാരം കയറ്റിയ വാഹനങ്ങൾ ഈ റോഡിൽ നിയന്ത്രിക്കണമെന്നും ടിപ്പറുകൾ വിദ്യാർത്ഥികളുടെ സമയക്രമം നോക്കി മാത്രമേ ഓടിക്കാവു എന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെടുകയാണ്. ടിപ്പറുകളുടെ സമയം രാവിലെ എട്ടര മുതൽ 10 വരെയും വൈകുന്നേരം മൂന്നര മുതൽ അഞ്ചു വരെയും വിദ്യാർഥികൾ റോഡിലുള്ളതിനാൽ ഓടാൻ പാടുള്ളതല്ല. ഇത് ലംഘിക്കുന്ന വാഹനങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും കത്തോലിക്കാ കോൺഗ്രസ് ശ്രമിക്കുന്നതാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുകയാണ്.



0 Comments