Ticker

6/recent/ticker-posts

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും*




തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. യൂണിറ്റിന് ആറ് രൂപ നിരക്കിലാവും വൈദ്യുതി ലഭിക്കുക. 2028 മാര്‍ച്ച് മുതലാവും വൈദ്യുതി ലഭിച്ച് തുടങ്ങുക. 25 വര്‍ഷത്തേക്കാണ് കരാര്‍.


സംസ്ഥാനത്തെ വേനൽക്കാല രാത്രികളിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ഈ നീക്കം വഴി സാധിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.


അതേസമയം, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് അനുമതി നിഷേധിച്ചതിന് എതിരായ ഹർജി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും അതിനാൽ ഹർജി അടിയന്തരമായി കേൾക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കരാര്‍ റദ്ദാക്കലിലൂടെ കേരളത്തിന് വലിയ നഷ്ടമുണ്ടാകുന്നുവെന്ന് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടമെന്നാണ് കേരളം ചൂണ്ടിക്കാട്ടിയത്.


വൈദ്യുതി കരാറുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കുറഞ്ഞ വിലയിലുള്ള വൈദ്യുതി ലഭിക്കുന്നില്ലെന്നാണ് സംസ്ഥാനം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് വലിയ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടാക്കുന്നു. ഇതുവരെ സംസ്ഥാനത്തിന് ഉണ്ടായ നഷ്ടം 12,570 കോടി രൂപ ആണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


2024-25 ല്‍ മാത്രം സംസ്ഥാന സര്‍ക്കാരിൻ്റെ നഷ്ടം 748.20 കോടി ആണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ മര്‍സൂഖ് ബാഫഖി തങ്ങള്‍ ആണ് കേരളത്തിന്റെ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

_____________________________

Post a Comment

0 Comments