തോട്ടുമുക്കം : കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം - വാലില്ലാപ്പുഴ ജില്ലാ പഞ്ചായത്ത് റോഡിലെ പള്ളിത്താഴെയുള്ള കലുങ്ക് അപകടാവസ്ഥയിൽ. റോഡ് യാത്രാ യോഗ്യമല്ലാതായിട്ട് വർഷങ്ങളായി. ക്വാറി ഉല്പന്നങ്ങൾ കയറ്റിയ നൂറുകണക്കിന് ഹെവി വാഹനങ്ങൾ നിത്യവും ഈ റോഡിലൂടെ കടന്നു പോകുന്നത്, റോഡിന്റെയും കലുങ്കിന്റെയും തകർച്ചയ്ക്ക് കാരണമായി.
ഹെവി വാഹനങ്ങളുടെ ഗതാഗത നിലവാരത്തിൽ അല്ലായിരുന്നു 25 വർഷങ്ങൾക്കു മുമ്പ് ഈ റോഡ് ടാർ ചെയ്തത്.റോഡിലെ ടാറിംഗ് പൂർണമായും ഇളകി മാറി വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
മഴ പെയ്യുമ്പോൾ ഈ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനട യാത്രക്കാരും വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന ജില്ലാന്തര പാതയാണിത്.
കലുങ്കിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്ന് വീണ് കമ്പി വെളിയിലാണ്.സ്കൂൾ കുട്ടികളും നാട്ടുകാരും നിത്യവും യാത്ര ചെയ്യുന്ന റോഡും, കലുങ്കും അടിയന്തരമായി പുനർ നിർമ്മിക്കണമെന്നും, കലുങ്കിലൂടെയുള്ള ഭാരവാഹനങ്ങളുടെ യാത്ര -നിയന്ത്രണ ബോർഡ് സ്ഥാപിക്കണമെന്നും തോട്ടുമുക്കം - വാലില്ലാപ്പുഴ റോഡ് സംരക്ഷണ സമിതി പ്രവർത്തകർ അധികാരികൾക്ക് നിവേദനം നൽകി.
ഹെവി വാഹനങ്ങളുടെ ഇതു വഴിയുള്ള ഗതാഗതം നാട്ടുകാർ തടയുന്നുണ്ട്.
വാർത്ത തയ്യാറാക്കിയത് : തോമസ് മുണ്ടപ്ലാക്കൽ 9447633025
















0 Comments