Ticker

6/recent/ticker-posts

രണ്ടാഴ്ച മുമ്പ് കേടായ പമ്പ് സെറ്റ് നന്നാക്കാൻ നടപടിയില്ല; പമ്പ് ഹൗസിന് മുന്നിൽ ജനപ്രതിനിധികളുടെ പ്രതിഷേധം

 




കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കോട്ടമുഴി പമ്പ് ഹൗസിലെ 

രണ്ടാഴ്ച മുമ്പ് തകരാറിലായ പമ്പ് സെറ്റ് നന്നാക്കാൻ നടപടിയില്ലാതായതോടെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പമ്പ് ഹൗസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബുവിൻ്റെ നേതൃത്വത്തിലാണ് സമരം നടന്നത്. 

വാട്ടർ അതോറിറ്റിയുടേത് കനത്ത അനാസ്ഥയാണന്നും പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലങ്കിൽ വലിയ രീതിയിലുള്ള മറ്റ് സമരമുറകളിലേക്ക് കടക്കുമെന്നും ജനപ്രതിനിധികൾ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് തകരാറിലായ മറ്റൊരു പമ്പ് സെറ്റ് നന്നാക്കി വെച്ചിരുന്നങ്കിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ലന്ന് പ്രസിഡൻ്റ് ദിവ്യ ഷിബു പറഞ്ഞു. സമരത്തിന് പിന്തുണയുമായി യു.ഡി.എഫ്, വെൽഫെയർ പാർട്ടി നേതാക്കളും എത്തിയിരുന്നു. തുടർന്ന് കൊടുവള്ളി ജല അതോറിറ്റി അസിസ്റ്റൻ്റ് എഞ്ചിനീയർ പി.പി യാസറിന് മുന്നിലും ജനപ്രതിനിധികൾ പ്രതിഷേധവുമായെത്തി. പ്രശ്നത്തിന് പരിഹാരം കാണാതെ തിരിച്ച് പോവില്ലന്ന് നിലപാടെടുത്തതോടെ ശനിയാഴ്ചക്കകം (ഇന്ന്) പ്രശ്നത്തിന് പരിഹാരം കാണുമെന്നും വെള്ളം പമ്പിംഗ് തുടങ്ങുമെന്നും ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. കോട്ടമുഴി പമ്പ് ഹൗസിന് മുന്നിൽ നടന്ന  ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.  സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മാരായ ബാബു പൊലുകുന്നത്ത്, ആയിഷ ചേലപ്പുറത്ത്,മുൻ പ്രസിഡൻറ് വി. ഷംലൂലത്ത്, പഞ്ചായത്തംഗങ്ങളായ ടി.കെ.അബൂബക്കർ, യു.പി മമ്മദ്, എം.ടി റിയാസ്, കെ.ജി സീനത്ത്, ഫാത്തിമ നാസർ യു.ഡി.എഫ് നേതാക്കളായ കെ.ടി മൻസൂർ, മജീദ് പുതുക്കുടി, കെ.പി അബ്ദു റഹിമാൻ, റഫീഖ് കുറ്റിയോട്ട് തുടങ്ങിയവർ സംസാരിച്ചു. 

 കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ പെട്ട മാട്ടുമുറി, കുവപ്പാറ, താന്നിക്കൽ തൊടി, ഒൻപതാം വാർഡിൽപെട്ട പൊലുകുന്ന് നിവാസികൾ ഉൾപ്പെടെയുള്ളവരാണ് ദുരിതത്തിലായത്. മഴക്കാലത്ത് പോലും കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളാണിത്. അൻപതോളം കുടുംബങ്ങൾ താമസിക്കുന്ന മാട്ടുമുറിയിൽ ഒരു കിണർ പോലും ഇല്ല. നിലവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു വാർഡ് മെമ്പർ യു.പി മമ്മദ് എന്നിവരുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ എത്തിച്ചു നൽകുന്ന വെള്ളമാണ് അൽപ്പമെങ്കിലും ആശ്വാസമാവുന്നത്. അമീബിക് മസ്തിഷ്ക ജ്വരമുൾപ്പെടെയുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുളങ്ങളിലും തോടുകളിലും ഇറങ്ങരുതെന്ന് അധികൃതർ പറയുന്നുണ്ടങ്കിലും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി തൊട്ടടുത്ത തോട് മാത്രമാണ് ആശ്രയമെന്നാണ്

 നാട്ടുകാർ പറയുന്നത്. 

മോട്ടോർ പമ്പുകൾ പ്രവർത്തന രഹിതമായതും ,പഴയ മോട്ടോർ ആയതിനാൽ ശക്തി കുറഞ്ഞതുമാണ്   ജലവിതരണം മുടങ്ങാൻ കാരണമെന്നും ,  ഇടയ്ക്കിടെ തകരാറുകൾ ആവർത്തിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിസംഗതയാണെന്നും  നാട്ടുകാർക്ക് പരാതിയുണ്ട്.

ജല  അതോറിറ്റിയുടെ കീഴിൽ  മുപ്പതിലധികം വർഷങ്ങൾക്ക്  മുമ്പാണ്   ഇരുവഴിഞ്ഞി തീരത്ത് കോട്ടമുഴിയിൽ പമ്പ്ഹൗസ് സ്ഥാപിച്ചത്.  നേരത്തേ പഞ്ചായത്തിലെ ചില പ്രദേശത്ത്  മാത്രമായിരുന്ന കുടിവെള്ള വിതരണം,   തടായി കുന്നിൽ സംഭരണ ടാങ്ക് സ്ഥാപിച്ചതോടെ പഞ്ചായത്തിലെ എല്ലായിടത്തും  വിതരണം നടത്തി വരികയായിരുന്നു.

Post a Comment

0 Comments