Ticker

6/recent/ticker-posts

ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണം സമാപിച്ചു




പുല്ലൂരാംപാറ: താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ 2025 ജൂലൈ 17 -ന് ആരംഭിച്ച അഖണ്ഡ ജപമാല സമര്‍പ്പണം അനുഗ്രഹ ദായകമായ ശുശ്രൂഷകളോടെ പര്യവസാനിച്ചു. 101 ദിവസങ്ങള്‍ നീണ്ടുനിന്ന  അഖണ്ഡ ജപമാല സമര്‍പ്പണം ദൈവകൃപയുടെ ദിനരാത്രങ്ങളായിരുന്നു. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയും അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ രജത ജൂബിലിയും ഈ വര്‍ഷം തന്നെയാണെന്ന പ്രത്യേകതയും ഇത്തവണത്തെ അഖണ്ഡ ജപമാല സമര്‍പ്പണത്തിനുണ്ടായിരുന്നു. 


സമാപനത്തോടനുബന്ധിച്ച് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 'ഇടമുറിയാതെ ജപമാല 101 ദിവസങ്ങള്‍ 2424 മണിക്കൂ നീളുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ബഥാനിയായുടെ സുപ്രധാന ശുശ്രൂഷയാണ്. 25 വര്‍ഷം മുന്‍പ് ഫാ. കുര്യന്‍ പുരമഠം ആരംഭിച്ച അഖണ്ഡ ജപമാല സമര്‍പ്പണം ഇക്കാലത്തിനിടെ ഈ ദേശം മുഴുവന്‍ ആശ്വാസ ദായകമായി. വിശുദ്ധിയുടെ മാര്‍ഗ്ഗത്തില്‍ ചരിക്കേണ്ടവരാണ് നാമെല്ലാം. പരിശുദ്ധ മറിയമാണ് വിശുദ്ധിയുടെ മാതൃക. ദിവ്യകാരുണ്യ നാഥനെ ഉദരത്തില്‍ സംവഹിച്ചവളാണ് പരിശുദ്ധ അമ്മ. ആത്മീയ ജീവിതത്തിന്റെ രണ്ടു തൂണുകളാണ് വിശുദ്ധ കുര്‍ബ്ബാനയും ജപമാലയും ദിവ്യകാരുണ്യ സ്നേഹം നാം വളര്‍ത്തി ദിവ്യകാരുണ്യത്തിന്റെ മുന്‍പിലിരുന്ന് ജപമാല നാം ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ശീലം ആത്മീയ വളര്‍ച്ചയ്ക്ക് ആവശ്യമാണ്.' - വചന സന്ദേശത്തില്‍ ബിഷപ് പറഞ്ഞു. 


ഫാ. കുര്യന്‍ പുരമഠം, ഫാ. ഷെനീഷ് താന്നിക്കല്‍, ഫാ. കുര്യാക്കോസ് മുഖാലയില്‍, ഫാ. സിബി പൂവ്വത്തിങ്കല്‍ എംഎസ്ടി, ഫാ. നിധിന്‍ കരിന്തോളില്‍, ഫാ. അമല്‍ പന്തപ്ലാക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.  


താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, തിരുവമ്പാടി ഫൊറോന വികാരി ഫാ തോമസ് നാഗപറമ്പില്‍, മേരിക്കുന്ന് പിഎംഒസി ഡയറക്ടര്‍ ഫാ. റോയ് തേക്കുംകാട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വൈദികര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍സ്, സിസ്റ്റേഴ്സ്, ബ്രദേര്‍സ് എന്നിങ്ങനെ നാലായിരത്തോളം പേര്‍ സമാപന ദിവസത്തെ ശുശ്രൂഷകളില്‍ പങ്കെടുത്തു. 


ലോക സമാധാനം, കുടുംബ വിശുദ്ധീകരണം എന്നീ നിയോഗങ്ങളോടെയാണ് ഇത്തവണ അഖണ്ഡ ജപമാല സമര്‍പ്പിച്ചത്. സമാപന ദിനത്തില്‍ വിവിധ ഇടവകകളില്‍ നിന്നായി നിരവധി പേര്‍ പങ്കുചേര്‍ന്നു. സമാപന ശുശ്രൂഷകള്‍ക്ക് ബഥാനിയ ഡയറക്ടര്‍ ഫാ. റോണി പോള്‍ കാവില്‍, അസി. ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ വിലങ്ങുപാറ, ഫാ. ജോസ് പൂവന്നിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments