തോട്ടുമുക്കം: തോട്ടുമുക്കം സ്കൂളിൽ ഓപ്പൺ ജിം ഉയർന്നു.
പുസ്തകത്താളുകളിലെ അറിവിനൊപ്പം ഇനി തോട്ടുമുക്കം ജി.എം യു.പി സ്കൂളിലെ കുട്ടികൾക്ക് കളിച്ചിരികളുടെ ആരോഗ്യത്തുടിപ്പും. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ 2025:26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ അങ്കണത്തിൽ ഒരുക്കിയ അത്യാധുനിക ഓപ്പൺ ജിം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു.
പഠനത്തിനൊപ്പം കായിക ക്ഷമതയും മാനസിക ഉല്ലാസവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയ മുറ്റത്ത് ഈ പുതിയ വിപ്ലവത്തിന് തുടക്കമിട്ടത്. സ്കൂൾ പ്രവർത്തിസമയത്തിനുശേഷം നാട്ടുകാർക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് ജിമ്മിന്റെ ക്രമീകരണം. വിദ്യാലയങ്ങളെ കേവലം അക്ഷരശാലകൾ എന്നതിനപ്പുറം നാടിന്റെ ആരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പഞ്ചായത്ത് ഭരണസമിതി പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജടോം അദ്ധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി അഹമ്മദ് കുട്ടി, കസ്ന ഹമീദ്, ആയിഷ ചേലപ്പുറത്ത്,
ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ ധന്യ ബാബു രാജ് ,
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഒ അൻസു, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ദിവ്യ ഷിബു, പഞ്ചായത്ത് അ ഗങ്ങളായ കെ.വി. നിയാസ്, സുഹാസ് , സന്തോഷ് സെബാസ്റ്റ്യൻ, എച്ച് എം ഷെറിന, പിടിഎ പ്രസിഡണ്ട് വൈ പി അഷ്റഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


0 Comments