മുക്കം:
കാൽനടയാത്ര പോലും അസാധ്യമായി മാറിയ തോട്ടുമുക്കം-പുതിയനിടം റോഡിന്റെ ശോചനീയാവസ്ഥക്ക് താൽക്കാലിക പരിഹാരമൊരുക്കി കോൺഗ്രസ് പ്രവർത്തകർ.
കഴിഞ്ഞ പത്ത് വർഷമായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്ത റോഡിലൂടെയുള്ള യാത്ര ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങിയത്. റോഡിലെ കുഴികളിൽ ജി എസ് പി ഉപയോഗിച്ച് കുഴിയടച്ച് റോഡിലെ ടാർ പൊളിച്ച വെയിസ്റ്റ് ഉപയോഗിച്ച്അമർത്തി ഗതാഗത യോഗ്യമാക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡിൽ
തോട്ടുമുക്കം മുതൽ പുതിയനിടം വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗമാണ് പൂർണ്ണമായും തകർന്ന് തരിപ്പണമായി കിടന്നിരുന്നത്.
ഒരു കിലോമീറ്റർ പരിധിയിൽ മാത്രം 100 ലധികം വൻ കുഴികളാണ് ഉണ്ടായിരുന്നത്. പലതും വലിയ കുളങ്ങൾക്ക് സമാനമായ അവസ്ഥയിലായിരുന്നു.
വാഹനങ്ങൾ പോകുമ്പോൾ അടിഭാഗം തട്ടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവായിരുന്നു.
സ്കൂൾ കുട്ടികൾ, നൂറുകണക്കിന് യാത്രക്കാർ,ബസ്സുകൾ, ടിപ്പർ ലോറികൾ എന്നിവയൊക്കെ കടന്നുപോകുന്ന പ്രധാന പാതയാണിത്. കുഴികളിൽ വീണ് വാഹനങ്ങളുടെ അടിത്തട്ടുന്നതും, ബൈക്ക് യാത്രക്കാർ മറിഞ്ഞുവീണ് പരിക്കേൽക്കുന്നതും ഇവിടെ നിത്യസംഭവമായി മാറിയിരുന്നു.
മുൻപ് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ അധികൃതർ ക്വാറി വേസ്റ്റ് (പാറപ്പൊടി) ഇട്ട് കുഴികൾ താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ മഴ പെയ്യുന്നതോടെ ഈ മണ്ണ് ഒലിച്ചുപോയി റോഡ് വീണ്ടും പഴയപടിയിലാകും.മാത്രമല്ല രൂക്ഷമായ പൊടിശല്യവും പ്രദേശവാസികൾക്ക് ദുരിതമായിരുന്നു. പലർക്കും ശ്വാസ സംബന്ധമായ അസുഖങ്ങൾക്കും കാരണമായിരുന്നു.
അത് കൊണ്ട് ഇത്തരം പ്രവൃത്തിയും അംഗീകരിക്കില്ലന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങിയത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജടോം,ജില്ലാ പഞ്ചായത്ത് മെമ്പർ മിസബ് കീഴരിയൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ ബാബുരാജ്, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ദിവ്യ ഷിബു, ഷാഫി വേലിപുറവൻ, റോജൻ കള്ള്കാട്ടിൽ, പഞ്ചായത്ത്
മെമ്പർമാർ ആയിട്ടുള്ള സന്തോഷ് സെബാസ്റ്റ്യൻ, സുഹാസ്, ഫാദർ ബെന്നി കാരക്കാട്ട്, ഷാജു പനക്കൽ, ജിയോ വെട്ടുകാട്ടിൽ, വിനോദ് ചെങ്ങളം തകിടി, ഉമ്മർ, അബ്ദുൽ ഗഫൂർ, മുനീർ, വൈപി അഷ്റഫ്, ഷറഫുദ്ധിൻ, അനീസ് എന്നിവർ സ്ഥലം സന്ദർശിച്ചു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

0 Comments