Ticker

6/recent/ticker-posts

ബസ് യാത്രക്കാരുടെ ഇരിപ്പിടത്തിലേക്ക് പാഞ്ഞുകയറി അപകടം

 

*യാത്രക്കാരുടെ ജീവന് ഭീഷണി,*


*ബസ് യാത്രക്കാരുടെ ഇരിപ്പിടത്തിലേക്ക് പാഞ്ഞുകയറി അപകടം*.

*_തിരുവമ്പാടി_* : തിരുവമ്പാടി ബസ് സ്റ്റാൻഡിൽ ബസുകളുടെ നിയന്ത്രണമില്ലാത്ത സഞ്ചാരവും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങളാണ് സ്റ്റാൻഡിലുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച നിയന്ത്രണംവിട്ട സ്വകാര്യ ബസ് യാത്രക്കാർ ഇരിക്കുന്ന ഇരിപ്പിടത്തിലേക്ക് പാഞ്ഞുകയറിയതാണ് ഒടുവിലത്തെ സംഭവം.

ബസ് കാത്തിരിക്കുകയായിരുന്ന രണ്ട് സ്ത്രീകൾ ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണു. വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമാണ്. ബസ് ഇടിച്ചുകയറിയതിനെത്തുടർന്ന് ഇരിപ്പിടം ഭാഗികമായി തകർന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കെ.എസ്. ആർ.ടി.സി. ബസിന്റെ മുൻചക്രം കയറി പ്ലസ് ടു വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

അന്നുതന്നെ നടന്നുപോവുകയായിരുന്ന മറ്റൊരു സ്ത്രീയെയും സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. ഈ സംഭവങ്ങൾക്കു പിന്നാലെയാണ് തിങ്കളാഴ്ച വീണ്ടും അപകടമുണ്ടായത്. സുരക്ഷാ സംവിധാനങ്ങളില്ല ബസുകൾ പാർക്ക് ചെയ്യുകയും യാത്രക്കാർ കാത്തുനിൽക്കുകയും ചെയ്യുന്ന സ്റ്റാൻഡിൽ സുരക്ഷാ ഭിത്തികളോ കോൺക്രീറ്റ് തൂണുകളോ സംരക്ഷണവേലികളോ ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു.

ഇരിപ്പിടങ്ങൾക്ക് സമീപം സുരക്ഷാവേലി പോലുമില്ല. കടകളോട് ചേർന്ന് ചെറിയ പടികൾ മാത്രമുള്ളതും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ബസുകളുടെ നിയന്ത്രണം നേരിയ തോതിൽ നഷ്ടപ്പെട്ടാൽപ്പോലും കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്ങും തലവേദന, ബസുകൾക്ക് മാത്രം പ്രവേശനം അനുവദിച്ചിട്ടുള്ള സ്റ്റാൻഡിൽ കാറുകളും ബൈക്കുകളും വാനുകളുമടക്കമുള്ള സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവായിട്ടുണ്ട്. ഇത് നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർക്കോ പോലീസിനോ കഴിയുന്നില്ലെന്നാണ് ആക്ഷേപം.

സ്വകാര്യ ബസുകൾ 15 മിനിറ്റിലധികം സ്റ്റാൻഡിൽ പാർക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ് ബോർഡുണ്ടെങ്കിലും നിർദേശം പാലിക്കപ്പെടുന്നില്ലെന്നും പരാതിയുണ്ട്. ഇതേച്ചൊല്ലി ബസ് ജീവനക്കാർ തമ്മിലുള്ള വാക്കേറ്റങ്ങളും പതിവാണ്.

തുടർച്ചയായുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ സ്റ്റാൻഡിലെ ഗതാഗതക്രമീകരണം കാര്യക്ഷമമാക്കണമെന്നും സുരക്ഷാഭിത്തികളും സംരക്ഷണവേലികളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.

യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന നിലവിലെ സാഹചര്യം പരിഹരിക്കാൻ പഞ്ചായത്ത് അധികൃതരും പോലീസും അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.

Post a Comment

0 Comments