**
04-01-2026
SIR കരട് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നത് ഒരു മെസ്സേജ് മാത്രം അയച്ച് അറിയാൻ കഴിയും.
*ഇതിനായി ചെയ്യേണ്ടത്:*
1. മൊബൈൽ ഫോണിലെ മെസേജ് അയക്കുന്നത് തുറക്കുക.
2. To സെന്റ് എന്ന ഭാഗത്ത് 1950 എന്ന് ടൈപ്പ് ചെയ്യുക.
3. അതിനുശേഷം ചാറ്റ് എന്ന ഭാഗത്ത് ECI എന്ന് ഇംഗ്ലിഷ് വലിയ അക്ഷരത്തിൽ ടൈപ്പ് ചെയ്യുക, തുടർന്ന് ഒരു സ്പേസ് ഇട്ടതിനു ശേഷം വോട്ടേഴ്സ് ഐഡി കാർഡ് നമ്പർ 'ടൈപ്പ് ചെയ്ത് (ഉദാ. ECI ZMG098765542) മെസേജ് അയ യ്ക്കുക.
ഉടൻ തന്നെ അനുമതി ചോദിക്കും. allow എന്നതിൽ ക്ലിക്ക് ചെയ്യുക. അൽപ നിമിഷ ങ്ങൾക്കകം മറുപടി എസ്.എം.എസ് ലഭിക്കും.
ഇതിൽ കരട് പട്ടികയിൽ രേഖപ്പെടുത്തിയ പേര്, ക്രമനമ്പർ, പാർട്ട് നമ്പർ, അസംബ്ലി മണ്ഡലം, ജില്ല എന്നിവ അടങ്ങിയിരിക്കും.
അതേസമയം, മറുപടി മെസേജിൽ നോട്ട് ഫൗണ്ട്, എറർ എന്നൊക്കെയാണ് വരുന്നതെങ്കിൽ പുതിയ കരട് പട്ടികയിൽ പേര് ഇല്ല എന്ന് മനസ്സിലാക്കാം.
പേര് ഇല്ലാത്തവർ പേര് ഉൾപെടുത്താൻ
ബി എൽഒയെ സമീപിക്കണം.
▪️
▪️▪️▪️▪️▪▪▪▪️▪️
💫💫💫💫💫💫💫💫
*🅾➖🅾➖🅾➖🅾➖🅾️
_*പ്രധാന വാർത്തകൾ*_
_*2026 ജനുവരി 04*_
_*1201 ധനു 20*_
_*1447 റജബ് 14*_
_*ഞായർ*_
🅾➖🅾➖🅾➖🅾➖🅾
*🌴 കേരളീയം 🌴*
------------------>>>>>
🅾️ തൃശൂർ നഗരത്തിൽ വൻ തീപിടിത്തം. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിംങ് ഗ്രൗണ്ടിലാണ് അഗ്നിബാധ ഉണ്ടായത്. അപകടത്തിൽ ആളപായങ്ങളോ മറ്റു പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ 6.45 ഓടെ രണ്ടാം പ്ലാറ്റ് ഫോമിനോട് ചേർന്നുള്ള പാർക്കിംങ്ങിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചെന്നാണ് പ്രാഥമിക നിഗമനം. തീ ഇപ്പോഴും പൂർണമായി അണയ്ക്കാനായിട്ടില്ല.
അറുനൂറിലേറെ ബൈക്കുകളാണ് രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള സ്ഥലത്ത് പാർക്ക് ചെയ്തിരുന്നത്.ആദ്യം ഒരു ഇലക്ട്രിക് ബൈക്കിനാണ് തീ പിടിച്ചതെന്നും ഇവിടെ നിന്നാണ് അഗ്നിബാധ പടർന്നതെന്നുമാണ് പ്രാഥമിക നിഗമനം.സമീപത്തുള്ള മരത്തിലേക്കും തീ ആളിപടർന്നിട്ടുണ്ട്.
റെയിൽവേയുടെ യാർഡിൽ അറ്റകുറ്റപണികൾക്കായി നിർത്തിയിട്ടിരുന്ന എൻജിനു ഭാഗികമായി തീപിടിത്തം ഉണ്ടായി. റെയിൽവേയുടെ പിറകുവശത്തെ റിസർവേഷൻ കൌണ്ടറിലും നാശനാഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കമ്പ്യൂട്ടർ ഉപകരണങ്ങൾ കത്തി നശിച്ചു. നിലവിൽ തീ പൂർണ്ണമായും അണച്ചിട്ടുള്ളതാണ്.
അഗ്നിശമന സേനയും പോലീസും ചേർന്നുള്ള ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ പൂർണാമായും അണയ്ക്കാനായത്. ജീല്ലയിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമുള്ള കൂടുതൽ ഫയർ യൂണിറ്റുകളെ സ്ഥലത്തെത്തിച്ചിരുന്നു.അഗ്നിബാധയിൽ ബൈക്കുകളുടെ ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചത് അപകടത്തിൻറ വ്യാപ്തി വർധിപ്പിച്ചു. അഗ്നിബാധയുടെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. റെയിൽവേയും സ്ഥലത്ത് പരിശോധനകൾ നടത്തും. മന്ത്രി കെ രാജൻ അടക്കമുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ജില്ലാ കളക്ടറോട് സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അഗ്നിബാധയുടെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. റെയിൽവേയും സ്ഥലത്ത് പരിശോധനകൾ നടത്തും. മന്ത്രി കെ രാജൻ അടക്കമുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അഞ്ഞൂറില്‍ അധികം ബൈക്കുകള്‍ എല്ലാ ദിവസവും നിര്‍ത്തിയിടുന്ന ചെയ്യപ്പെടുന്ന പാര്‍ക്കിങ് കേന്ദ്രമാണിത്. ബൈക്കുകളിലെ ഇന്ധനം വലിയ തോതില്‍ തീപടരാന്‍ കാരണമായി. അവധി ദിനമായതിനാൽ റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറവായിരുന്നത് ദുരന്തത്തിൻറ വ്യാപ്തി കുറച്ചു. അതേസമയം, റെയിൽവേ ഗതാഗതത്തിനു തടസ്സങ്ങൾ ഒന്നും തന്നെ ഇല്ല.
🅾️ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നിര്‍ബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സര്‍ക്കാര്‍ ഇതിനെതിരെ റിവ്യൂ ഹര്‍ജി നൽകുമെന്നും സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും മന്ത്രി പറഞ്ഞു.
🅾️ തൊണ്ടിമുതൽ മാറ്റിയ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റെണി രാജുവിന് മൂന്ന് വർഷത്തെ തടവ് ശിക്ഷ. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. വ്യാജ രേഖ ചമയ്ക്കലിന് രണ്ട് വർഷം തടവും തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷവും ഗൂഢാലോചന കേസിൽ ആറ് മാസവും തടവാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച അനുഭവിച്ചാൽ മതിയെന്നും കോടതി വിധിച്ചു. കേസ് സിജിഎം കോടതി പരിഗണിക്കണമെന്നാവശ്യം തള്ളിക്കൊണ്ടാണ് കോടതി വിധി.
വിധി വന്നതിന് പിന്നാലെ കോടതിയിൽ ജാമ്യാപേക്ഷ നൽകുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു എംഎൽഎ. ഒന്നാം പ്രതി കെഎസ് ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) ആണ് ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഗൂഢാലോചനയും തെളിവു നശിപ്പിക്കലും ഉൾപ്പെടെ ആറു വകുപ്പുകളിൽ പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഐപിസി 409, 34 എന്നീ വകുപ്പുകളാണ് പ്രധാനം.
കോടതി വിധി വന്നതോടെ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമാകുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനികൾക്ക് തങ്ങളുടെ പദവികൾ നഷ്ടമാകും. ഇതിനുപുറമേ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയും നേരിടും.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ലഹരിമരുന്നുമായി പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നതാണ് കേസിന് ആസ്പദമായ സംഭവം. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 61 ഗ്രാം ഹാഷിഷ് ഓയിലുമായി ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദൂർ സർവലി ആണ് അന്ന് പിടിയിലായത്. ഈ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി പ്രതിയെ പത്ത് വർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. അന്ന് പ്രതിഭാഗം അഭിഭാഷകയായിരുന്ന സെലിൻ വിൽഫ്രഡിന്റെ ജൂനിയർ അഭിഭാഷകനായിരുന്നു ആന്റണി രാജു.
പ്രതി ജയിലിലായി നാല് മാസം പിന്നിട്ടപ്പോൾ പോൾ എന്ന പേരിൽ ഒരു ബന്ധു കോടതിയിലെത്തി കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. തുടർന്ന് കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ചു. ഇത് വെട്ടിത്തയ്ച്ച് ചെറുതാക്കി പ്രതിക്ക് പാകമാകാത്ത രീതിയിലാക്കി മാറ്റിയ ശേഷം തിരികെ വയ്ക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയ പ്രതി, തൊണ്ടിമുതലായ അടിവസ്ത്രം തന്റേതല്ലെന്ന വാദം ഉയർത്തി. ഇത് പ്രതിക്ക് പാകമാകില്ലെന്ന് ബോധ്യപ്പെട്ടതോടെ കോടതി ഇയാളെ വെറുതെവിട്ടു.
കുറ്റവിമുക്തനായ സർവലി ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് മറ്റൊരു കേസിൽ സർവലി പിടിയിലായതോടെയാണ് സത്യം പുറത്തുവന്നത്. കോടതി ജീവനക്കാരന് പണം നൽകി അടിവസ്ത്രം വെട്ടി ചെറുതാക്കിയാണ് താൻ രക്ഷപ്പെട്ടതെന്ന് ഇയാൾ സഹതടവുകാരനോട് വെളിപ്പെടുത്തി. ഈ വിവരം ഇന്റർപോൾ വഴി സിബിഐയെയും തുടർന്ന് കേരള പൊലീസിനെയും അറിയിക്കുകയായിരുന്നു. 1994ലാണ് വഞ്ചിയൂർ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.
2005ൽ ഉത്തരമേഖലാ ഐജിയായിരുന്ന ടിപി സെൻകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2006 ഫെബ്രുവരി 13ന് ജോസ് ഒന്നാംപ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമായി കുറ്റപത്രം നൽകി. കുറ്റപത്രം നൽകിയ ശേഷം 16 വർഷത്തോളം കേസ് വിചാരണയില്ലാതെ നീണ്ടുപോയി.
പ്രതികൾ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് ഇതിന് കാരണമെന്ന് 2022ൽ വാർത്തകൾ പുറത്തുവന്നതോടെയാണ് കേസിന് വീണ്ടും ജീവൻ വച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതി വരെ സമീപിച്ചിരുന്നെങ്കിലും ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.
തൊണ്ടി രജിസ്റ്ററിൽ ആന്റണി രാജു എഴുതി ഒപ്പിട്ട രേഖയാണ് കേസിലെ നിർണായക തെളിവായി മാറിയത്. ഫോറൻസിക് പരിശോധനയിൽ ഈ ഒപ്പ് ആന്റണി രാജുവിന്റേതാണെന്ന് തെളിഞ്ഞിരുന്നു. കൂടാതെ അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത നൂലുകളുടെ നിറവ്യത്യാസവും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. കേസിൽ ആകെയുണ്ടായിരുന്ന 29 സാക്ഷികളിൽ 19 പേരെ വിസ്തരിച്ചു. സാക്ഷിപട്ടികയിലുണ്ടായിരുന്ന എട്ടുപേരെ മരണവും രോഗവും മൂലവും രണ്ട് പേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
🅾️ തൊണ്ടിമുതൽ തിരിമറിക്കേസിൽ താൻ നിരപരാധിയാണെന്ന് ആന്റണി രാജു. രാഷ്ട്രീയ പ്രേരിതമായ കേസാണ് തനിക്കെതിരയുള്ളത്. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ആന്റണി രാജു പ്രതികരിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു
ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിൽ വേറെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാൽ 2005 ൽ പൊടുന്നനെ തനിക്കെതിരെ കേസ് വന്നു. തിരഞ്ഞെടുപ്പിന് മുൻപാണ് അന്ന് കേസ് വരുന്നത്. അതിൽ നിന്ന് തന്നെ കേസിന്റെ രാഷട്രീയം മനസിലാകുമെന്നും ആന്റണി രാജു പറഞ്ഞു.
🅾️ തൊണ്ടിമുതല്‍ തിരിമറി കേസില്‍ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചതിനെത്തുടർന്ന് ആന്റണി രാജു എം.എല്‍.എ സ്ഥാനം ഇന്ന് രാജിവച്ചേക്കും.നിയമസഭാ സെക്രട്ടറി അയോഗ്യതാ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സ്വയം ഒഴിയാനാണ് നീക്കം. മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം അദ്ദേഹം എം.എല്‍.എ സ്ഥാനത്ത് തുടരാൻ അർഹനല്ല. സർക്കാരിനും ആന്റണി രാജുവിനും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അയോഗ്യനാക്കപ്പെടും മുമ്പുള്ള ഈ നീക്കം.
കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി ഔദ്യോഗികമായി അയോഗ്യനാക്കുന്നതോടെയാണ് അംഗത്വം റദ്ദാകുക. ഇത് ഒഴിവാക്കാനാണ് സ്വയം രാജി വയ്ക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ തന്നെ അദ്ദേഹം സ്പീക്കറെ നേരില്‍ കണ്ട് രാജിക്കത്ത് നല്‍കാനാണ് സാദ്ധ്യത. നേരിട്ട് കാണാൻ സാധിച്ചില്ലെങ്കില്‍ ഇമെയില്‍ വഴി രാജിക്കത്ത് കൈമാറും.
ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കിയ തിരുവനന്തപുരം സീറ്റ് സി.പി.എം തിരിച്ചെടുത്തേക്കും. വിവിധ കുറ്റങ്ങള്‍ക്ക് മൊത്തം ആറര വർഷത്തെ തടവാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് റൂബി ഇസ്മയില്‍ വിധിച്ചത്. ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന വ്യവസ്ഥയിലാണ് മൂന്നുവർഷത്തെ തടവായി ചുരുങ്ങിയത്.
ശിക്ഷാകാലയളവ് മൂന്നുവർഷമായതിനാല്‍ ഒരു മാസത്തെ ജാമ്യം ലഭിച്ചു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശമാണിത്. ഒന്നാം പ്രതിയായ തിരുവനന്തപുരം സെഷൻസ് കോടതിയിലെ ക്ലാർക്കായിരുന്ന കെ.എ.ജോസിനും കുറ്റകൃത്യത്തില്‍ തുല്യപങ്കാളിത്തം കണ്ടെത്തിയ കോടതി സമാനശിക്ഷ വിധിച്ചു.
🅾️ സൗദി അറേബ്യയിലെ മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌ന (40), മകൻ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് (73) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ജിദ്ദ-മദീന റോഡിലെ വാദി ഫറഹ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ജി.എം.സി വാഹനം തീറ്റപ്പുല്ല് കയറ്റി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മക്കയില്‍ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശിക്കാനായി പുറപ്പെട്ടതായിരുന്നു കുടുംബം. ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീലിന്റെ അടുക്കലേക്ക് സന്ദർശക വിസയില്‍ എത്തിയതായിരുന്നു ഭാര്യയും മക്കളും. മാതാവ് മൈമൂനത്ത് ഉംറ വിസയിലാണ് സൗദിയിലെത്തിയത്.
അപകടത്തില്‍പ്പെട്ട ജലീലിന്റെ മറ്റ് മൂന്ന് മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ഇവർ മദീനയിലെ കിംഗ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരണപ്പെട്ടവരുടെ നിയമനടപടികള്‍ പൂർത്തിയാക്കാൻ മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീല്‍, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ രംഗത്തുണ്ട്.
🅾️ സ്‌ത്രീസുരക്ഷാ പെൻഷന് അപേക്ഷാഫീസ് നിശ്ചയിച്ച് സംസ്ഥാന സർക്കാർ. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കുന്നതിന്റെ നിരക്ക് 40 രൂപയായി നിശ്ചയിച്ച് ഉത്തരവിറക്കി.പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷൻ, അനുബന്ധസേവനങ്ങള്‍ എന്നിവയെല്ലാം ചേർത്താണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുപുറമെ രേഖകളുടെ സ്‌കാനിംഗ്, പ്രിന്റിംഗ് എന്നിവയ്‌ക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള നിരക്കുകളാകും ഈടാക്കുന്നത്.
സംസ്ഥാനത്ത് സ്‌ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്‌കരിച്ച 'സ്‌ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഇതിനോടകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ksmart.lskerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത അർഹരായ സ്‌ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്നതാണ് പദ്ധതി.
🅾️ പ്രതിപക്ഷം എതിർത്തിട്ടും തൊണ്ടിമുതല്‍ മോഷ്ടിച്ച കേസിലെ പ്രതിയായ ആന്റണി രാജുവിനെ പിണറായി വിജയൻ രണ്ടരവർഷം മന്ത്രിയായി കൊണ്ടുനടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാരാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടുവെന്നും സതീശൻ പരിഹസിച്ചു.
ലഹരിമരുന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന് പിടിയിലായ വിദേശിയെ രക്ഷിക്കുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നാണ് കേസ്. അത്രയും ഗുരുതരമായ കേസിലെ പ്രതിയായ ആളെയാണ് പിണറായി വിജയൻ മന്ത്രിയാക്കിയത്. ഇതിനെതിരെ പ്രതിപക്ഷം നിലപാട് എടുത്തിട്ടും രണ്ടരവർഷക്കാലം അയാളെ പിണറായി വിജയൻ മന്ത്രിയായി കൊണ്ടു നടന്നു. പ്രതിയായ വിദേശിയെ വെറുതെ വിട്ട കേസില്‍ കോടതിക്ക് സംശയം തോന്നിയതു കൊണ്ടു മാത്രമാണ് തെളിവ് നശിപ്പിച്ചതിന് പിന്നീട് കേസെടുത്തത്. പ്രതികളെ സംരക്ഷിക്കല്‍ തന്നെയാണ് എല്‍.ഡി.എഫും സി.പി.എമ്മും ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നതെന്ന് സതീശൻ ആരോപിച്ചു. ശബരിമല സ്വർണക്കൊള്ള കേസില്‍ ജയിലില്‍ കിടക്കുന്ന പ്രതികളെ സി.പി.എം ഇപ്പോഴും സംരക്ഷിക്കുകയാണ്. കൊള്ളക്കാർക്ക് കുടപിടിക്കുകയാണ് ഈ സർക്കാരെന്ന് ഒന്നു കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
🅾️ എറണാകുളം മൂവാറ്റുപുഴക്കടുത്ത് കെടാതിയില്‍ പള്ളിയിലെ ആചാരവെടിക്കായി കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒരു മരണം.സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോള്‍സ് പള്ളിയിലായിരുന്നു അപകടം. വെടിമരുന്ന് നിറയ്ക്കുന്ന ജോലിയില്‍ ഏർപ്പെട്ടിരുന്ന രവിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരാറുകാരൻ ജയിംസിനെ എഴുപത് ശതമാനത്തിലേറെ പൊള്ളലോടെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് പള്ളിയില്‍ കുർബാന നടക്കുകയായിരുന്നതിനാല്‍ സ്ഫോടനം നടന്ന സ്ഥലത്ത് കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നില്ല.
🅾️ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.പുനർജ്ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശുപാർശ ചെയ്തത്.
🅾️ എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയാകും. വിശാഖപട്ടണത്ത് നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ ഇന്ന് പ്രഖ്യാപനം ഉണ്ടാകും.ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ മലയാളിയാണ് എളമരം കരീം. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. പകരം സംസ്ഥാനത്ത് എം വി ജയരാജൻ ജനറല്‍ സെക്രട്ടറിയാകും.
🅾️ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി പന്ത്രണ്ടാം ശമ്പള പരിഷ്കരണം ബജറ്റിന് മുൻപ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന.ശമ്പള പരിഷ്കരണത്തോടൊപ്പം പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതടക്കമുള്ള ജനപ്രിയ തീരുമാനങ്ങളും വരാനിരിക്കുന്ന ബജറ്റില്‍ ഇടംപിടിച്ചേക്കും. കൂടാതെ, എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 2,500 രൂപ എന്ന ലക്ഷ്യത്തിലേക്ക് ക്ഷേമ പെൻഷൻ തുക വർധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
പ്രത്യേക കമ്മിഷന് പകരം സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി തയ്യാറാക്കിയ പുതിയ ഫോർമുല പ്രകാരം ഇത്തവണ 38 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ 1.38 മടങ്ങ് എന്ന രീതിയിലായിരിക്കും പുതിയ ശമ്പള നിർണ്ണയം. ഇതുപ്രകാരം സംസ്ഥാനത്തെ കുറഞ്ഞ അടിസ്ഥാന ശമ്പളം 31,740 രൂപയായി ഉയരും.
🅾️ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ജയസാദ്ധ്യതയുള്ള സീറ്റുകളില്‍ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.30 സീറ്റുകളിലാണ് നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. ജനുവരി 12ന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരന്റെയും പേരുമാണ് ഉയർന്നുകേള്‍ക്കുന്നത്. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പേരാണ് പാലക്കാട് ഉയർന്നുകേള്‍ക്കുന്നത്. കായംകുളത്ത് ശോഭ സുരേന്ദ്രനെയും പരിഗണിച്ചേക്കും.
ജനുവരി 11ന് അമിത് ഷാ കേരളത്തില്‍ എത്തുന്നതോടെ പ്രചാരണം ആരംഭിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനില്‍ ബിജെപി അധികാരത്തില്‍ എത്തിയത് ആഘോഷമാക്കാൻ വേണ്ടി കൂടിയാണ് അമിത് ഷാ കേരളത്തില്‍ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന തീയതി അമിത് ഷാ പ്രഖ്യാപിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ബിജെപി അംഗങ്ങളെ എല്ലാം ആഭ്യന്തരമന്ത്രി നേരില്‍ കണ്ട് അഭിസംബോധന ചെയ്യും.
തദ്ദേശ തിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മികച്ച മുന്നേറ്റം നേടാനായ മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥിയാകാനിടയുള്ള നേതാക്കളെ മുൻനിറുത്തി പ്രവർത്തനം തുടങ്ങുക. അന്ന് രാവിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ച രണ്ടായിരത്തോളം അംഗങ്ങളെ പങ്കെടുപ്പിച്ച് അമിത് ഷാ വിപുലമായ യോഗം നടത്തും. തുടർന്ന് സംസ്ഥാന തലത്തില്‍ നിയമസഭാതിരഞ്ഞെടുപ്പ് സമിതിയും എക്സിക്യൂട്ടീവും ചേരും.
🅾️ ആലത്തൂരില്‍ വൃദ്ധയ്ക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ പിടിയില്‍.പൊരുളിപ്പാടം സുരേഷിനെയാണ് പഴനിയില്‍ നിന്ന് പൊലീസ് പിടികൂടിയത്. പാലക്കാട് ആലത്തൂരില്‍ പുറമ്ബോക്കില്‍ കഴിയുന്ന 65കാരിക്ക് നേരെയായിരുന്നു അതിക്രമം. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. സുരേഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.
പുലർച്ചെ മൂന്നരയോടെ തനിച്ച് താമസിക്കുന്ന വൃദ്ധയ്ക്ക് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടാകുകയായിരുന്നു. ഉറങ്ങിക്കിടക്കുമ്ബോള്‍ കൂരപൊളിക്കുന്ന ശബ്ദം കേട്ടാണ് വൃദ്ധ ഞെട്ടി ഉണർന്നത്. അതിക്രമത്തിനെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് കൊല്ലാനും പ്രതി ശ്രമിച്ചു. വൃദ്ധ കുതറിമാറി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ ഓടിക്കൂടി. ഇവരാണ് വൃദ്ധയെ ആശുപത്രിയില്‍ എത്തിച്ചത്. വൃദ്ധയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ സുരേഷ് ഒളിവില്‍ പോകുകയായിരുന്നു.
🅾️ ട്രാക്കുകളില്‍ നവീകരണപ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചില ട്രെയിനുകളുടെ റൂട്ടുകളില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ.മധുര, തിരുവനന്തപുരം ഡിവിഷനുകളിലാണ് നവീകരണ പ്രവർത്തനങ്ങള്‍ നടക്കുന്നത്. ഗുരുവായൂർ-ചെന്നൈ എക്‌സ്‌പ്രസ്(16128) ആലപ്പുഴയ്‌ക്ക് പകരം കോട്ടയം വഴിയാകും ഓടുക.
ഈ മാസം ഏഴ് മുതല്‍ 10 വരെയും 12 മുതല്‍ 17 വരെയും 19 മുതല്‍ 24 വരെയും 26, 27വരെയുമുള്ള തീയതികളിലാകും ഈ മാറ്റം. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ചില ദിവസങ്ങളില്‍ മധുര ഡിവിഷനില്‍ മധുര, ദിണ്ടുഗല്‍, മണപ്പാറ എന്നീ സ്‌റ്റേഷനുകള്‍ ഒഴിവാക്കി വിരുദുനഗർ, കാരൈക്കുടി, തിരുച്ചിറപ്പള്ളി വഴിയാകും സർവീസ്. നാല് മുതല്‍ 11 വരെയും 16,17,18, 21, 22, 23, 24 ,28,29, 30 തീയതികളിലുമാണ് ഇത്തരത്തില്‍ സർവീസ് നടത്തുന്നത്.
🅾️ പുതുവർഷത്തില്‍ സർചാർജ് അടിച്ചേല്‍പ്പിച്ചുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് കെഎസ്‌ഇബി. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ധന സർചാർജ് എന്ന പേരില്‍ കെഎസ്‌ഇബി പുതുതായി ഒരു തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നുവെന്ന തരത്തിലാണ് പ്രചരണമെന്നും എന്നാല്‍ ഇത് തികച്ചും വസ്തുതാവിരുദ്ധമാണെന്നും കെഎസ്‌ഇബി വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ വിവരവും അധികൃതർ പങ്കുവച്ചിട്ടുണ്ട്.
🅾️ തന്റെ പശുക്കളുടെ പാല്‍ മാത്രം സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് സൊസൈറ്റിക്ക് മുൻപില്‍ പ്രതിഷേധിച്ച യുവാവിനെതിരെ പ്രദേശത്തെ മറ്റ് ക്ഷീരകർഷകർ രംഗത്ത്.കൊല്ലം പരവൂരിലെ കൂനയില്‍ ക്ഷീരോല്‍പ്പാദക സംഘത്തിന്റെ മുന്നിലാണ് യുവാവ് പ്രതിഷേധിച്ചത്. പാല്‍ പിരിഞ്ഞുപോകുന്നുവെന്ന വിചിത്ര വാദം ഉന്നയിച്ച് തന്റെ പശുക്കളുടെ പാല്‍ മാത്രം സൊസൈറ്റി അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് യുവാവ് ആരോപിച്ചത്. താൻ കൊണ്ടുവന്ന പാല്‍ തലയിലൂടെ ഒഴിച്ചാണ് സൊസൈറ്റിക്ക് മുന്നില്‍ യുവാവ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍, ഇപ്പോള്‍ യുവാവിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രദേശത്തെ മറ്റ് ക്ഷീരകർഷകർ. പരവൂർ സ്വദേശിയായ വിഷ്‌ണു എന്ന യുവാവാണ് പ്രതിഷേധം നടത്തിയത്. ഇയാള്‍ ക്ഷീരകർഷകനല്ലെന്നും മറിച്ച് പശുക്കച്ചവടമാണ് ഇയാളുടെ തൊഴിലെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
'കച്ചവടത്തിനായി തമിഴ്‌നാട്ടില്‍ നിന്നും മറ്റുമാണ് ഇയാള്‍ പശുക്കളെ എത്തിക്കുന്നത്. ദിവസങ്ങളോളം കറക്കാതെ നില്‍ക്കുന്ന പശുക്കളാണതെല്ലാം. ആ പശുക്കളുടെ പാല്‍ പെട്ടെന്ന് പിരിയും. അത് സൊസൈറ്റിയില്‍ സ്വീകരിക്കുമ്പോള്‍ അവിടെയുള്ള ബാക്കി പാല്‍ കൂടി പിരിഞ്ഞ് പോകുന്നു. ഏകദേശം അറുപതോളം കർഷകർ സൊസൈറ്റിയില്‍ പാല്‍ നല്‍കുന്നുണ്ട്. ഒരു കാനിനുള്ളില്‍ 40 ലിറ്റർ പാലാണ് ഉള്‍ക്കൊള്ളുന്നത്. ഒന്നില്‍ കൂടുതല്‍ കർഷകർ കൊണ്ടുവരുന്ന പാല്‍ ഒഴിക്കുമ്പോഴാണ് ഒരു കാൻ നിറയുന്നത്. അങ്ങനെയാകുമ്പോള്‍ ഒരാള്‍ കൊണ്ട് വരുന്നത് മോശം പാലാണെങ്കില്‍ ബാക്കിയുള്ളത് മുഴുവൻ കേടാകുന്നു. ഇത് കണ്ടെത്തിയപ്പോള്‍ യുവാവിന് പ്രത്യേകം കാൻ നല്‍കിയിരുന്നു. അതിലുള്ള പാലും കേടായതോടെയാണ് പൊതുയോഗം കൂടി ഇനിമുതല്‍ ആ വ്യക്തിയുടെ പാല്‍ എടുക്കേണ്ടെന്ന് തീരുമാനിച്ചത്. അല്ലാതെ ആ തീരുമാനം സൊസൈറ്റി അധികൃതരുടേത് മാത്രമല്ല' - മറ്റ് ക്ഷീരകർഷകർ പറയുന്നു.
🅾️ അവധി ദിവസം കഴിഞ്ഞ് കൂടുതല്‍ യാത്രക്കാരെ ലഭിക്കുന്ന തിങ്കളാഴ്ചകളില്‍ ജീവനക്കാർക്ക് വൻ ടാർഗറ്റ് നല്‍കി കെഎസ്‌ആർടിസി.അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും ഈ ദിവസം അവധി അനുവദിക്കാത്തതില്‍ പ്രതിഷേധം കനക്കുകയാണ്.
പുതിയ ബസുകളും ഷെഡ്യൂളുകളുമില്ലാതെയാണ് മാനേജ്‌മെന്റ് നടത്തുന്ന ഈ വളയമില്ലാ ചാട്ടം!
എല്ലാ ഡിപ്പോകള്‍ക്കും പ്രത്യേക ടാർഗറ്റുണ്ട്. സാധാരണ ദിവസങ്ങളിലേതിനെക്കാള്‍ വൻതുക അധികം കണ്ടെത്താൻ ആവശ്യമായത്ര ബസുകളും ജീവനക്കാരുമില്ല. അവധിചോദിക്കുന്നവർക്ക് ഭീഷണിയാണ് ഫലം. നടപടി ഭയന്ന് ജീവനക്കാർ പരമാവധി വരുമാനം സംഘടിപ്പിക്കുമ്പോള്‍ തൊട്ടടുത്ത ആഴ്ചയില്‍ ടാർഗറ്റ് ഉയർത്തി ഇവരെ വീണ്ടും പ്രതിസന്ധിയിലാക്കും.
🅾️ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് വീണ്ടും വ്യക്തമാക്കി മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ.വർഷങ്ങള്‍ക്ക് മുമ്ബുതന്നെ താൻ പാർലമെന്ററി രാഷ്ട്രീയ രംഗത്തോട് വിടപറഞ്ഞതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വീണ്ടും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
🅾️ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതെരെ വീണ്ടും പരാതി. ലൈംഗിക പീഡനക്കേസിലെ അതിജീവതയുടെ മുൻപങ്കാളിയാണ് രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ കുടുംബ ജീവിതം തകർത്തുവെന്നും കേസിലെ യഥാർത്ഥ ഇര താനാണെന്നും കാട്ടിയാണ് യുവാവ് പരാതി നൽകിയത്. വിവാഹിതിയാണെന്ന് അറിഞ്ഞിട്ടും തന്റെ ഭാര്യയുമായി രാഹുൽ വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും തന്റെ അസാന്നിധ്യം രാഹുൽ അവസരമാക്കിയെന്നും പരാതിയിൽ ആരോപിക്കുന്നു.
സംഭവത്തിൽ തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് യുവാവ് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുലിനെതിരെ ഗർഭഛിദ്ര പരാതി ഉന്നയിച്ച യുവതിയുടെ പങ്കാളിയാണ് പരാതി നൽകിയത്. യുവതിയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു വിഷയത്തിലെ രാഹുലിന്റെ വാദം.
അതേസമയം, അച്ചടക്ക നടപടി പിൻവലിച്ചാൽ രാഹുലിന് പാലക്കാട് മത്സരിക്കാൻ യോഗ്യതയുണ്ടെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി.ജെ കുര്യൻ വ്യക്തമാക്കിയിരുന്നു. നടപടി പിൻവലിക്കണോയെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ഇതിൽ ധാർമികതയുടെ പ്രശ്നം ഇല്ലെന്നും പി.ജെ കുര്യൻ പറഞ്ഞു. സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനാണെന്നും ആരോപണ വിധേയരായ സിപിഎം നേതാക്കൾ പദവിയിൽ തുടരുന്നുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
🅾️ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഇനി കോണ്‍ഗ്രസിന് ഒന്നും ചെയ്യാനില്ലെന്ന് ഷാഫി പറമ്പില്‍ എംപി.പാർട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
സ്ഥാനാർത്ഥി നിർണയ ചർച്ചകള്‍ തുടങ്ങിയിട്ടില്ല. എംപിമാർ മത്സരിക്കണമെന്ന നിർദേശവും ഉയർന്നിട്ടില്ല. കോണ്‍ഗ്രസ്, യുഡിഎഫ് പ്രവർത്തകരാരും നേതാക്കള്‍ക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ആന്റണി രാജുവിനെതിരായ കേസ് ഇനി ആരോപണമല്ല, കുറ്റം തെളിയിക്കപ്പെട്ടു. ഒരു എംഎല്‍എ മയക്കുമരുന്ന് കേസില്‍ തെളിവ് നശിപ്പിക്കുന്നുവെന്നത് ഗൗരവതരമാണെന്നും ഇനിയെങ്കിലും നടപടിയെടുക്കാൻ ഇടതുമുന്നണി തയ്യാറാകണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
🅾️ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന് മുൻകൂർ ജാമ്യം അനുവദിച്ചു.ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് പത്തനംതിട്ട കോന്നി സ്വദേശി ജോബി ജോസഫ്. രാഹുലിന്റെ നിർദേശപ്രകാരം ഗർഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയുടെ മൊഴി.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ ഭർത്താവും പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നത്.
🅾️ കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.പെൻഷൻ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്.
ഈ വർഷം ഇതിനകം 1,201.56 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി നല്‍കിയത്. പെൻഷൻ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബഡ്ജറ്റില്‍ കോർപ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബഡ്ജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി രൂപകൂടി ഇതിനകം കെഎസ്‌ആർടിസിക്ക് ലഭ്യമായി.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 8,027.72 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി ഇതുവരെ ലഭിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ 5,002 കോടി രൂപ ലഭിച്ചിരുന്നു.
🅾️ സംസ്ഥാന സർക്കാരിന് തൃശൂരിനാേട് എന്തിനാണ് ഇത്രയ്ക്ക് വൈരാഗ്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ഫോറൻസിക് ലാബിന് സ്ഥലം ചോദിച്ചെങ്കിലും തൃശൂരില്‍ സ്ഥലം അനുവദിക്കാൻ സർക്കാർ തയ്യാറായില്ലെന്നും പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ ആരോപിച്ചു.കേരളത്തില്‍ ബിജെപി സർക്കാരോ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥയോ വന്നാല്‍ ഡബിള്‍ എൻജിൻ സർക്കാരിന്റെ ഗുണം ലഭിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
'ഫാേറൻസിക് ലാബിനുവേണ്ടി സ്ഥലം ചോദിച്ചിരുന്നു. എന്നാല്‍ തൃശൂരില്‍ സ്ഥലം ഇല്ലെന്നായിരുന്നു സംസ്ഥാന സർക്കാർ പ്രതികരിച്ചത്. അതുകൊണ്ട് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരവും എന്റെ രാജ്യമായതുകൊണ്ട് എനിക്കത് എതിർക്കാൻ വയ്യ.തൃശൂരില്‍ ആവശ്യപ്പെടുന്നത് 25 ഏക്കർ ഭൂമിയാണ്. അവിടെ വലിയ പദ്ധതി വരും. സർക്കാർ അവിടെ ഭൂമി എറ്റെടുത്തുതരണം. തൃശൂരിനോട് എന്തിനാണ് വൈരാഗ്യം. അതില്‍ രാഷ്ട്രീയമുണ്ട്. അത് തൃശൂരിലെ ജനങ്ങളോട് വ്യക്തിയാക്കിയാല്‍ മതി'-സുരേഷ് ഗോപി പറഞ്ഞു.
🅾️ കേരളത്തില്‍ വരും വർഷങ്ങളില്‍ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്ന് പഠനത്തില്‍ കണ്ടെത്തല്‍.25 വർഷത്തിനുള്ളില്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകും. ആയുർദൈർഘ്യം പത്തുവർഷം കൂടും. സ്‌ത്രീകളുടെ ആയുർദൈർഘ്യം 85 കടക്കുമെന്നും ജനസംഖ്യാ പ്രൊജക്ഷൻ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്റർനാഷണല്‍ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മൈഗ്രേഷൻ ആന്റ് ഡവലപ്പ്‌മെന്റും പോപ്പുലേഷൻ ഫൗണ്ടേഷൻ ഒഫ് ഇന്ത്യയും സംയുക്തമായാണ് പഠനം നടത്തിയത്.
നിലവില്‍ രാജ്യത്ത് ഏറ്റവും കുറവ് ജനനനിരക്കുള്ള സംസ്ഥാനം കേരളമാണ്. 2051 ആകുമ്പോഴേക്കും സംസ്ഥാനത്ത് കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവ് വരുമെന്നാണ് പഠനത്തില്‍ പറയുന്നത്. കുട്ടികളുടെ അനുപാതം നിലവിലെ 19.3 ശതമാനത്തില്‍ നിന്ന് 12.8 ശതമാനമായി കുറയും. ജനനനിരക്ക് 1.4 ശതമാനമായി ഇടിവ് വരുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സംസ്ഥാനമായും കേരളം മാറും. പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 70ല്‍ നിന്ന് 80 ആകും. സ്ത്രീകളുടേത് 75 ആയിരുന്നത് 85 ആകും. 2041ഓടെ കേരളത്തിലെ ജനസംഖ്യ ഏറ്റവും ഉയർന്ന നിലയിലെത്തും. മൂന്ന് കോടി 65 ലക്ഷമാകും ജനസംഖ്യ. വീണ്ടും 10 വർഷം കൂടി കഴിയുമ്പോള്‍ ജനസംഖ്യ താഴ്‌ന്ന് മൂന്ന് കോടി 55 ലക്ഷത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. വോട്ടർമാരില്‍ അഞ്ചിലൊരാള്‍ മുതിർന്ന പൗരനായിരിക്കുമെന്നും ജനസംഖ്യാ പ്രൊജക്ഷൻ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
🅾️ അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുണ്‍ കുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിപ്പിക്കുമെന്ന് വിവരം.ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്ന് നിർദേശമുയർന്നതോടെയാണ് പാർട്ടി ഇക്കാര്യത്തില്‍ ചർച്ച ആരംഭിച്ചത്. വിഎസിന്റെ കുടുംബവുമായി നേതൃത്വം പ്രാഥമികമായി ബന്ധപ്പെട്ടെന്നും സൂചനയുണ്ട്. കായംകുളത്തോ വിഎസ് ഒടുവില്‍ പ്രതിനിധാനം ചെയ്ത മലമ്പുഴയിലോ മത്സരിപ്പിക്കാനാണ് ആലോചന. വിഎസിന് പാർട്ടിയേക്കാളുപരി ഉണ്ടായിരുന്ന ജനപിന്തുണ അനുകൂലമാക്കുകയാണ് ലക്ഷ്യം.
നിലവില്‍ ഐഎച്ച്‌ആർഡി അസിസ്റ്റന്റ് ഡയറക്ടറാണ് അരുണ്‍കുമാർ. ഡയറക്ടറുടെ താത്കാലിക ചുമതലയുമുണ്ട്. ഉയർന്ന പദവിയായതിനാല്‍ രാജിവെച്ചതിനുശേഷമേ മത്സരിക്കാനാകൂ.
🅾️ ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കൊള്ളക്കാരനാണെന്നറിഞ്ഞിട്ടല്ല പരിചയപ്പെട്ടതെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്.പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചാല്‍ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വർണക്കൊള്ളയില്‍ കേരളത്തില്‍ നിന്നുള്ള ഒരു മാർക്‌സിസ്റ്റ് എംപിക്ക് ബന്ധമുണ്ടെന്നും അയാളുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു. പാലക്കാട് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ആരോപിച്ചത്.
'എന്റെ നിയോജക മണ്ഡലത്തിലുള്ളയാളാണ് ഉണ്ണികൃഷ്ണൻ പോറ്റി. അയാള്‍ കാട്ടുകള്ളനാണെന്നോ കൊള്ളക്കാരനാണോയെന്നറിഞ്ഞിട്ടല്ല ഞാൻ കാണുന്നതും പരിചയപ്പെടുന്നതും. സൗഹൃദത്തിലായതിനുശേഷമാണ് ശബരിമലയിലെ അന്നദാനം ഉദ്ഘാടനം നിർവഹിക്കാൻ ഞാനെത്തണമെന്ന് ആവശ്യപ്പെട്ടത്. ഞാനവിടെ പോയി. ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഡല്‍ഹിയിലെത്തിയപ്പോള്‍ ഉണ്ണികൃഷ്ണൻ പോറ്റി മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ കാണാനായി അപ്പോയിൻമെന്റ് എടുത്തിരുന്നു. ശബരിമലയില്‍ നടത്തിയ പൂജയുടെ പ്രസാദം സോണിയ ഗാന്ധിക്ക് കൊടുക്കണമെന്നാണ് പറഞ്ഞത്. അങ്ങനെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഞാൻ പോയത്.
അയാള്‍ക്ക് സോണിയാ ഗാന്ധിയെ കാണാനായി യാതൊരു സഹായവും ഞാൻ ചെയ്തിട്ടില്ല. ഡല്‍ഹിയില്‍ എത്തിയതിനുശേഷമാണ് അയാള്‍ എന്നെ വിളിച്ചത്. എംപിയെന്ന നിലയില്‍ ഒപ്പം വന്നാല്‍ കൊള്ളാമായിരുന്നുവെന്നാണ് പറഞ്ഞത്. ഇതിനെല്ലാം നേതൃത്വം കൊടുത്ത ഒരാള്‍ പാർലമെന്റിലുണ്ട്. മാർക്സിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്. അതിനെക്കുറിച്ച് അന്വേഷിക്കൂ. ബിജെപിയും കമ്യൂണിസ്റ്റുമായി പാലം പണിയാൻ പോയ ആളാണ്.
🅾️ പുതുവർഷ സമ്മാനമായി മൂന്നാറിന് ലഭിച്ച കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ റോയല്‍ വ്യൂ ഡബിള്‍ഡക്കർ ബസ് സർവീസ് ആരംഭിച്ചു.മൂന്നാർ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ എ രാജ എംഎല്‍എയാണ് ഉദ്ഘാടനം നിർവഹിച്ചത്. കെഎസ്‌ആർടിസി എംഡി പി എസ് പ്രമോജ് ശങ്കർ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് മൂന്നാറില്‍ ആദ്യത്തെ റോയല്‍ വ്യൂ ഡബിള്‍ഡക്കർ ബസ് സർവീസ് തുടങ്ങിയത്. 1.25 കോടിയിലധികം വരുമാനമാണ് ഇതിലൂടെ കെഎസ്‌ആർടിസിക്ക് ലഭിച്ചത്.
റോയല്‍ വ്യൂ ഡബിള്‍ഡക്കർ പുതിയ ബസില്‍ താഴത്തെ നിലയില്‍ 11, മുകളില്‍ 39 എന്നിങ്ങനെയാണ് സീറ്റ് ക്രമീകരണം. പുറം കാഴ്ചകള്‍ പൂർണമായി കാണാവുന്ന തരത്തിലാണ് രൂപകല്‍പന. മൂന്നാർ ഡിപ്പോയില്‍ നിന്നാണ് സർവീസ് തുടങ്ങുന്നത്. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്‌റോഡ്, ആനയിറങ്കല്‍ എന്നിവിടങ്ങള്‍ സന്ദർശിച്ചതിനുശേഷം തിരികെ ഡിപ്പോയിലെത്തും. രാവിലെ 8,9,11.30, ഉച്ചയ്ക്ക് 12.30, വൈകിട്ട് 3,4 എന്നീ സമയങ്ങളിലാണ് സർവീസ് ഉള്ളത്. താഴത്തെ നിലയില്‍ 200, മുകളില്‍ 400 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ ഓണ്‍ലൈനായും നേരിട്ടും ബുക്ക് ചെയ്യാം.
🅾️ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനിരിക്കെ കണ്ണൂർ സീറ്റില്‍ കണ്ണുവച്ച് അര ഡസനോളം കോണ്‍ഗ്രസ് നേതാക്കള്‍.ഇപ്പോഴിതാ താൻ മത്സരിക്കുമെന്ന അവകാശവുമായി കെ സുധാകരൻ എംപിയും രംഗത്തെത്തിയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിനയ്യായിരത്തോളം വോട്ടിന്റെ ലീഡാണ് മണ്ഡലത്തില്‍ യുഡിഎഫിന് ലഭിച്ചത്.
എംപി സ്ഥാനം കളഞ്ഞ് എംഎല്‍എ ആകണമെന്നും അധികാരം കിട്ടിയാല്‍ മന്ത്രി ആകണമെന്നും കെ സുധാകരൻ നേതാക്കളില്‍ പലരോടും പറഞ്ഞിട്ടുണ്ട്. കെ സുധാകരന് മാത്രം നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാന്റിന്റെ അനുമതി ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം.
🅾️ മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് 45കാരിക്ക് ദാരുണാന്ത്യം.കോഴിക്കോട് കക്കട്ടിലിന് സമീപം നിട്ടൂരിലാണ് അപകടമുണ്ടായത്. വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു ആണ് മരിച്ചത്. സിന്ധു മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.
റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
🅾️ അഗസ്ത്യാര്‍കൂടം ട്രക്കിങ് 14 മുതല്‍ ഫെബ്രുവരി 11 വരെ നടത്തും. ഒരാള്‍ക്ക് 3000 രൂപയാണ് ഫീസ്.രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ (മോഡേണ്‍ മെഡിസിന്‍) ഏഴു ദിവസത്തിനുള്ളില്‍ നല്‍കുന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ട്രക്കിങ്ങ് അനുവദിക്കുകയുള്ളൂ.
ഓണ്‍ലൈന്‍ ബുക്കിങ് രണ്ടു ഘട്ടങ്ങളിലായി നടക്കും. 14 മുതല്‍ 31 വരെയുള്ള ട്രെക്കിങ്ങിന് ജനുവരി ആദ്യവാരം ബുക്കിങ് ആരംഭിക്കും. ഫെബ്രുവരി 1 മുതല്‍ 11 വരെ ട്രെക്കിങിന് ജനുവരി മൂന്നാം വാരത്തെ അവസാന ദിവസങ്ങളിലായിരിക്കും ബുക്കിങ്.
🅾️ ക്രിസ്ത്യൻ ഔട്ട് റീച്ച്' പാളിയെന്ന് ബിജെപി വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യൻ വോട്ടുകള്‍ ആകർഷിക്കാനായില്ല.ഹിന്ദു വോട്ടുകള്‍ നഷ്ടമായെന്നും ബിജെപി വിലയിരുത്തുന്നു. ബിജെപി ക്രിസ്ത്യൻ സ്ഥാനാർഥികളില്‍ ജയിച്ചത് 1.3 ശതമാനം മാത്രമാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യൻ സമുദായത്തില്‍ നിന്ന് 1926 സ്ഥാനാർത്ഥികളെയാണ് 14 ജില്ലകളിലായി ബിജെപി മത്സരിപ്പിച്ചത്. 25 പേർ മാത്രമാണ് ജയിച്ചത്. എട്ട് ജില്ലകളില്‍ മാത്രമാണ് ജയിക്കാനായത്. കോട്ടയം ജില്ലയില്‍ പോലും കാര്യമായ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് ആയില്ല. 96 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചതില്‍ 12 പേർ മാത്രമാണ് ജയിച്ചത്.2020ലെ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനത്തിലേക്ക് ബിജെപിക്ക് എത്താനുമായില്ല.
🅾️ പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ കൊണ്ടുവരാൻ മുന്നണിയില്‍ ചർച്ച നടന്നിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
*🇮🇳 ദേശീയം 🇮🇳*
---------------------->>>>
🅾️ കേരളം ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഈ മാസം സർവീസ് ആരംഭിക്കാനിരിക്കുന്ന ഹൗറ-ഗുവാഹത്തി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റേക്ക് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കേരളമുൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ലഭിക്കും. നിലവിൽ വന്ദേ ഭാരതിന്റെ ചെയർ കാർ പതിപ്പാണ് കേരളത്തിൽ സർവീസ് നടത്തുന്നത്. സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം റെയിൽവേ വേഗത്തിലാക്കിയിട്ടുണ്ട്,"- മന്ത്രി വ്യക്തമാക്കി.
ഏകദേശം 1,500 കിലോമീറ്റർ വരെയുള്ള ദീർഘദൂര രാത്രിയാത്രകൾക്കാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ലക്ഷ്യമിടുന്നത്. വൈകുന്നേരം ട്രെയിൻ കയറുന്ന യാത്രക്കാർക്ക് അടുത്ത ദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും വിധമാണ് സമയം ക്രമീകരിക്കുന്നത്. യാത്രക്കാരുടെ സൗകര്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകിയാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അപകടങ്ങൾ ഒഴിവാക്കാനുള്ള 'കവച്' സംവിധാനം, സിസിടിവി ക്യാമറകൾ, ഓട്ടോമാറ്റിക് ഡോറുകൾ എന്നിവ ഇവയിലുണ്ട്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളായ ഇവയിൽ മൊത്തം 16 കോച്ചുകളുണ്ട്. ഇതിൽ 11 തേർഡ് എസി കോച്ചുകളും, 4 സെക്കൻഡ് എസി കോച്ചുകളും, ഒരു ഫസ്റ്റ് എസി കോച്ചുമാണുള്ളത്. 823 യാത്രക്കാർക്ക് ഒരേസമയം സഞ്ചരിക്കാൻ സാധിക്കും.
🅾️ ഛത്തീസ്ഗഢിലെ റായ്പൂരിൽ ഷോപ്പിംഗ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ചുതകർത്ത കേസിൽ ജാമ്യം ലഭിച്ച ആറ് ബജ്റംഗ്ദൾ പ്രവർത്തകർക്ക് വൻ സ്വീകരണം നൽകി സഹപ്രവർത്തകർ. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇവർക്ക് പൂമാലകൾ അണിയിച്ചും കാവി ഷാളുകൾ പുതപ്പിച്ചുമാണ് സംഘടന വീരോചിത വരവേൽപ്പ് നൽകിയത്.
റായ്പൂരിലെ മാളിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയതിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ദിവസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴായിരുന്നു ആഘോഷപൂർവ്വമായ സ്വീകരണം.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് റായ്പൂരിലെ ഒരു മാളിൽ നടന്ന പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. മാളിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ അവിടെയുണ്ടായിരുന്ന ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മാൾ മാനേജ്മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കലാപം ഉണ്ടാക്കൽ, അതിക്രമിച്ചു കയറൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തത്.
പ്രതികൾക്ക് ജയിൽ കവാടത്തിൽ വെച്ച് ഇത്തരത്തിൽ വൻ സ്വീകരണം നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
🅾️ ചത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സുക്മ, ബീജാപ്പൂർ ജില്ലകളിലെ വനമേഖലകളിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ കനത്ത ഏറ്റുമുട്ടലുണ്ടായത്.
വനമേഖലയിൽ നടന്ന തിരച്ചിലിനിടെയാണ് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 2026-ഓടെ രാജ്യം മാവോയിസ്റ്റ് വിമുക്തമാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഈ വർഷം നടക്കുന്ന ആദ്യത്തെ പ്രധാന ഏറ്റുമുട്ടലാണിത്.
14 മാവോയിസ്റ്റുകളിൽ 12 പേർ തെക്കൻ സുക്മയിലും രണ്ടു പേർ ബിജാപൂരിലുമായാണ് കൊല്ലപ്പെട്ടത്. ഇവിടെ പുലർച്ചെ 5 മണിക്കായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. സുക്മയിലെ കോണ്ട ഏരിയ കമ്മിറ്റി സെക്രട്ടറി മാങ്ഡു കൊല്ലപ്പെട്ടവരിലുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കോണ്ട ഏരിയ കമ്മിറ്റിയിലെ എല്ലാ സായുധ അംഗങ്ങളെയും വധിക്കാൻ സേനയ്ക്ക് സാധിച്ചതായി സുക്മ എസ്.പി കിരൺ ചവാൻ അറിയിച്ചു.
🅾️ ജമ്മുവിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ പലസ്തീൻ പതാക പതിച്ച ഹെൽമെറ്റുമായി കളിക്കാനിറങ്ങിയ കശ്മീരി ബാറ്റർക്കെതിരെ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ദക്ഷിണ കശ്മീരിലെ പുൽവാമ സ്വദേശിയായ ഫുർഖാൻ ഉൾ ഹഖിനെതിരെയാണ് ജമ്മു പൊലീസ് നടപടിയെടുത്തത്. ഇതിന് പിന്നാലെ, താരത്തിന് പിന്തുണയുമായി പിഡിപി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി രംഗത്തെത്തി.
ജമ്മു നഗരത്തിന്റെ പ്രാന്തപ്രദേശമായ മുത്തിയിലെ കെ.സി ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. ഫുർഖാൻ പലസ്തീൻ പതാകയുള്ള ഹെൽമെറ്റ് ധരിച്ച് ബാറ്റ് ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ദൊമാന പൊലീസ് സ്റ്റേഷനിൽ ബിഎൻഎസ്എസ് സെക്ഷൻ 173(3) പ്രകാരം 14 ദിവസത്തെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.
താരത്തിന്റെ പശ്ചാത്തലവും ഇതിന് പിന്നിലെ ലക്ഷ്യവും പൊലീസ് പരിശോധിച്ചുവരികയാണ്. ഫുർഖാൻ ഉൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. അതേസമയം, വാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ മെഹബൂബ മുഫ്തി ഫുർഖാൻ ഉളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
🅾️ ഇൻഡോറിൽ ഭരണകൂടത്തിന്റെ ഗുരുതരമായ വീഴ്ചയെത്തുടർന്ന് മലിന ജലം കുടിച്ച് നിരവധി പേർ മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യസംവിധാനങ്ങൾ കടുത്ത പ്രതിസന്ധിയിൽ. നഗരത്തിലെ കുടിവെള്ള പൈപ്പുകളിൽ ശുചിമുറി മാലിന്യം കലർന്നതാണ് ദുരന്തത്തിന് കാരണമായത്. ദിവസങ്ങൾക്കുള്ളിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ പ്രാദേശിക ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും രോഗികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു.
ഭഗീരഥ്‌പുര മേഖലയിലാണ് ദുരന്തം ഉണ്ടായത്. കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പിന് മുകളിലായി സുരക്ഷാ ടാങ്ക് ഇല്ലാതെ നിർമ്മിച്ച ഒരു പൊതുശൗചാലയമാണ് വില്ലനായത്. പൈപ്പിലെ വിള്ളലിലൂടെ മാലിന്യം കലരുകയും ഇത് ജനങ്ങൾ ഉപയോഗിക്കുകയും ചെയ്തു. ഒക്ടോബർ മുതൽ പ്രദേശവാസികൾ പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്.
ഡിസംബർ 28-ന് ആറ് രോഗികളുമായി തുടങ്ങിയ രോഗബാധ വെറും 48 മണിക്കൂറിനുള്ളിൽ മുന്നൂറിലധികം പേരിലേക്ക് പടർന്നു. ഭഗീരഥ്‌പുരയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രതിദിനം എത്തുന്നവരുടെ എണ്ണം 300 കടന്നത് ആരോഗ്യ പ്രവർത്തകരെ വലച്ചു. ആരോഗ്യ പ്രശ്നങ്ങളുമായാണ് പലരും ചികിത്സ തേടുന്നത്. രോഗികളിൽ 95 ശതമാനവും സ്ത്രീകളാണെന്നത് ആരോഗ്യ വകുപ്പിനെ അത്ഭുതപ്പെടുത്തി. ഇതിൽ 70-80 ശതമാനം പേർക്കും വൃക്കയുടെ പ്രവർത്തനം തകരാറിലായ നിലയിലാണ്.
സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ 13,000 വീടുകളിൽ പരിശോധന നടത്തി. ഇതുവരെ 310 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 25 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ചെറിയ ക്ലിനിക്കുകളിൽ വിദഗ്ധ ചികിത്സ ലഭിക്കാത്തതും മതിയായ സൗകര്യങ്ങളില്ലാത്തതും മരണസംഖ്യ വർധിപ്പിക്കാൻ കാരണമായെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചു. എന്നാൽ, കൃത്യസമയത്ത് പരാതികൾ കേൾക്കാൻ അധികൃതർ തയ്യാറാകാത്തതാണ് ഏഴ് ജീവനുകൾ നഷ്ടപ്പെടാൻ കാരണമെന്ന് ജനങ്ങൾ രോഷത്തോടെ പറയുന്നു.
🅾️ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്. കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനായി നാലംഗ സ്‌ക്രീനിങ് കമ്മിറ്റികളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു.മധുസൂദനന്‍ മിസ്ത്രി അധ്യക്ഷനായ കേരളത്തിലെ സ്‌ക്രീനിങ് കമ്മിറ്റിയില്‍ സയിദ് നസീര്‍ ഹുസ്സൈന്‍, നീരജ് ഡങ്കി, അഭിഷേക് ദത്ത് എന്നിവരും അംഗങ്ങളാണ്. കേരളത്തിന് പുറമെ അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കുള്ള നാലംഗ സ്‌ക്രീനിങ് കമ്മിറ്റിയെയും എഐസിസി പ്രഖ്യാപിച്ചു
പ്രിയങ്ക ഗാന്ധിയാണ് അസമിലെ സ്‌ക്രീനിങ് കമ്മിറ്റിയുടെ അധ്യക്ഷ. തമിഴ്നാടിനും പുതുച്ചേരിക്കുമായി രൂപീകരിച്ച സ്‌ക്രീനിങ് കമ്മിറ്റിയെ ടി.എസ്.ദിയോ നയിക്കും. ബി.കെ.ഹരിപ്രസാദ് അധ്യക്ഷനായ സ്‌ക്രീനിങ് കമ്മിറ്റിയെയാണ് പശ്ചിമ ബംഗാളിലേക്ക് നിയോഗിച്ചിരിക്കുന്നത്. എഐസിസി സെക്രട്ടറിമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരും അതത് സംസ്ഥാനങ്ങളിലെ സ്‌ക്രീനിങ് കമ്മിറ്റികളില്‍ അംഗങ്ങളായിരിക്കും. സ്ഥാനാര്‍ഥി നിര്‍ണയമടക്കം സുപ്രധാന തീരുമാനങ്ങള്‍ സ്‌ക്രീനിങ് കമ്മിറ്റികളാകും എടുക്കുക.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനായി രണ്ടുഘട്ട കര്‍മ്മ പദ്ധതിയാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുള്ളില്‍ കേരളത്തിലെ 70 സ്ഥാനാര്‍ത്ഥികളില്‍ ധാരണയാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് തന്നെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും കണ്ടെത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പ്രചാരണങ്ങളുമായി രണ്ടാംഘട്ടം കര്‍മ്മ പദ്ധതി നടപ്പാക്കും. ഇന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കര്‍മ്മപദ്ധതി അവതരിപ്പിക്കും.
🅾️ വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് അവസാന ശമ്ബളത്തിന്റെ പകുതി പെൻഷൻ ഉറപ്പാക്കുന്ന 'തമിഴ്‌നാട് അഷ്വേർഡ് പെൻഷൻ സ്കീം' മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു. പഴയ പെൻഷൻ പദ്ധതിക്കായി ജീവനക്കാർ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചരിത്രപരമായ ഈ തീരുമാനം. ഇതോടെ ജനുവരി ആറുമുതല്‍ നടത്താനിരുന്ന സമരം ജീവനക്കാരുടെ സംഘടനകള്‍ പിൻവലിച്ചു.
*🌎 അന്താരാഷ്ട്രീയം 🌍*
-------------------->>>>
🅾️ വെനസ്വേലയിൽ അപ്രതീക്ഷിത സൈനിക നീക്കം നടത്തി അമേരിക്ക. തലസ്ഥാനമായ കാരക്കാസിൽ അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് സേന പിടികൂടി. മഡുറോയെയും പത്‌നിയെയും വെനസ്വേലയിൽ നിന്നും മാറ്റിയതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി അറിയിച്ചു.
യുഎസ് സ്‌പെഷ്യൽ ഫോഴ്‌സായ ഡെൽറ്റ ഫോഴ്‌സ് ആണ് നിക്കോളാസ് മഡുറോയെ പിടികൂടിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതൊരു അത്യുഗ്രൻ ഓപ്പറേഷൻ ആയിരുന്നുവെന്നും കൃത്യമായ പ്ലാനിംഗിലൂടെയാണ് ഇത് സാധ്യമാക്കിയതെന്നും ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വിവരം പുറത്തുവിട്ടത്.
ശനിയാഴ്ച പുലർച്ചെയോടെയാണ് വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ വൻ സ്‌ഫോടനങ്ങൾ ഉണ്ടായത്. നഗരത്തിലെ പ്രധാന സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു മിസൈൽ ആക്രമണം. ഫ്യൂർട്ടെ ടിയുണ സൈനിക താവളം, ലാ കാർലോട്ട എയർബേസ് തുടങ്ങിയ ഇടങ്ങളിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇത് അമേരിക്കയുടെ 'സാമ്രാജ്യത്വ അധിനിവേശമാണെന്ന്' വെനസ്വേലൻ സർക്കാർ കുറ്റപ്പെടുത്തി. ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്.
അമേരിക്കയുടെ നടപടിയെ റഷ്യയും ഇറാനും ശക്തമായി അപലപിച്ചു. വെനസ്വേലയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. അതേസമയം, സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് സ്‌പെയിൻ അറിയിച്ചു. ദക്ഷിണ കൊറിയ തങ്ങളുടെ പൗരന്മാരോട് വെനസ്വേല വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാൽ വെനസ്വേലൻ വ്യോമപാതയിലൂടെയുള്ള വിമാന സർവീസുകൾക്ക് യുഎസ് ഫെഡറൽ ഏവിയേഷൻ അതോറിറ്റി നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു.നിലവിൽ വെനസ്വേലയുടെ ഭരണം ആരുടെ നിയന്ത്രണത്തിലാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വർഷങ്ങളായി മഡുറോ സർക്കാരിനെ പുറത്താക്കാൻ അമേരിക്ക സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ സൈനിക നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
🅾️ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ അമേരിക്കൻ വ്യോമാക്രമണത്തിൽ സൈനികരും സാധാരണക്കാരും ഉൾപ്പെടെ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ നടന്ന രഹസ്യ നീക്കത്തിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും യുഎസ് പ്രത്യേക ദൗത്യസേന പിടികൂടി. ഇവരെ വിചാരണയ്ക്കായി വിമാനമാർഗ്ഗം ന്യൂയോർക്കിലേക്ക് കൊണ്ടുപോയി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്‌സ് ന്യൂസിലൂടെ ഈ നീക്കം സ്ഥിരീകരിച്ചു. ലഹരി ഭീകരവാദം , കൊക്കെയ്ൻ കടത്ത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മഡുറോയെ ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കുക. 2020-ൽ ഇദ്ദേഹത്തിനെതിരെ ചുമത്തിയതിന് സമാനമായ കുറ്റപത്രമാണ് ഇപ്പോഴുമുള്ളത്.
കാരക്കാസ് വിമാനത്താവളത്തിന് സമീപമുള്ള 'കാറ്റിയ ലാ മാർ' എന്ന ജനവാസ മേഖലയിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവിടെയുള്ള മൂന്ന് നില കെട്ടിടത്തിന് മുകളിൽ മിസൈൽ പതിച്ച് ഒരു വശത്തെ മതിൽ പൂർണ്ണമായും തകർന്നു. അപകടത്തിൽ 80 വയസ്സുള്ള റോസ ഗോൺസാലസ് എന്ന വൃദ്ധ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വൻ സ്‌ഫോടനശബ്ദം കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഏകദേശം 150-ഓളം അമേരിക്കൻ യുദ്ധവിമാനങ്ങളാണ് വെനസ്വേലയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ഉപയോഗിച്ചത്. തുടർന്ന് ഹെലികോപ്റ്ററുകൾ വഴി മഡുറോയുടെ ഔദ്യോഗിക വസതിയിൽ എത്തിയ കമാൻഡോകൾ അദ്ദേഹത്തെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു. ഏകദേശം രണ്ട് മണിക്കൂർ ഇരുപത് മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷനിൽ യുഎസ് സൈനികർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി.
മഡുറോയുടെ അറസ്റ്റിന് പിന്നാലെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 'രാജ്യത്തിന് ഒരൊറ്റ പ്രസിഡന്റേയുള്ളൂ, അത് നിക്കോളാസ് മഡുറോ മോറോസ് ആണ്' എന്ന് അവർ പ്രഖ്യാപിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ ഇത് അംഗീകരിച്ചിട്ടില്ല.
അതേസമയം, വെനസ്വേലയിൽ കൃത്യമായ ഒരു ഭരണമാറ്റം ഉണ്ടാകുന്നത് വരെ രാജ്യം തങ്ങൾ നിയന്ത്രിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചു. വെനസ്വേലയുടെ എണ്ണമേഖല അമേരിക്കൻ കമ്പനികൾക്കായി തുറന്നുനൽകുന്നതിനെക്കുറിച്ചും അദ്ദേഹം സൂചന നൽകി. 'ഞങ്ങൾ രാജ്യം ശരിയായ രീതിയിൽ ഭരിക്കും, അത് വലിയ ലാഭം ഉണ്ടാക്കും,' ട്രംപ് പറഞ്ഞു.
മഡുറോയെ പിടികൂടിയ നടപടി തട്ടിക്കൊണ്ടുപോകലാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ അനുകൂലികൾ വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. മഡുറോ നിലവിൽ യുഎസ് യുദ്ധക്കപ്പലായ ഐ.എസ്.എസ് ഇവോ ജിമയിൽ ആണെന്നും അവിടെ നിന്നും ന്യൂയോർക്കിലെ കോടതിയിൽ എത്തിക്കുമെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.
അപകടകരമായി കീഴ്‌വഴക്കങ്ങൾക്ക് വഴി തെളിയിക്കുന്ന സംഭവമെന്നാണ് വിഷയത്തിൽ ഐക്യ രാഷ്ട്രസഭയുടെ പ്രതികരണം. വെനസ്വേലയിലെ യുഎസ് നടപടികൾ ചർച്ച ചെയ്യുന്നതിനായി യുഎൻ രക്ഷാസമിതി തിങ്കളാഴ്ച അടിയന്തര യോഗം ചേരും. ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത യോഗത്തെക്കുറിച്ച് പേര് വെളിപ്പെടുത്താത്തൊരു സമിതി നയതന്ത്രജ്ഞനാണ് വിവരങ്ങൾ പങ്കുവെച്ചത്. കൊളംബിയയുടെ അടിയന്തര അഭ്യർത്ഥനയും ചൈന-റഷ്യ പിന്തുണയുമാണ് ഈ യോഗത്തിന് കാരണമെന്നാണ് ലഭ്യമായ വിവരം.
🅾️ വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും യുഎസ് സൈന്യം പിടികൂടിയ സംഭവത്തില്‍ പ്രതികരിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്രാൻ മംദാനി. യുദ്ധ സമാനമായ പ്രവൃത്തി എന്നും അന്താരാഷ്‌ട്ര നിയമലംഘനമെന്നും സംഭവത്തെ മംദാനി വിശേഷിപ്പിച്ചു. 'ഇത് ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതാണ്, കോസ്‌മോപൊളിറ്റൻ ലോക നഗരത്തിൽ താമസിക്കുന്ന പതിനായിരക്കണക്കിന് വെനസ്വേലക്കാരെ ഇത് ബാധിക്കും' എന്നും മംദാനി പറഞ്ഞു.
"വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും യുഎസ് സൈന്യം പിടികൂടിയതിനെക്കുറിച്ചും ന്യൂയോർക്ക് സിറ്റിയിൽ ഫെഡറൽ കസ്റ്റഡിയിൽ ആസൂത്രിതമായി തടവിലാക്കിയതിനെക്കുറിച്ചും ഇന്ന് രാവിലെ എനിക്ക് വിവരം ലഭിച്ചു. ഒരു പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് യുദ്ധവും ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്." -മംദാനി എക്‌സില്‍ കുറിച്ചു.
"ഭരണമാറ്റത്തിനായുള്ള ഈ നഗ്നമായ ശ്രമം വിദേശത്തുള്ളവരെ മാത്രമല്ല, പതിനായിരക്കണക്കിന് വെനസ്വേലക്കാർ ഉൾപ്പെടെ ന്യൂയോർക്കുകാരെ നേരിട്ട് ബാധിക്കുന്നു. എന്‍റെ ശ്രദ്ധ അവരുടെയും ഓരോ ന്യൂയോർക്കുകാരന്‍റെയും സുരക്ഷയാണ്, എന്‍റെ ഭരണകൂടം സാഹചര്യം നിരീക്ഷിക്കുകയും പ്രസക്തമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നത് തുടരും," അദ്ദേഹം കൂട്ടിച്ചേർത്തു.
🅾️ വെനസ്വേലയിൽ നാടകീയമായ സൈനിക നീക്കം നടത്തി അമേരിക്കൻ സേന പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടി. തലസ്ഥാനമായ കാരക്കാസിൽ നടന്ന വ്യോമാക്രമണങ്ങൾക്കും ബോംബാക്രമണങ്ങൾക്കും പിന്നാലെയാണ് മഡുറോയെ യുഎസ് ഡെൽറ്റ ഫോഴ്‌സ് കസ്റ്റഡിയിലെടുത്തത്. പിടികൂടിയ മഡുറോയെ വിമാനമാർഗ്ഗം ന്യൂയോർക്കിലെത്തിച്ചു.യുഎസ് ആക്രമണത്തെത്തുടർന്ന് വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാരക്കാസിൽ നടന്ന ബോംബാക്രമണങ്ങളിൽ സൈനികരും സാധാരണക്കാരുമടക്കം 40-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
🅾️ ഇറാനിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങളെ ഭരണകൂടം വെടിവെച്ചു കൊല്ലുകയാണെങ്കിൽ ഇടപെടുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ താക്കീതുമായി ഇറാൻ ഭരണകൂടം. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് തങ്ങൾ നിശ്ചയിച്ചിട്ടുള്ള 'ചുവപ്പ് രേഖ' ലംഘിക്കുന്നതിന് തുല്യമാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇറാൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഇറാനിൽ തുടരുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഇടപെടുമെന്നും പ്രതിഷേധക്കാരെ രക്ഷിക്കാൻ അമേരിക്ക നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം വന്നത്. അമേരിക്കൻ പ്രസിഡന്റിന്റേത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇറാൻ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണെന്നും പുറത്തുനിന്നുള്ള ഒരു ശക്തിയുടെയും ഇടപെടൽ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രതിഷേധക്കാരെ സഹായിക്കാനെന്ന പേരിൽ ഇറാനിൽ അരാജകത്വം വിതയ്ക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ആരോപിച്ചു. ട്രംപിന്റെ ഇത്തരം പ്രസ്താവനകൾ പ്രതിഷേധക്കാർക്ക് അനാവശ്യ പ്രലോഭനം നൽകുന്നതാണെന്നും ഇത് മേഖലയിലെ സമാധാനം തകർക്കുമെന്നും ഇറാൻ ഭരണകൂടം ചൂണ്ടിക്കാട്ടി.
🅾️ പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ പുതിയ പ്രഖ്യാപനം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് നിലവിലെ 30 കിലോ ബാഗേജ് പരിധിക്കുപുറമെ, കുറഞ്ഞ നിരക്കില്‍ അഞ്ച്, പത്ത് കിലോ എന്നിങ്ങനെ രണ്ട് ലോട്ടുകളായി അധിക ബാഗേജ് കൊണ്ടുപോകാനുള്ള സൗകര്യമാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഒരുക്കിയിരിക്കുന്നത്.പുതിയ പ്രഖ്യാപനം നിലവില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് 40 കിലോവരെ ചെക്ക് - ഇൻ ബാഗേജ് നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കും. യുഎഇയില്‍ അഞ്ച് കിലോ അധികമായി കൊണ്ടുപോകുന്നതിന് 10 ദിർഹവും 10 കിലോയ്ക്ക് 20 ദിർഹവുമാണ് നിരക്ക്. ബഹ്‌റൈനിലും കുവൈറ്റിലും അധികമായി കൊണ്ടുപോകുന്ന ഓരോ കിലോയ്ക്കും 0.2 ദിനാർ വീതമാണ് നല്‍കേണ്ടത്. ഒമാനില്‍ ഒരു കിലോയ്ക്ക് 0.2 റിയാലും ഖത്തറിലും സൗദി അറേബ്യയിലും രണ്ട് റിയാലുമാണ് അധിക ബാഗേജിന് നല്‍കേണ്ടി വരിക.
ജനുവരി 16 മുതല്‍ മാർച്ച് 10വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഇതിനായി ജനുവരി 31നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് തുടങ്ങിയവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭ്യമാവുക. എക്സ്‌പ്രസ് വാല്യൂ, എക്സ്‌പ്രസ് ലൈറ്റ്, എക്സ്‌പ്രസ് ഫ്‌ളെക്‌സ്, എക്സ്‌പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗം യാത്രക്കാർക്കും ഈ ഓഫർ ലഭ്യമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
🅾️ വിവാഹിത ജീവിതത്തിലേക്ക് കടക്കുന്നതിന് മുൻപ് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സുപ്രധാന തീരുമാനവുമായി ഒമാൻ സുല്‍ത്താനേറ്റ്.വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഒമാനി പൗരന്മാർക്കും വിവാഹത്തിന് മുൻപ് മെഡിക്കല്‍ പരിശോധന നിർബന്ധമാക്കിയെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 2026 ജനുവരി 1 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജകീയ ഉത്തരവ് നമ്ബർ 111/2025 പ്രകാരമാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നത്. വിവാഹം രാജ്യത്തിനുള്ളിലോ പുറത്തോ നടന്നാലും, അല്ലെങ്കില്‍ വധുവോ വരനോ ഒരാള്‍ വിദേശിയാണെങ്കിലും, വിവാഹ കരാർ പൂർത്തിയാക്കുന്നതിനുള്ള അടിസ്ഥാന നിബന്ധനയായിരിക്കും ഈ മെഡിക്കല്‍ പരിശോധന.
*എന്തെല്ലാം പരിശോധനകള്‍ നിർബന്ധം?*
വിവാഹത്തിന് മുൻപ് നടത്തുന്ന പരിശോധനയിലൂടെ പ്രധാനമായും കണ്ടെത്തുന്നത് ജനിതക രക്തരോഗങ്ങളാണ്. സിക്കിള്‍ സെല്‍ അനീമിയ, തലസീമിയ, പകർച്ചവ്യാധികള്‍, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച് ഐ വി / എയ്ഡ്സ് തുടങ്ങിയ പരിശോധനയ്ക്ക് പുറമെ, ഫലങ്ങളുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കൗണ്‍സലിംഗും ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ പരിഷ്കാരം.
*⚽ കായികം, സിനിമ 🎥*
---------------->>>>>
🅾️ വിജയ് ഹസാരെ ട്രോഫിയിൽ ഇന്ത്യൻ താരങ്ങളുടെ വെടിക്കെട്ട് ബാറ്റിങ് തുടരുന്നു. ഇന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ സെഞ്ചുറി കണ്ടെത്തി. ഒരു സമയം 62 പന്തിൽ 66 റൺസ് എന്ന നിലയിലാണ് ഹർദിക് ബാറ്റ് ചെയ്തത്. എന്നാൽ ബറോഡയുടെ ഇന്നിങ്സിലെ 38ാം ഓവറിൽ തുടരെ അഞ്ച് സിക്സും ഒരു ഫോറും ഹർദിക് പറത്തി. ഇതോടെ 68 പന്തിൽ ഹർദിക് തന്റെ സ്കോർ മൂന്നക്കം കടത്തി.
ഒരു ഓവറിൽ ആറ് സിക്സ് എന്ന നേട്ടത്തിലേക്ക് ഹർദിക്കിന് എത്താൻ അവസരം തെളിഞ്ഞിരുന്നു. എന്നാൽ അവസാന പന്തിൽ ഫോറാണ് കണ്ടെത്താനായത്. വിദർഭയാണ് ഹർദിക്കിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. 93 പന്തിൽ നിന്ന് മത്സരത്തിൽ ഹർദിക് അടിച്ചെടുത്തത് 133 റൺസ്.
ഹർദിക്കിന്റെ സെഞ്ചുറിയുടെ ബലത്തിലാണ് ബറോഡ നിശ്ചിത ഓവറിൽ 293 എന്ന ടോട്ടൽ കണ്ടെത്തിയത്. 19ാം ഓവറിൽ 71-5 എന്ന നിലയിൽ ബറോഡ തകർന്നിരുന്നു. ഇതോടെ കരുതലോടെ ഹർദിക് ബാറ്റ് വീശുകയായിരുന്നു. ക്രുനാൽ പാണ്ഡ്യക്കൊപ്പം ഹർദിക് അർധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.
ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോൾ മറുവശത്ത് ഉറച്ച് നിന്നാണ് ഹർദിക് ആദ്യം കരുതലോടെയും പിന്നാലെ സ്ട്രൈക്ക്റേറ്റ് ഉയർത്തിയും കളിച്ചത്. 46ാം ഓവറിൽ ആണ് ഹർദിക് പുറത്തായത്. എട്ട് ഫോറും 11 സിക്സും ഉൾപ്പെട്ടതാണ് ഹർദിക്കിന്റെ ഇന്നിങ്സ്.
ഇന്ന് വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു സാംസണും സെഞ്ചുറിയിലേക്ക് എത്തിയിരുന്നു. ഇഷാൻ കിഷന്റെ ജാർഖണ്ഡിനെതിരെയായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി ഇന്നിങ്സ്. സഞ്ജുവും ക്യാപ്റ്റൻ രോഹനും തകർത്തടിച്ചതോടെ 300 റൺസിന് മുകളിൽ കേരളം ചെയ്സ് ചെയ്ത് ജയിച്ചു.
🅾️ വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ചുറിയുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. സഞ്ജുവിനൊപ്പം ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും സ്കോർ മൂന്നക്കം കടത്തിയതോടെ കേരളം ജാർഖണ്ഡ് മുൻപിൽ വെച്ച 312 എന്ന വിജയ ലക്ഷ്യം അനായാസം മറികടന്നു. രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 45 പന്തുകൾ ശേഷിക്കൊണ് കേരളത്തിന്റെ ചെയ്സിങ് ജയം. സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്.
95 പന്തിൽ നിന്ന് ഒൻപത് ഫോറും മൂന്ന് സിക്സും സഹിതം ആണ് സഞ്ജു സാംസൺ 101 റൺസ് സ്കോർ ചെയ്തത്. സഞ്ജുവിനേക്കാൾ കൂടുതൽ അപകടകാരി രോഹൻ കുന്നുമ്മലായിരുന്നു. 78 പന്തിൽ നിന്ന് എട്ട് ഫോറും 11 സിക്സും സഹിതമാണ് രോഹൻ 124 റൺസ് എടുത്തത്.
🅾️ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയും നടിയുമായ ചിത്ര അയ്യരുടെ കുടുംബത്തിൽ നിന്ന് അത്യന്തം സങ്കടകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ചിത്രയുടെ സഹോദരി ശാരദ ഒമാനിലുണ്ടായ ഒരപകടത്തിൽ അന്തരിച്ചു. മസ്‌കറ്റിലെ മലനിരകളിൽ ട്രെക്കിംഗ് നടത്തുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടമാണ് ശാരദയുടെ ജീവൻ കവർന്നത്.
ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം രണ്ട് മണിയോടെയായിരുന്നു അപകടം. പ്രകൃതിയെയും യാത്രകളെയും സ്നേഹിച്ചിരുന്ന ശാരദ, മസ്‌കറ്റിലെ കുന്നുകളിൽ ട്രെക്കിംഗ് നടത്തുകയായിരുന്നു. യാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിതമായ വീഴ്ചയോ അപകടമോ ആണ് മരണകാരണമെന്നാണ് വിവരം. ഏറെ ആവേശത്തോടെ പോയ യാത്ര ഒരു കുടുംബത്തിന്റെയാകെ കണ്ണീരായി മാറുമെന്ന് ആരും കരുതിയിരുന്നില്ല.
തന്റെ പ്രിയപ്പെട്ട സഹോദരിയുടെ വിയോഗവാർത്ത ചിത്ര അയ്യർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
🅾️ ബംഗ്ലാദേശ് പേസർ മുസ്തഫിസൂർ റഹ്‌മാനെ ഐപിഎൽ 2026 സീസണിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ. താരത്തെ ഒഴിവാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ടീമിന് ബിസിസിഐ നിർദേശം നൽകി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. മുസ്തഫിസൂറിന് പകരം മറ്റൊരു താരത്തെ ടീമിലെടുക്കാൻ കൊൽക്കത്തയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.
നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി. സമീപകാലത്തുണ്ടായ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, മുസ്തഫിസൂർ റഹ്‌മാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ കെകെആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർക്ക് പകരക്കാരനെ വേണമെങ്കിൽ ആവശ്യപ്പെടാം, അതിനുള്ള അനുമതി ബിസിസിഐ നൽകും," ദേവാജിത് സൈകിയ പറഞ്ഞു.
🅾️ വാഹനാപകടത്തില്‍ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യയ്‌ക്കും പരിക്ക്. കഴിഞ്ഞ ദിവസം രാത്രി ഗുവാഹത്തിയിലാണ് അപകടം ഉണ്ടായത്.ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. തങ്ങള്‍ സുരക്ഷിതരാണെന്നും നിലവില്‍ ചികിത്സയിലാണെന്നും ആശിഷ് വിദ്യാർത്ഥി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇരുവരെയും ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികനെയും ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തങ്ങള്‍ക്ക് പരിക്കുകള്‍ ഗുരുതരമല്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ ആശിഷ് വിദ്യാർത്ഥി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. നിലവില്‍ രൂപാലി ബറുവ നിരീക്ഷണത്തിലാണ്. 2023ലാണ് ഇരുവരും വിവാഹിതരായത്.
🅾️ എ ഫെയർടെയില്‍ ഫോർ ഗ്രോണ്‍-അപ്പ്സ്' എന്ന യാഷ് ചിത്രത്തിലെ കഥാപാത്രാവിഷ്‌കാരങ്ങള്‍ ഓരോന്നായി പ്രേക്ഷകർക്കു മുന്നിലെത്തുമ്പോള്‍, സിനിമയുടെ ഇരുണ്ടതും ശക്തവുമായ ലോകം കൂടുതല്‍ ആഴത്തിലേക്ക് തുറന്നുകാട്ടുകയാണ്.കിയാര അദ്വാനി അവതരിപ്പിച്ച നാദിയ, ഹുമ ഖുറേഷിയുടെ എലിസബത്ത്, നയൻതാരയുടെ ഗംഗ എന്നീ ശക്തമായ കഥാപാത്രങ്ങള്‍ക്ക് പിന്നാലെ, റെബേക്കയായി താര സുതാര്യയെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പാൻ-ഇന്ത്യൻ സിനിമാരംഗത്തേക്കുള്ള താര സുന്ദരിയുടെ ആദ്യ ചുവടുവെയ്പ്പാണിത്. ഉയർന്ന തലത്തിലുള്ള ആക്ഷനും ശക്തമായ നാടകീയ മുഹൂർത്തങ്ങളും ആഴമേറിയ കഥാപശ്ചാത്തലവും ചേർന്ന 'ടോക്സിക്' ഒരു മഹത്തായ പാൻ-ഇന്ത്യ സിനിമാനുഭവമാവുമെന്ന് ഈ കഥാപാത്രങ്ങളുടെ ക്യാരക്ടർ സൂചിപ്പിക്കുന്നു.
യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രം, ഗീതു മോഹൻദാസിന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന 'ടോക്സിക്', ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ പുറത്തിറങ്ങും.
🅾️ ദളപതി വിജയ് നായകനാകുന്ന അവസാന ചിത്രമായ ജനനായകന്റെ ട്രെയിലർ പുറത്ത്. മാസും ആക്ഷനും ഇമോഷനും എല്ലാം കോർത്തിണക്കിയതാണ് ട്രെയിലർ.ചിത്രത്തില്‍ വിജയ്‌യുടെ മകളായാണ് മമിത ബെെജുവെത്തുന്നത്. പൊലീസ് വേഷം ഉള്‍പ്പെടെ വിവിധ ലുക്കുകളില്‍ വിജയ് ട്രെയിലറില്‍ എത്തുന്നുണ്ട്.
ജനുവരി ഒമ്പതിന് റിലീസ് ചെയ്യുന്ന ജനനായകന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഏറ്റവുമാദ്യം തുടങ്ങുന്നത് കേരളത്തിലാണ്. പുലർച്ചെ ആറിനാണ് ആണ് ആദ്യ പ്രദർശനം ആരംഭിക്കുന്നത്. തമിഴ് നാട്ടില്‍ ആദ്യ ദിവസത്തെ ആദ്യ പ്രദർശനം രാവിലെ ഒമ്പതിനും ബംഗളൂരുവില്‍ രാവിലെ 6.15 നും വിദേശത്ത് രാവിലെ എട്ടിനും ആരംഭിക്കുമെന്നാണ് വിവരം.
🅾️ ന്യൂസിലൻഡിനെതിരായ ഏകദിന പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. യുവതാരം ശുഭ്മാൻ ഗില്‍ നായകനായി തിരിച്ചെത്തുമ്പോള്‍, പരിക്കിന്റെ നിഴലിലായിരുന്ന ശ്രേയസ് അയ്യർ വൈസ് ക്യാപ്ടനായി ടീമില്‍ ഇടംപിടിച്ചു.എന്നാല്‍ ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാല്‍ മാത്രമേ അയ്യർക്ക് കളിക്കാനാകൂ. രോഹിത് ശർമയും വിരാട് കൊഹ്‌ലിയും ടീമിലുള്ളതിനാല്‍ ബാക്കപ്പ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലയാളി ക്രിക്കറ്റ് പ്രേമികളടക്കം ഉറ്റുനോക്കിയ വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഋഷഭ് പന്ത് തന്നെ തുടരും. ഇഷാൻ കിഷൻ, ധ്രുവ് ജുറേല്‍ എന്നിവരുടെ പേരുകള്‍ സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും സെലക്ടർമാർ പന്തില്‍ തന്നെ വിശ്വാസമർപ്പിച്ചു. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനം മുഹമ്മദ് ഷമിയെ ടീമിലെത്തിക്കാൻ പര്യാപ്തമായില്ല. ഷമിയെ വീണ്ടും തഴഞ്ഞത് ആരാധകർക്കിടയില്‍ ചർച്ചയായിട്ടുണ്ട്.
ഓള്‍റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ അഭാവമാണ് ടീമിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. ഒരു മത്സരത്തില്‍ പത്ത് ഓവർ തികച്ച് എറിയാനുള്ള കായികക്ഷമത നിലവില്‍ ഹാർദിക്കിനില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇതോടെ പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാർ റെഡ്ഡി ടീമില്‍ സ്ഥാനം ഉറപ്പിച്ചു. മുൻനിര പേസർ ജസ്പ്രീത് ബുമ്രയ്ക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ടീമിലെ പ്രധാന മാറ്റങ്ങളായി സൂചിപ്പിക്കുന്നത് മുഹമ്മദ് സിറാജ് ടീമിലേക്ക് മടങ്ങിയെത്തി എന്നുള്ളതാണ്. അതേസമയം ഋതുരാജ് ഗെയ്ക്വാദ്, തിലക് വർമ, ധ്രുവ് ജുറേല്‍ എന്നിവർക്ക് സ്ഥാനം നഷ്ടമായി.
പേസ് നിരയില്‍ സിറാജിനൊപ്പം അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവർ നിയന്ത്രിക്കും. കുല്‍ദീപ് യാദവിനൊപ്പം രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറുമാണ് സ്പിൻ കൈകാര്യം ചെയ്യുക. ജനുവരി 11ന് വഡോദരയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം.
ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ഏകദിന ടീം: ശുഭ്മാൻ ഗില്‍ (ക്യാപ്ടൻ), രോഹിത് ശർമ്മ, വിരാട് കൊഹ്ലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്ടൻ), വാഷിംഗ്ടണ്‍ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസീദ് കൃഷ്ണ, കുല്‍ദീപ്, നിതീഷ്‌കുമാർ റെഡ്ഡി, യശസ്വി ജയ്സ്വാള്‍.
🅾️ ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഈ വര്‍ഷത്തെ ഐപിഎല്‍ ക്രിക്കറ്റില്‍നിന്ന് ഒഴിവാക്കിയതിനു പിന്നാലെ ട്വന്റി 20 ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐസിസിയെ സമീപിക്കാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി).ബംഗ്ലാദേശ് താരങ്ങളുടെ സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നീക്കം. അടുത്ത മാസം തുടങ്ങുന്ന ലോകകപ്പിലെ ബംഗ്ലാദേശിന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍ കൊല്‍ക്കത്തയിലാണ് നടക്കുന്നത്. ലോകകപ്പിലെ ബംഗ്ലദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് (ബിസിബി) കായിക മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.ഇക്കാര്യം അറിയിച്ച് ഐസിസിക്ക് കത്തയയ്ക്കാന്‍ ബിസിബിയോടു നിര്‍ദേശിച്ചതായി സര്‍ക്കാര്‍ ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍ പറഞ്ഞു.
______________________
©️
🅾️➖🅾️➖🅾️➖🅾️➖🅾️

0 Comments