Ticker

6/recent/ticker-posts

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനു (എസ്ഐആർ) ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

 🅾➖🅾➖🅾➖🅾➖🅾️


 


          _*പ്രധാന വാർത്തകൾ*_



             _*2026 ഫെബ്രുവരി 22*_

             _*1201 കുംഭം 10*_

            _*1447 റമദാൻ 04*_

 


                    _*ഞായർ*_



🅾➖🅾➖🅾➖🅾➖🅾


*🌴 കേരളീയം 🌴*

--------------------->>>>>>


🅾️ സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഉണ്ടാകുക എന്നാണ് പ്രവചനം.



🅾️ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനു (എസ്ഐആർ) ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. 1,38,27,319 സ്ത്രീകളും 1,31,26,048 പുരുഷന്മാരും 277 ട്രാൻസ്ജെൻഡേഴ്സും 2,23,558  പ്രവാസി വോട്ടർമാരുമാണ് പുതിയ പട്ടികയിലുള്ളത്. 

കഴിഞ്ഞ വർഷം ഒക്‌ടോബറിലെ വോട്ടര്‍പട്ടികയിലെ 2.78 കോടി വോട്ടര്‍മാരിൽ നിന്ന് 9,06,211 പേരാണ് പുതിയ പട്ടികയിൽ പുറത്തായിരിക്കുന്നത്. ഡിസംബര്‍ 23 പ്രസിദ്ധീകരിച്ച കരട് പട്ടികയിലുണ്ടായിരുന്ന 53,229 പേരെയും ഹിയറിങ് കാലയളവയിൽ ഒഴിവാക്കിയിട്ടുണ്ട്. മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവർ എന്നിവരെയാണ് ഒഴിവാക്കിയത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ലഭിച്ച 13,51,151 പുതിയ അപേക്ഷകളും, പ്രവാസി വോട്ടർമാരാകാൻ ലഭിച്ച 1,59,111 അപേക്ഷകളും അംഗീകരിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതിനായി ഏകദേശം 36 ലക്ഷത്തിലധികം നോട്ടീസുകൾ അയച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി. വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ ഇനിയും അവസരമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസംവരെ പേര് ചേർക്കാം. 

വോട്ടർ ഐ.ഡി നമ്പർ ഉപയോഗിച്ചോ, പേര്, ബന്ധുവിന്റെ പേര്, ജനനത്തീയതി, ജില്ല, മണ്ഡലം തുടങ്ങിയ വിവരങ്ങൾ നൽകിയോ പരിശോധിക്കാം. വ്യക്തിഗത വിവരങ്ങൾ നൽകിയോ, വോട്ടർ പട്ടികയുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നൽകി ഒടിപി വഴിയോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ (https://electoralsearch.eci.gov.in) വിവരങ്ങൾ തിരയാവുന്നതാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അതത് പോളിംഗ് സ്റ്റേഷനുകളിലെ വോട്ടർ പട്ടികയുടെ പിഡിഎഫ് രൂപം ഡൗൺലോഡ് ചെയ്തും പേര് പരിശോധിക്കാവുന്നതാണ്.



🅾️  കേരളത്തില്‍ സ്പെഷ്യല്‍ ഇന്‍റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടികള്‍ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.ഹിയറിംഗ് നടപടികള്‍ക്ക് ശേഷവും പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും നിയമപരമായ അപ്പീല്‍ നല്‍കാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനിടയില്‍ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് അപ്പീല്‍ സമർപ്പിക്കാവുന്നതാണ്.

ഒന്നാം അപ്പീല്‍: ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസറുടെ (ERO) തീരുമാനത്തിനെതിരെ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 24(a) പ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (ജില്ലാ കളക്ടർ) അപ്പീല്‍ നല്‍കാം. തീരുമാനം അറിഞ്ഞ് 15 ദിവസത്തിനകം വേണം ഈ അപ്പീല്‍ സമർപ്പിക്കാൻ.

രണ്ടാം അപ്പീല്‍: ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിൻമേല്‍ തൃപ്തരല്ലെങ്കില്‍ സെക്ഷൻ 24(b) പ്രകാരം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (CEO) രണ്ടാം അപ്പീല്‍ നല്‍കാവുന്നതാണ്. ആദ്യ അപ്പീലിലെ ഉത്തരവ് ലഭിച്ച്‌ 30 ദിവസത്തിനകം ഇതിനായി അപേക്ഷിക്കണം.

സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിലെ കൃത്യത ഉറപ്പാക്കാനാണ് ഈ നടപടികള്‍. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ പേരുകള്‍ ചേർക്കാനുള്ള സൗകര്യം നിലവിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വ്യക്തമാക്കി.



🅾️ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ തന്നോട് പക വീട്ടുകയായിരുന്നെന്ന് തന്ത്രി കണ്ഠരര് രാജീവരരുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിവാദം ശക്തമാകുന്നു. തന്ത്രിയെ അനുകൂലിച്ച് പ്രതിപക്ഷം രംഗത്തെത്തിയപ്പോൾ, പ്രസ്താവനയെ പൂർണമായി തള്ളി സർക്കാർ രംഗത്തെത്തി.

പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഇക്കാര്യത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണം ഉന്നയിക്കുന്നത്. തന്ത്രിക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ അന്വേഷണസംഘത്തിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷ നേതാവ്, അറസ്റ്റിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവർത്തിച്ചു. തന്ത്രിയെ ജയിലിൽ ഇട്ടത് എന്തിനെന്ന് അന്വേഷണസംഘം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

തെളിവിന്റെ ഒരു അംശം പോലും ഇല്ലാതെ ശബരിമല തന്ത്രിയെ പോലൊരാളെ 41 ദിവസം ജയിലിൽ ഇട്ടതിന് പിന്നിൽ സിപിഎം നേതാക്കൾക്കെതിരായ ആരോപണങ്ങൾ മൂർച്ച വെച്ചപ്പോൾ അതിൽനിന്ന് വഴിതിരിച്ചു വിടാൻ ആയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.  മുഖ്യമന്ത്രിയുടെ ഓഫീസിൻറെ സ്വാധീനത്തിൽ തന്ത്രിയെ അറസ്റ്റ് ചെയ്തുവെന്ന് ആരോപണമുണ്ട്. കോടതി പറഞ്ഞത് തെളിവുകളില്ലെന്നാണ്. തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള കാരണം ഡിവിഷൻ ബെഞ്ച് അന്വേഷിക്കണം എന്നും വിഡി സതീശൻ പറഞ്ഞു.



🅾️ ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്ഐടി പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ്. തന്ത്രിയെ മനപൂർവം കുടുക്കി. രാഷ്ട്രീയ ഇടപെടൽ ഉണ്ടായി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എസ്ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



🅾️ സർക്കാരിനെതിരായ തന്ത്രിയുടെ വിമർശനം തള്ളി മന്ത്രി എംബി രാജേഷാണ് ആദ്യം രംഗത്തെത്തിയത്. തന്ത്രിയ്ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും കുറ്റാരോപിതനായ ആളെയല്ല ഹൈക്കോടതിയെയാണ് വിശ്വസിക്കുന്നതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.യുവതീ പ്രവേശന സമയത്ത് എന്തെല്ലാം ഗൂഢാലോചന നടന്നുവെന്ന് ഇപ്പോൾ വ്യക്തമായി. ഇപ്പോൾ നടക്കുന്ന ഗൂഢാലോചന പിന്നീട് വ്യക്തമാകുമെന്നും മന്ത്രി പ്രതികരിച്ചു.

ശബരിമല യുവതീപ്രവേശനത്തെ എതിർത്തതിലുള്ള വൈരാഗ്യം തീർക്കാൻ സർക്കാർ തന്നെ കുടുക്കിയതാണെന്ന തന്ത്രിയുടെ വാദത്തിന് അടിസ്ഥാനമില്ലെന്ന് നിയമമന്ത്രി പി രാജീവും പ്രതികരിച്ചു. പോലീസ് സ്വതന്ത്രമായാണ് അന്വേഷണം നടത്തുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ച് ആരെയും വേട്ടയാടുന്ന നയം സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റ് നടന്ന സമയത്ത് മൗനം പാലിച്ച പ്രതിപക്ഷം, ഇപ്പോൾ തന്ത്രിയുടെ വാദങ്ങൾ രാഷ്ട്രീയ ലാഭത്തിനായി ഏറ്റുപിടിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.



🅾️ ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ‌.തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് എംവി ഗോവിന്ദൻ‌ പറഞ്ഞു. എസ്‌ഐടി അന്വേഷണം പൂർത്തിയായിട്ടില്ല. കോണ്‍ഗ്രസ്സുകാർക്കും സ്വർണക്കൊള്ളയില്‍ പങ്കുണ്ട്. പോറ്റിയെ കേറ്റിയത് വേണുഗോപാലാണപ്പ എന്ന് കണ്ടെത്തിയതോടെ മിണ്ടാട്ടമില്ലെന്നും എംവി ഗോവിന്ദൻ‌ കണ്ണൂരില്‍ പറഞ്ഞു.

സിപിഎമ്മിനും സർക്കാരിനുമെതിരെയായി വരുമ്പോള്‍ മാത്രമാണ് വാർത്ത. ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ വന്നാല്‍ വാർത്തയല്ല. തന്ത്രിയെ പിടിച്ചപ്പോള്‍ ബിജെപി സന്ദർശക ഗാലറിയിലേക്കാണ് കയറിപ്പോയത്. ഇഡി വന്നപ്പോള്‍ തന്ത്രിയുടെ അടുത്ത് മാത്രം പോയില്ല. ഇതിനെല്ലാം പിറകില്‍ രാഷ്ട്രീയമാണ്. ശബരിമലയിലെ ഒരു തരിപോലും സ്വർണം നഷ്ടപ്പെടാൻ പാടില്ല. ആരെയും സംരക്ഷിക്കില്ല. എല്ലാവരേയും പിടിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍ ഞങ്ങള്‍ സംരക്ഷിക്കാനുണ്ടെന്ന് നാണം കെട്ട രീതിയില്‍ പറയുകയാണ് ‍യുഡിഎഫും ബിജെപിയുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. യുവതി പ്രവേശനത്തെ എതിർത്തതാണ് തന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന പരാമർ‍ശത്തോട് തന്ത്രിയെല്ലാം പെരുങ്കള്ളൻമാരുടെ പട്ടികയില്‍ പെട്ടിരിക്കുകയല്ലേ എന്നായിരുന്നു എംവി ഗോവിന്ദൻ്റെ മറുപടി.



🅾️ തന്ത്രി കണ്ഠര് രാജിവരര്‍ക്ക് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുദോപാല്‍ രംഗത്ത്.മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് .ജാമ്യവിധി പരിശോധിക്കുമ്പോള്‍ എന്തോ പകയോടെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്‌തെന്ന് മനസ്സിലാകും.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുർെ അറസ്റ്റ്.സർക്കാരും, SIT യും മറുപടി പറയണം.കോടതി നിരീക്ഷണം പരിശോധിക്കുമ്പോള്‍ ഒരു തെളിവു പോലുമില്ലാതെയാണ് അറസ്റ്റ് എന്ന് മനസ്സിലാകും.കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയാല്‍ ഇപ്പോഴത്തെ SIT അന്വേഷണത്തിലെ വീഴ്ച ഉള്‍പ്പെടെ അന്വേഷി്കും.അതിന് വേണ്ടി ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു



🅾️ തന്ത്രിക്ക് ജാമ്യം നല്‍കിയ ഉത്തരവിനെതിരെ എസ്‌ഐടി ഹൈക്കോടതിയെ സമീപിക്കും. ഉത്തരവിലെ പരാമർശങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കാതെയെന്നാണ് എസ്‌ഐടിയുടെ ആക്ഷേപം.തന്ത്രിക്കെതിരെ നിരവധി തെളിവുകളുണ്ട്. ജാമ്യ ഹർജിയില്‍ ഈ തെളിവുകള്‍ പൂർണമായും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. കീഴ്കോടതി ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കും. ഉത്തരവിലെ പരാമർശങ്ങള്‍ പൂർണമായും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്‌ഐടി ഹൈക്കോടതിയെ സമീപിക്കുക.

അതേസമയം, ശബരിമല തന്ത്രിയുടെ ജാമ്യത്തിനെതിരായ അപ്പീലില്‍ സർക്കാർ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. കൊല്ലം കോടതി വിധി അവസാന വിധി പോലെ ആയിരുന്നു. സുപ്രീം കോടതി വിധി പോലെ ആയിരുന്നു ഉത്തരവിൻ്റെ സ്വഭാവം. തന്ത്രിക്ക് ജാമ്യ അനുവദിച്ചുള്ള കോടതി ഉത്തരവില്‍ അസാധാരണത്വം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



🅾️ ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മിഷണറുമായിരുന്ന എൻ വാസുവിനും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) സമൻസ്. ഇരുവരോടും മാർച്ച് ആദ്യവാരം ഹാജരാകാനാണ് ഇഡി നിർദേശം നൽകിയിരിക്കുന്നത്. ഇതിൽ തന്ത്രിയോട് മാർച്ച് നാലിന് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ പ്രതിപ്പട്ടികയിലുള്ള മുഴുവൻ ആളുകളെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നടപടി. ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവർ നേരത്തെ തന്നെ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു. തന്ത്രി രാജീവരും പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് തെളിവിൻ്റെ ഒരു കണിക പോലുമില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് അടുത്തിടെ വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. സ്വാഭാവിക ജാമ്യമല്ലാത്ത ഈ വിധി തൊണ്ണൂറ് ദിവസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ലഭിച്ചത് തന്ത്രിക്കും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കും വലിയ ആശ്വാസമാണ് നൽകിയത്. ഇതിനിടയിലാണ് ഇരുവർക്കും കുരുക്കായി ഇഡിയുടെ നോട്ടിസ് എത്തുന്നത്.

തന്ത്രിയുടെ സാമ്പത്തിക വരുമാനത്തെയോ സ്രോതസ്സുകളെയോ കുറിച്ച് അസ്വാഭാവികമായി യാതൊന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല എന്നാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ശബരിമലയിലെ മണ്ഡലകാലത്ത് ഭക്തർ നൽകുന്ന പണം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും ഒന്നിടവിട്ടുള്ള മണ്ഡലകാലങ്ങളിൽ കണ്ഠര് രാജീവരും കണ്ഠര് മഹേഷും മാറിമാറി വരുമ്പോൾ ഇത്തരത്തിൽ വലിയൊരു തുക അദ്ദേഹത്തിന് ലഭിക്കാറുണ്ടെന്നുമാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നത്.

ഇഡി ചോദ്യം ചെയ്യുമ്പോഴും ഇതേ കാര്യങ്ങൾ തന്നെയാകും തന്ത്രി വിശദീകരിക്കുക. എന്നാൽ പത്തനംതിട്ടയിലെയും കുന്നംകുളത്തെയും ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ തന്ത്രിക്കും കുടുംബത്തിനും കോടികളുടെ നിക്ഷേപമുണ്ടെന്നും തിരുവല്ലയിൽ സ്വന്തമായി കെട്ടിടമുണ്ടെന്നുമുള്ള ആരോപണങ്ങളെ തുടർന്ന് ഇത്രയും വലിയൊരു നിക്ഷേപം നടത്താൻ എങ്ങനെ കഴിഞ്ഞു എന്നതിലാകും ഇഡി പ്രധാനമായും വ്യക്തത തേടുക.

വിഷയത്തിൽ ഇഡിക്ക് മേൽ വലിയ രീതിയിലുള്ള രാഷ്ട്രീയ ആരോപണങ്ങളും ഉയരുന്നുണ്ട്. ബിജെപി എക്കാലത്തും തന്ത്രിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അദ്ദേഹം അറസ്റ്റിലായ സമയത്ത് ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് സന്ദീപ് വചസ്പതി അദ്ദേഹത്തിൻ്റെ ചെങ്ങന്നൂരിലെ വീട്ടിലെത്തുകയും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോൾ മുതിർന്ന ബിജെപി നേതാവ് പിഎസ് ശ്രീധരൻപിള്ള നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായുള്ള ഈ അടുപ്പം കാരണം തന്ത്രിക്കെതിരെയുള്ള ഇഡി നടപടി കേവലം ഒരു നടപടിക്രമം മാത്രമായി ഒതുങ്ങാനാണ് സാധ്യതയെന്നും വിലയിരുത്തലുകളുണ്ട്.എന്നാൽ സിപിഎം നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ എൻ വാസുവിൻ്റെ കാര്യത്തിൽ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. വാസുവിന് അനധികൃതമായി സമ്പാദിച്ച വലിയ സ്വത്തുക്കളുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. സംസ്ഥാനം ഒരു തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സമയത്തുള്ള ഈ ഇഡി ഇടപെടലുകൾക്ക് വലിയ രാഷ്ട്രീയ മാനങ്ങളാണുള്ളത്.



🅾️ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടന പത്രിക തയാറാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടാന്‍ മാനിഫെസ്റ്റോ കമ്മിറ്റി തീരുമാനിച്ചു.ഇതിനായി വിവിധ സോണുകളിലായി യോഗങ്ങള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 25-ന് തിരുവനന്തപുരത്തും ഫെബ്രുവരി 28-ന് എറണാകുളത്തും മാര്‍ച്ച്‌ 3-ന് കോഴിക്കോടുമാണ് യോഗം. പൊതുജനങ്ങള്‍ക്ക് udfmanifesto2026@gmail.com എന്ന ഇ-മെയിലിലും 9013997193 എന്ന വാട്ട് സപ്പ് നമ്പറിലും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. വെള്ളിയാഴ്ച ചേര്‍ന്ന മാനിഫെസ്റ്റോ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് പൊതുജനാഭിപ്രായം തേടാന്‍ തീരുമാനിച്ചത്.



🅾️ കണ്ണൂര്‍ പാലത്തായിയില്‍ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് കെ പത്മരാജന് സർക്കാർ പരോള്‍ അനുവദിച്ചു.ജയില്‍ സൂപ്രണ്ട് നല്‍കിയ അടിയന്തര പരോളിന് പുറമെയാണിത്. സഹോദരി മരിച്ചതാണ് പരോള്‍ നല്‍കാൻ കാരണം. ഈമാസം 3 മുതല്‍ ആണ് പുറത്തിറങ്ങിയത്. കേസില്‍ നവംബർ 15 ന് പത്മരാജനെ ശിക്ഷിച്ചത്. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവും ശിക്ഷയാണ് പത്മരാജനെതിരെ വിധിച്ചത്. ബലാത്സംഗ കേസുകളില്‍ നീണ്ട പരോള്‍ അനുവദിക്കാറില്ല.

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച്‌ മൂന്ന്‌ തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്. പോക്സോ കുറ്റങ്ങളില്‍ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കേസില്‍ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തില്‍ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്‌ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.



🅾️ ബിജെപി സംസ്ഥാൻ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ച്‌ മഹിള കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ആർ രശ്മി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ നിന്ന് രശ്മി കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. നെഞ്ചോട് ചേർത്ത് പിടിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊട്ടാരക്കരയില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് പാർട്ടിയില്‍ നിന്ന് അകലാൻ കാരണമെന്നും രശ്മി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തന്റെ അനുഭവങ്ങള്‍ പൊതുസമൂഹത്തോട് തുറന്നു പറയും. ഐഷാ പോറ്റിയുടെ കടന്നുവരവല്ല തന്റെ തീരുമാനത്തിന് പിന്നിലെന്നും രശ്മി വ്യക്തമാക്കി. ഒരു വിഭാഗം മനപ്പൂർവ്വം അകറ്റിനിർത്തി. കോണ്‍ഗ്രസിലെ ഒരാള്‍ തന്നെക്കുറിച്ച്‌ മോശം വാക്കുകള്‍ പറഞ്ഞു. നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. പാർട്ടി വിടുന്നു എന്ന വാർത്തകള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് സംസാരിച്ചു. കൊടിക്കുന്നില്‍ സുരേഷും വി ഡി സതീശനും മാത്രമാണ് തന്നോട് സംസാരിച്ചത്. സാമ്പത്തിക വിഷയമല്ല പാർട്ടി വിടാൻ കാരണമെന്നും രശ്മി പറഞ്ഞു. കൊട്ടാരക്കര കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നും ഏതു മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ തീരുമാനിക്കുമെന്നും രശ്മി പറഞ്ഞു.



🅾️ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോഗ്യമന്ത്രി വീണ ജോർജിൻറെ ഔദ്യോഗിക വസതിക്ക് മുന്നിൽ റീത്തുമായി എത്തിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വീണ ജോർജിൻറെ വീടിന് മുന്നിൽ പൊലീസിനെ മറി കടന്ന് ഇരച്ച് കയറിയ പ്രവർത്തകർ വീടിൻറെ വാതിലിൽ റീത്ത് വെച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ റീത്ത് എടുത്ത് മാറ്റി. 

തന്റെ വസതിക്ക് നേരെ നടന്ന പ്രതിഷേധം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേരിട്ടുള്ള നിർദേശപ്രകാരം നടന്ന ആസൂത്രിത ആക്രമണമാണെന്ന് പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജ് പറഞ്ഞു.



🅾️ സ്വർണവില ലക്ഷങ്ങൾ കടന്ന് മുന്നേറുകയാണ്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 1,400 രൂപ വർധിച്ച് 1,16,800 രൂപയിലെത്തി. ഗ്രാമിന് 175 രൂപ വർധിച്ച് 14,600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. ശനിയാഴ്ച വൈകീട്ടോടെ 880 രൂപ പവന് കൂടിയിരുന്നു. 24 മണിക്കൂറിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 2280 രൂപയാണ് കൂടിയത്.

സ്വർണവില ഉയർന്നതിനു പിന്നാലെ ഇന്നത്തെ സ്വർണവില തിരഞ്ഞ് ഗൂഗിളിൽ എത്തിയത് ലക്ഷക്കണക്കിന് ആളുകളാണ്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഒരു മില്യൺ ആളുകളാണ് സ്വർണവില ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡിങ്ങിലും സ്വർണവില ഒന്നാമതെത്തിയിരുന്നു.



🅾️ എറണാകുളം ആലുവയില്‍ ഇന്നലെ രാത്രി ഉണ്ടായ രണ്ട് വാഹനാപകടങ്ങളിലായി രണ്ട് പേർ മരിച്ചു.ആലങ്ങാട് പാനായിക്കുളം തോട്ടകത്ത് വീട്ടില്‍ സാബുവിന്‍റെ മകൻ സാജു ജോസഫ് (27 ), തോട്ടയ്ക്കാട്ടുകര കുഴിനികത്തില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍റെ മകൻ ആദിത്യൻ (27] എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ആലുവ ഇസ്ലാമിക് സ്കൂളിന് സമീപം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് സാജു ജോസഫ് മരിച്ചത്. പറവൂർ കവലയില്‍ രാത്രി അജ്ഞാത വാഹനമിടിച്ചാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആദിത്യൻ മരിച്ചത്.



🅾️ കുറ്റിപ്പുറം എടച്ചലത്ത് ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്നയാണ് ആശുപത്രിയില്‍ വെച്ച്‌ മരിച്ചത്. ലസ്നയ്ക്കൊപ്പം മാതാവ് ഷഹല, സഹോദരി മിന്‍സ, ഹക്കീമിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയും കടുത്ത വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗര്‍ഭിണിയായ ഷഹലയ്ക്കും മറ്റൊരു മകള്‍ മിന്‍സയ്ക്കും കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കി ചികിത്സ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ലസ്ന കുഴഞ്ഞുവീണത്. ലസ്നയുടെ മരണത്തിന് പിന്നാലെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ തയ്യാറാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം ഭക്ഷ്യവിഷബാധയാണോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.



🅾️ വ്യായാമത്തിനുള്ള ഡംബല്‍ ഉപയോഗിച്ച്‌ അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസില്‍ ചെറുമകന് ഒൻപത് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു.അരൂർ ആറാം വാർഡ് അക്ഷയ് നിവാസിലെ അനന്തു(26)വിനെയാണ് ആലപ്പുഴ അഡീഷണല്‍ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പട്ടണക്കാട് പുതിയകാവില്‍ താമസിച്ചിരുന്ന ശാന്ത (72) 2019 ജൂണ്‍ ഒൻപതിന് രാത്രിയാണ് കൊല്ലപ്പെട്ടത്. ശാന്തയുടെ മൂത്ത മകള്‍ ഷീലയുടെ മകനാണ് അനന്തു. മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന ഇയാള്‍ ലഹരിക്കായി പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാത്തതിനെ തുടർന്ന് പ്രകോപിതനായി ആക്രമിച്ചതായാണ് കേസ്.

സംഭവത്തിന് ശേഷം അനന്തു പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.



🅾️ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്.ചുവരില്‍ സ്വയം എഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. നമുക്ക് വേണം വികസിത നേമം എന്നാണ് ചുവരില്‍ എഴുതിയിട്ടുള്ളത്.

എന്നാല്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയിട്ടില്ല. നേമത്തിന്‍റെ മാറ്റത്തിന്‍റെ തുടക്കമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്ത് മത്സരിക്കാനാണ് ആഗ്രഹം. പാര്‍ട്ടി ദേശീയ ഘടകം അത് തീരുമാനിക്കട്ടെ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തനിക്ക് നേമത്ത് മത്സരിക്കാൻ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാർഥി സാധ്യത പട്ടിക പുറത്ത് വന്നിരുന്നു. 30 സീറ്റിലാണ് നിലവില്‍ സാധ്യത പട്ടിക കണക്കാക്കിയിരിക്കുന്നത്.

നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനും മത്സരിക്കും. മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രൻ, പാലക്കാട്- കായംകുളം സീറ്റുകളില്‍ ശോഭ സുരേന്ദ്രന്‍റെ പേരും പരിഗണനയിലുണ്ട്. വട്ടിയൂർകാവില്‍ ആർ ശ്രീലേഖയും കൃഷ്ണ കുമാറും, മലമ്പുഴയില്‍ സി കൃഷ്ണകുമാറും മത്സരരംഗത്തുണ്ടാവും. പാലയില്‍ ഷോണ്‍ ജോർജും, തിരുവല്ലയില്‍ അനൂപ് ആന്റണിയും മത്സരിക്കും.



🅾️ അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നല്‍കിയ കുഞ്ഞുമാലാഖ ആലിൻ ഷെറിനെ മൻകി ബാത്തില്‍ അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങള്‍ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയതെന്നും മോദി പരാമർശിച്ചു. എല്ലാമായ കുഞ്ഞിനെ നഷ്‌ടപ്പെടുന്നത് രക്ഷിതാക്കള്‍ക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിൻ്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ തീരുമാനിച്ചു.

എന്തൊരു വലിയ തീരുമാനമാണതെന്നും പ്രധാനമന്ത്രി. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിൻ്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തില്‍ പ്രതിഫലിച്ചത്. സ്വന്തം കുഞ്ഞ് നഷ്‌ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കള്‍ മുന്നോട്ട് വന്നത്. ആലിൻ ഷെറിൻ്റെ പേര് എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അവയവദാനത്തില്‍ ഇന്ത്യ മുന്നിലാണെന്നും മോദി ചൂണ്ടിക്കാട്ടി.



🅾️ നിലമ്പൂര്‍ കാട്ടിലെ കടുവകളുടെ കണക്കെടുക്കാന്‍ 260 കാമറകള്‍ സ്ഥാപിച്ചു. ദേശീയ കടുവസംരക്ഷണ അതോറിറ്റി നടത്തുന്ന കടുവ കണക്കെടുപ്പിന്റെ മൂന്നാംഘട്ടത്തിന്റെ ഭാഗമായാണ് നടപടി.നിലമ്പൂര്‍ സൗത്ത് വനം ഡിവിഷനിലും സൈലന്റ് വാലിയുടെ ഭാഗമായ വനമേഖലയിലുമായി 130 ഗ്രിഡുകളിലായാണ് കാമറകള്‍ സജ്ജമാക്കിയിരിക്കുന്നത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സൗത്ത് ഡിവിഷനില്‍ മാത്രമാണ് കാമറകള്‍ ഉപയോഗി ച്ചുള്ള മൂന്നാം ഘട്ട സര്‍വേ നടക്കുന്നത്. നോര്‍ത്ത് ഡിവിഷനെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എട്ട് ദിവസങ്ങള്‍ നീണ്ടുനിന്ന സര്‍വേയില്‍ കടുവകളെ നേരിട്ട് കാണുക, കാഷ്ഠം, ടെറിറ്ററി മാര്‍ക്ക്, കാല്‍പ്പാടുകള്‍ തുടങ്ങിയവ വഴിയാണ് വന മേഖലകളെ ബ്ലോക്കുകളാക്കി തിരിച്ച്‌ സാന്നിധ്യം മനസിലാക്കിയത്. ഒന്നാം ഘട്ടത്തില്‍ ലഭിച്ച വിവരങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തു.

മൂന്നാം ഘട്ടത്തില്‍ കടുവാ സാന്നിധ്യമുള്ളതായി കണ്ടെത്തിയ മേഖലകളെ 130 ഗ്രിഡുകളാക്കി തിരിച്ച്‌ കാമറകള്‍ മുഖേന കണ ക്കെടുപ്പ് ആരംഭിച്ചു. രണ്ട് ചതുരശ്ര കിലോമീറ്റര്‍ ഉള്‍പ്പെടുന്നതാണ് ഒരു ഗ്രിഡ്. ഓരോ ഗ്രിഡിലും ആറു മുതല്‍ പത്ത് മീറ്റര്‍ വരെ അകലത്തില്‍ മുഖാമുഖമായാണ് രണ്ട് കാമറകള്‍ വീതം സ്ഥാപിക്കുന്നത്. കടുവയുടെ വയര്‍ഭാഗത്തെ വരകള്‍ കൃത്യമായി പതിയാന്‍, ഭുനിരപ്പില്‍നിന്ന് ഒന്നരയടി ഉയരം ക്രമീകരിച്ചാണ് കാമറകള്‍ ഉറപ്പിച്ചിട്ടുള്ളത്. കാമറകളുടെ വിന്യാസം കരുളായി റെയ്ഞ്ചില്‍ പട ക്ക ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ 47 ഗ്രിഡുകളിലും നെടുങ്കയം സ് റ്റേഷന് കീഴില്‍ 60 ഗ്രിഡുകളിലുമായി 214 കാമറകള്‍ സ്ഥാപിച്ചു.



🅾️ ടർഫില്‍ കളിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാർഥിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.ഞാറയ്ക്കല്‍ പെരുമ്പിള്ളി കമ്മട്ടിക്കാട് അജിതിന്‍റെ മകൻ അർജുൻ കുമാർ (17) ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഓണ്‍ലൈൻ ഗെയിമിലെ ഏതെങ്കിലും ടാസ്കിന്റെ ഭാഗമായിട്ടാകാമോ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നു.എന്നാല്‍ സ്വന്തമായി ബാങ്ക് അക്കൗണ്ടോ ഗൂഗിള്‍ പേയോ ഇല്ലാത്തതിനാല്‍ അത്തരത്തിലുള്ള ഗെയിമുകളില്‍ കുട്ടി ഏർപ്പെട്ടിരിക്കാൻ സാധ്യത ഇല്ലെന്നാണ് കുടുംബം പറയുന്നത്.

മൊബൈല്‍ ഫോണ്‍ പരിശോധിച്ച ശേഷം അർജുൻ കുമാർ അസ്വസ്ഥനാകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടതായി ബന്ധുക്കള്‍ പറഞ്ഞു. കളമശ്ശേരി ഗവ. പോളിടെക്നിക് വിദ്യാർഥിയായ അർജുൻകുമാറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും കുടുംബം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായിരുന്നോയെന്ന സംശയവും ബന്ധുക്കള്‍ ഉയർത്തുന്നു.

ഫെബ്രുവരി 19ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനിരിക്കെ ഇപ്പോള്‍ തിരിച്ചെത്താം എന്ന് പറഞ്ഞാണ് അർജുൻകുമാർ വീട്ടില്‍ നിന്നിറങ്ങിയത്. വൈകിട്ടായിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മാലിപ്പുറം ചാപ്പക്കടപ്പുറത്ത് ഒറ്റയ്ക്ക് നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. തുടർന്ന് വെള്ളിയാഴ്ച വൈകീട്ടോടെ എളങ്കുന്നപ്പുഴ കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. അർജുൻ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അർജുൻകുമാറിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് പരിശോധനാഫലം ലഭിക്കുന്നതുവരെ കൂടുതല്‍ നിഗമനങ്ങളില്‍ എത്താൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം സംസ്കരിച്ചു.



🅾️ കാസർകോട് മോഷണക്കുറ്റം ആരോപിച്ച്‌ അപമാനിക്കാൻ ശ്രമിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി കുടുംബം.ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തില്‍ ജസീല പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കാൻ ശ്രമിച്ചിച്ചെങ്കിലും പൊലീസ് അത് സ്വീകരിച്ചില്ലെന്നും ജസീലയുടെ വീഡിയോയില്‍ പറയുന്നു. വളരെ ദുഖകരമായ അവസ്ഥയിലൂടെയാണ് ജസീലയുടെ കുടുംബം കടന്നുപോകുന്നത്. ജസീലയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഒൻപതര പവൻ നഷ്ടപ്പെട്ടു എന്ന പരാതി വരുന്നത്. ആദൂർ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടർന്ന് ജസീലയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ജസീലയുെട പങ്ക് തെളിയിക്കാനായില്ല.

സംഭവത്തില്‍ എഫ്‌ഐആർ തയ്യാറാക്കിയില്ലെന്ന് ആദൂർ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിളിച്ച്‌ അന്വേഷിക്കുക മാത്രമാണ് ചെയ്തത്. സുഹൃത്ത് വിളിച്ചതിനെ തുടർന്നാണ് ജസീല അവരുടെ വീട്ടില്‍ പോയതെന്ന് ഉമ്മ പറയുന്നു. അവരുടെ വീട്ടില്‍ നിന്ന് സ്വർണം കാണാതായതിനെ തുടർന്ന് ജസീലയാണ് എടുത്തതെന്ന് ആരോപിച്ച്‌ വീട്ടിലെത്തി ബഹളം വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഉമ്മ പറയുന്നു. ആറും നാലും വയസുളള രണ്ട് കുട്ടികളുണ്ട്. ഉമ്മ മരിച്ചതറിയാതെ കുഞ്ഞുങ്ങള്‍ അമ്മയെവിടെയെന്ന് ചോദിക്കുന്നതായും ജസീലയുടെ ഉമ്മയുടെ വാക്കുകള്‍.

താനല്ല ഇത് ചെയ്തതെന്ന് ഖുറാനില്‍ തൊട്ട് ജസീല സത്യം ചെയ്തിരുന്നു. എന്നിട്ടും അവരൊന്നും വിശ്വസിച്ചില്ല. ഭർത്താവിന്റെ കുടുംബവും വലിയ രീതിയില്‍ ജസീലക്കെതിരെ ആക്ഷേപമുന്നയിച്ചു. ഈ സംഭവങ്ങളെ തുടർന്ന് വലിയ മാനസിക വിഷമത്തിലായ ജസീല കഴിഞ്ഞ ഞായറാഴ്ചയാണ് എലിവിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുന്നത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. എസ് പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് കുടുംബം പറയുന്നു. സ്വർ‌ണം കാണാതായതിലും അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിക്കുന്നു.



🅾️ ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘർഷം. ഇന്ന് പുലർച്ചെയാണ് തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയത്.

തോക്ക് ചൂണ്ടി ഭീഷണിയും പിന്നാലെ കൂട്ടമർദ്ദനവുമുണ്ടായി. തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണുവാണ് തോക്ക് ചൂണ്ടി രണ്ടാമത്തെ സംഘത്തെ ഭീഷണിപ്പെടുത്തിയത്. ഇതോടെ വിഷ്ണുവിന്റെ തലയില്‍ രണ്ടാമത്തെ സംഘം പട്ടിക ഉപയോഗിച്ച്‌ അടിച്ചു. പിന്നാലെ രണ്ട് സംഘങ്ങളും തമ്മില്‍ കൂട്ടത്തല്ലുണ്ടാകുകയായിരുന്നു. അതിക്രമങ്ങളില്‍ പത്തോളം പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന റിവോള്‍വർ പൊലിസ് പിടിച്ചെടുത്തു.



🅾️ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവിച്ച്‌ മരിക്കാനാണ് തന്‍റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.ഇത്രയുമേയുള്ളു തന്‍റെ ആഗ്രഹം. അതിനപ്പുറം ഒന്നും താൻ ആഗ്രഹിക്കുന്നില്ല. ഇത് പറഞ്ഞാല്‍ അപകടമാകില്ല എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഉത്തരേന്ത്യയിലെ പത്രങ്ങള്‍ മുഴുവൻ സുരേഷ് ഗോപി രാജിവെച്ചു, ഗുരുവായൂർ ദേവസ്വം ചെയര്‍മാനായിട്ട് പോയി എന്ന് എഴുതും. ഇതൊക്കെ വലിയ പുകിലാക്കി കളയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, സ്ത്രീകള്‍ ഇന്ന് വെറും വികസന ഗുണഭോക്താക്കളല്ല, മറിച്ച്‌ ഇന്ത്യയുടെ പുരോഗതിയുടെ ശില്പികളായി മാറിയിരിക്കുകയാണെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിലെ താജ് വിവാന്തയില്‍ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച 'ദേവി അവാർഡ്' ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണം എന്നത് അവർക്ക് അധികാരം നല്‍കലല്ല, മറിച്ച്‌ അവർക്കുള്ളില്‍ തന്നെയുള്ള കരുത്തിനെ തിരിച്ചറിയുക എന്നതാണ്.



🅾️ സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പർ സ്പെഷ്യാലിറ്റിയില്‍ 4 മെഡിക്കല്‍ പി ജി സീറ്റുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം സി എച്ച്‌ സർജിക്കല്‍ ഗ്യാസ്ട്രോഎൻട്രോളജി, തൃശൂർ മെഡിക്കല്‍ കോളേജില്‍ ഡിഎം നിയോനെറ്റോളജിയിലും 2 സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭ്യമായത്. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് 133 മെഡിക്കല്‍ പിജി സീറ്റുകള്‍ക്കാണ് അനുമതി ലഭ്യമായത്.

ഈ രണ്ട് കോഴ്സുകളും തുടങ്ങാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരിക്കുകയും തസ്തിക സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഉദര സംബന്ധമായ രോഗങ്ങള്‍ക്ക് ശസ്ത്രക്രിയാ ചികിത്സ നല്‍കുന്നതിനുള്ള സൂപ്പർ സ്പെഷ്യാലിറ്റി കോഴ്‌സാണ് എംസിഎച്ച്‌ സർജിക്കല്‍ ഗ്യാസ്ട്രോഎൻട്രോളജി. കാൻസർ, കരള്‍ രോഗങ്ങള്‍, പാൻക്രിയാറ്റിക് പ്രശ്നങ്ങള്‍, ലാപറോസ്‌കോപിക്/അഡ്വാൻസ്ഡ് ശസ്ത്രക്രിയകള്‍ എന്നിവയില്‍ കൂടുതല്‍ വിദഗ്ധരെ സജ്ജമാക്കുന്നതിന് സഹായിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കാനും സാധിക്കും. നവജാത ശിശുക്കളുടെ ഗുരുതര രോഗങ്ങള്‍ക്കും പ്രത്യേക പരിചരണത്തിനുമായുള്ള സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കല്‍ കോഴ്സാണ് ഡിഎം നിയോനറ്റോളജി.



🅾️ വേട്ടയാടിപ്പിച്ച കലമാനുകളും തോക്കും കലമാന്‍റെ ഇറച്ചിയുമായി യുവാവിനെ ഫോറസ്റ്റ് സംഘം പിടികൂടി. കോഴിക്കോട് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട പുതുപ്പാടിയിലാണ് സംഭവം.മലപ്പുറം കരുവാരക്കുണ്ട് ഇയ്യമടത്തില്‍ അബ്‍ദുള്‍ സമദിനെയാണ് താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് സംഘം പിടികൂടിയത്. സംഘത്തില്‍പ്പെട്ട കരുവാരക്കുണ്ട് സ്വദേശി ഖലീല്‍, ഈങ്ങാപ്പുഴ ചോയിയോട് മുഹമ്മദ് റാഫി, ഈങ്ങാപ്പുഴ സ്വദേശി നൗഫല്‍ എന്നിവര്‍ വേട്ടയ്ക്ക് ഉപയോഗിച്ച തോക്കുകളുമായി ഓടി രക്ഷപ്പെട്ടു.

പുതുപ്പാടി കൊളമല വനത്തില്‍ നായാട്ടു സംഘം പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ 2.30 മുതല്‍ വനപാലകര്‍ നടത്തിയ തിരച്ചിലിലാണ് അബ്‍ദുള്‍ സമദ് പിടിയിലാകുന്നത്. വെടിയേറ്റ നിലയിലുള്ള ഒരു മാന്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. മറ്റൊരു മാനിനെ ഇറച്ചിയാക്കിയ നിലയിലും കണ്ടെത്തി. നായാട്ട് സംഘം റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്നുമാണ് മാനിന്‍റെ ഇറച്ചി കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ചതായി കരുതുന്ന മറ്റൊരു കാറിനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.



🅾️ കുട്ടിക്കാനം, കട്ടപ്പന പാതയുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കിഫ്ബിയുടെ നേതൃത്വത്തില്‍ ബോളിവുഡ് താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്‍ നയിച്ച ഹില്‍ ഹൈവേ റണ്‍ സമാപിച്ചു.രാവിലെ ഏഴിന് കുട്ടിക്കാനം മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിനാണ് കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തത്. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റര്‍ ദൂരമാണ് മിലിന്ദ് സോമൻ ഓടിയത്. ഓട്ടം ചപ്പാത്തില്‍ സമാപിച്ചു.

വനിതാ ബൈക്ക് റൈഡര്‍മാര്‍, റോളര്‍ സ്‌കേറ്റിങ്, സൈക്ലിങ് താരങ്ങള്‍, ബുള്ളറ്റ് റൈഡര്‍മാര്‍ എന്നിവര്‍ റണ്ണില്‍ അണിനിരന്നിരുന്നു. ഓട്ടം വിജയകരമായി പൂർത്തിയാക്കിയവർക്ക് ചപ്പാത്തില്‍ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിർവ്വഹിച്ചു. 'മലയോര തുരങ്കപാത'യുടെ പ്രഖ്യാപനം മന്ത്രി കെഎൻ ബാലഗോപാല്‍ നടത്തി.

മനോഹരമായ ഹൈവേ ആണെന്നും ഓട്ടം നന്നായി ആസ്വദിച്ചുവെന്നും മിലിന്ദ് സോമൻ പറഞ്ഞു. പ്രകൃതി ഭംഗിയുള്ള സ്ഥലമാണ്. ഒരുപാട് ആളുകള്‍ ഒപ്പം ചേർന്നു. രാജ്യത്തെ എല്ലാ മരത്തോണ്‍ ഓട്ടക്കാരും ഇടുക്കി ഹൈവേയില്‍ ഓടാൻ എത്തണമെന്നും മിലിന്ദ് സോമൻ പറഞ്ഞു.



🅾️ കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് പിടിയിലായി. കോഴിക്കോട് കൊയിലാണ്ടി കടലൂര്‍ സ്വദേശി പോവത്തുവയല്‍ക്കുനി അഖില്‍ കൃഷ്ണനെ(32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളില്‍ നിന്നും 4.83 കിലോഗ്രാം തിമിംഗല ഛര്‍ദ്ദിയാണ് പിടികൂടിയത്.



🅾️ കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്‌എസ് പ്രവർത്തകർ‌ അതിക്രൂരമായി മർദിച്ച കേസില്‍ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ലെന്ന് ആക്ഷേപം.മർദ്ദനം നടന്ന് ഒരാഴ്ച്ചയായിട്ടും പ്രതികളെ കണ്ടെത്തിയിട്ടില്ലെന്ന് ആക്ഷേപമാണ് ഉയരുന്നത്. കേസെടുത്ത് മൂന്ന് ദിവസമായിട്ടും പ്രതികള്‍ ഒളിവിലെന്നാണ് ശൂരനാട് പൊലീസിൻ്റെ മറുപടി. ക്ഷേത്രോത്സവത്തിനിടെയാണ് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിന് മർദ്ദനമേറ്റത്. യുവാവിനെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യം പുറത്തുവന്നിരുന്നു. 15 പേർക്കെതിരെയാണ് പൊലീസ് കേസടുത്തത്. ‌രാഷ്ട്രീയ ഇടപെടലാണ് പ്രതികളെ പിടികൂടാൻ വൈകുന്നതിന് കാരണമെന്നാണ് ആക്ഷേപം.



🅾️ അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ ആളായിരുന്നു സന്ധ്യ. ആലു രാജഗിരി ആശുപത്രിയില്‍ ആയിരുന്നു ചികിത്സ. ഇതിനിടെ സന്ധ്യയുടെ ഇടതുകാല്‍ മുട്ടിന് മുകളില്‍ വച്ച്‌ മുറിച്ചുമാറ്റേ വന്നിരുന്നു. ആശുപത്രിക്കിടക്കയില്‍ വച്ച്‌ തന്റെ കാല്‍ നഷ്ടമായ വിവരം സന്ധ്യ കണ്ണീരോടെ പറഞ്ഞപ്പോള്‍, കൃത്രിമക്കാല്‍ നല്‍കാമെന്ന് വാക്ക് നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് മമ്മൂട്ടി. കാല്‍ വെച്ചതിന് ശേഷം നേരിട്ട് കാണണമെന്ന സന്ധ്യയുടെ ആഗ്രവും മമ്മൂക്ക സഫലീകരിച്ചു.

എങ്ങനെയുണ്ട് കാല് വെച്ചിട്ട്..നടന്ന് നടന്ന് ശീലിക്ക് കേട്ടോ..'എന്നാണ് സന്ധ്യയോട് മമ്മൂട്ടി കണ്ടപ്പോള്‍ തന്നെ പറഞ്ഞത്. പയ്യേ നടക്കാറാകുന്നുവെന്ന് സന്ധ്യ മറുപടിയും നല്‍കി. ഇടയ്ക്കൊന്ന് ബാലൻസ് നഷ്ടമായപ്പോള്‍ സന്ധ്യയ്ക്ക് കൈ കൊടുക്കാനും മമ്മൂട്ടി മടിച്ചില്ല. ഒപ്പം സമ്മാനങ്ങളും അദ്ദേഹം സന്ധ്യയ്ക്ക് കൈമാറിയ ശേഷമാണ് മടങ്ങിയത്.

കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് അടിമാലി കൂമ്പന്‍പാറയില്‍ മണ്ണിടിച്ചില്‍ നടന്നത്. മണ്ണിടിച്ചിലില്‍ സ്വന്തം വീട് പൂർണമായും നശിച്ചിരുന്നു. ദുരന്തത്തില്‍ ഭർത്താവ് ബിജുവിന് ജീവൻ നഷ്ടമായി. തകർന്ന വീട്ടില്‍ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. രാജഗിരി ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെടുകയും അസ്ഥികള്‍ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു.



🅾️ ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർ ജെ ഷാഹിദയെ പ്രതി ചേർക്കും. ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയാണ്. അന്വേഷണത്തിന്റെ ഭാ​ഗമായി ഡോ ഉഷ ജോസഫിന്റെ ചികിത്സാരേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നും ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് ഒൻപത് പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിനു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ് ഡിഎംഒയ്ക്ക് അപേക്ഷ നൽകും.

നേരത്തെ വകുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് പോലീസ് കേസെടുത്തിരുന്നത്. ഈ ശസ്ത്രക്രിയയിൽ ഡോക്ടർ ലളിതാംബിക നേരിട്ട് പങ്കെടുത്തിട്ടില്ല എന്നാണ് ആരോഗ്യവകുപ്പും ആശുപത്രി അധികൃതരും ഇന്നലെ നൽകിയ വിശദീകരണം. യഥാർഥത്തിൽ ശസ്ത്രക്രിയ ചെയ്ത ഡോക്ടർ, അന്നത്തെ ആശുപത്രി സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരെയൊന്നും പ്രതിചേർക്കാതെ വകുപ്പ് മേധാവിയെ മാത്രം പ്രതിയാക്കിയത് വിചിത്രമായ നടപടിയാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് കേസിൽ കൂടുതൽ പേരെ പോലീസ് പ്രതിചേർത്തത്.



🅾️ കത്രിക വയറ്റില്‍ കുടുങ്ങിയ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവില്‍ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തല്‍.ശസ്ത്രക്രിയ സമയത്തെ സർജൻസ് നോട്ട് കൃത്യമാണ്. ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്നത് സ്ക്രബ് നഴ്സ് മാത്രം. ഉപകരണങ്ങള്‍ എല്ലാം ഉണ്ടോ എന്ന് ഡോക്ടർ സ്ക്രബ് നഴ്സിനോട് ചോദിച്ചിരുന്നു. ഉണ്ടെന്ന മറുപടിക്ക് ശേഷമാണ് തുന്നല്‍ ഇട്ടത്. ഉഷയുടെ ശസ്ത്രക്രിയക്കിടെ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയും ജോലി ചെയ്യേണ്ടി വന്നെന്ന് നഴ്സ് പറഞ്ഞു. പ്രോട്ടോക്കോള്‍ പാലിക്കാനാവാത്തതും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിന് കൈമാറും.



🅾️ എറണാകുളം ചുണങ്ങംവേലിയില്‍ ബാറിനുള്ളില്‍ യുവാവിനെ ആളുമാറി മർദ്ദിച്ച സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ഈ മാസം പത്താം തീയതി ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് പതിമൂന്ന് പേർ ചേർന്ന് ഒരാളെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്. ചുണങ്ങംവേലിയിലെ വി കെ എൻ ഇൻ ബാറിൻ്റെ പാർക്കിംഗ് ഏരിയയില്‍ ഈ മാസം പത്താം തീയതി രാത്രി 9.30 ന് ഉണ്ടായ സംഭവമാണിത്.

ചൂണ്ടി സ്വദേശിയായ ജോജി ജോണിന് ആണ് ഈ വിധം തല്ലുകൊള്ളുന്നത്. താനുമായി ഒരു മുൻപരിചയവും ഇല്ലാത്തവരാണ് ക്രൂരമായി മർദ്ദിച്ചതെന്ന് ജോജി പറയുന്നു. പതിനഞ്ചു വയസുള്ള മകനൊപ്പം ബാറില്‍ എത്തിയ മറ്റൊരാളുമായി അക്രമി സംഘം വാക്കുതർക്കത്തില്‍ ഏർപ്പെട്ടിരുന്നു. ഇത് കയ്യാങ്കളിയിലേക്ക് നീങ്ങി. ഇതിനിടയില്‍ ജോജിയെ ആളുമാറി മർദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാള്‍ അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണെന്ന് എടത്തല പോലീസ് അറിയിച്ചു.



🅾️  വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമായതിന് പിന്നില്‍ തന്‍റെ ഇടപെടലാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിഴിഞ്ഞം തുറമുഖം കേരളത്തിന് നല്‍കിയാല്‍ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്നാണ് താൻ പറഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം എങ്ങനെ യഥാര്‍ത്ഥ്യമായെന്ന് മോദി പുസ്തകം എഴുതിയാല്‍ അതില്‍ പ്രധാനപ്പെട്ട ഒരാള്‍ താനായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. "കേന്ദ്ര ബജറ്റിനെ പറ്റി നുണകള്‍ എഴുതി മാധ്യമങ്ങള്‍ ചർച്ച വഴി തിരിച്ചുവിട്ടു. ഇവരോട് എനിക്ക് പറയാനുള്ളത് ഇരുപതാം നൂറ്റാണ്ട് സിനിമയില്‍ മോഹൻലാല്‍ എന്നോട് പറഞ്ഞതാണ് എനിക്ക് വഴങ്ങുന്ന കുറച്ച്‌ ആളുകളുണ്ട് കേരളത്തില്‍. അവർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് 2014 ല്‍ പ്രധാനമന്ത്രിയെ കണ്ടത്.

വിഴിഞ്ഞം തുറമുഖം കേരളത്തിന് നല്‍കിയാല്‍ ജീവിതക്കാലം മുഴുവൻ അടിമയായിരിക്കുമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. 2014ല്‍ ഞാൻ എന്‍റെ നേതാവിനെ കണ്ടെത്തി. 2014ല്‍ ഞാൻ ആദ്യമായി ഗുജറാത്തില്‍ വെച്ച്‌ മോദിയെ കണ്ടപ്പോ ഞാൻ വെച്ച പ്രധാന ഡിമാൻഡ് വിഴിഞ്ഞമായിരുന്നു. മോദിയെ കണ്ടതിന് ചില മാധ്യമങ്ങള്‍ എന്നെ വർഗീയവാദിയാക്കി ചിത്രീകരിച്ചു.



 🅾️ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചർച്ചകള്‍ എല്‍ഡിഎഫ് ചേർന്ന് തീരുമാനിക്കുമെന്ന് എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ.എല്ലാ മേഖലയിലും പുതുതലമുറ വരണമെന്ന ആവശ്യം ഉയരുന്നുണ്ട്. എൻസിപിയ്ക്കുള്ളില്‍ അത്തരം ആവശ്യം വന്നാല്‍ പ്രശ്നമില്ല. ഞാൻ മാറിയാലുമില്ലെങ്കിലും പുതുതലമുറയ്ക്ക് അവസരം ലഭിക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.



🅾️ ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ലേബര്‍റൂം അടിച്ചുതകര്‍ത്ത് യുവാവ്.കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പില്‍ സ്വദേശി റാഷിദാണ് (24) പരാക്രമം കാണിച്ചത്. ഇയാളെ പോലീസും ആശുപത്രി ജീവനക്കാരും ചേർന്ന് ബലം പ്രയോഗിച്ച്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഇയാള്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി അധികൃതർ പറഞ്ഞു. 15000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാത്രിയില്‍ ആശുപത്രിയിലെത്തിയ റാഷിദ്, ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ നിരസിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഇപ്പോള്‍ ഡിസ്ചാർജ് ചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെ കൈയാങ്കളിയിലെത്തി. തുടർന്ന് ഇയാള്‍ അലറിവിളിച്ച്‌ അതിക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസും ആശുപത്രി ജീവനക്കാരും ഇയാളെ കീഴ്പ്പെടുത്തി. എന്നാല്‍ അതിനിടയില്‍ തന്നെ ഇയാള്‍ ഗ്ലാസുകളും ഫർണിച്ചറുകളും തകർത്തു. ചില്ലുകഷ്ണങ്ങളില്‍ നിന്ന് ഇയാള്‍ക്കും മുറിവേറ്റു. വിവിധ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തു.


 

🅾️ സ്കൂളില്‍ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റില്‍ തടഞ്ഞ സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍.കൊട്ടാരക്കര ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ് നായർക്ക് പൊലീസ് സംരക്ഷണം നല്‍കാൻ ഹൈക്കോടതി നിർദേശിച്ചു. സംഭവത്തില്‍ സ്കൂള്‍ മാനേജർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് ചോദിച്ച കോടതി,

ഹർജി തീർപ്പാകും വരെ പ്രധാനാധ്യാപികയുടെ ദൈനംദിന പ്രവർത്തനങ്ങളില്‍ സ്കൂള്‍ മാനേജ‍ർ ഇടപെടരുതെന്നും പറഞ്ഞു. അധ്യാപികയ്ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി നല്‍കണമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവ് പുറത്തിറക്കി.



🅾️ പ്രീമിയം മദ്യം തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വൈറ്റില മെട്രോ സ്റ്റേഷനില്‍ സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ (ബെവ്‌കോ) ആദ്യ പ്രീമിയം ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു.ഹൈ സ്പിരിറ്റ്‌സ് - എ ബെവ്‌കോ ബൊട്ടീക്" എന്ന പേരിലുള്ള ഔട്ട്‌ലെറ്റ് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. രാജ്യാന്തര നിലവാരത്തിലുള്ള പ്രീമിയം മദ്യ വില്പന കേന്ദ്രം മെട്രോ സ്റ്റേഷനില്‍ ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ആദ്യ വില്‍പ്പനയും ലോക്‌നാഥ് ബെഹ്‌റ തന്നെയാണ് നിർവഹിച്ചത്. എക്‌സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർ ആദ്യ ബോട്ടില്‍ വാങ്ങി. പ്രീമിയം വിഭാഗത്തിലെ വിവിധ ബ്രാൻഡുകള്‍ ഉള്‍പ്പെടെ ഏകദേശം 7000 കേസുകള്‍ മദ്യമാണ് പുതിയ ഔട്ട്‌ലെറ്റില്‍ സ്റ്റോക്ക് ചെയ്തിരിക്കുന്നത്. നഗരത്തിലെ ഉയർന്ന വരുമാന വിഭാഗം, ഐ.ടി. മേഖലയിലെ തൊഴിലാളികള്‍, വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് ഔട്ട്‌ലെറ്റ് രൂപകല്പന ചെയ്തതെന്ന് അധികൃതർ അറിയിച്ചു.



🅾️ പാലക്കാട് ചിറ്റിലഞ്ചേരിയില്‍ മീൻ പിടിക്കുന്നതിനിടെ ഷോക്കറ്റ് യുവാവ് മരിച്ചു. സംഭവത്തില്‍ യുവാവിന്‍റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.വണ്ടാഴി തണ്ടലോട് സതീഷ് (33) ആണ് മരിച്ചത്.



🅾️ ബാലരാമപുരം കട്ടച്ചല്‍ കുഴിയില്‍ വീടിന് മുന്നില്‍ നിന്നും പുറത്തേക്ക് പോകുവാനായി എടുത്ത ബൈക്കിന് തീപിടിച്ചു.യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബാലരാമപുരം കട്ടച്ചല്‍കുഴി സ്വദേശി നിതീഷിന്‍റെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയോടെ യാത്രക്കായി ബൈക്ക് എടുത്ത് പുറത്തേക്ക് പോകാൻ വീടിന് മുന്നില്‍ വാഹനം സ്റ്റാൻഡില്‍ നിര്‍ത്തി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു വാഹനത്തില്‍ നിന്നും പുകയും തീയും പടര്‍ന്നത്. നിതീഷ് ഓടി മാറിയതോടെ തീ ആളിക്കത്തുകയായിരുന്നു.



🅾️ കണ്ണൂരില്‍ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. പയ്യന്നൂർ പിലാത്തറയിലും പെരുമ്പ ബൈപാസ്സ് ജംഗ്ഷനിലുമുണ്ടായ അപകടങ്ങളില്‍ കാല്‍നടയാത്രക്കാരനും ബൈക്ക് യാത്രികനും മരിച്ചു.രാവിലെ ചെറുതാഴം മണ്ടൂരില്‍ വച്ചാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ 68 കാരൻ പി.പി. ശങ്കരൻ ലോറിയിടിച്ച്‌ മരിച്ചത്. വൈകീട്ട് പെരുമ്പ ബൈപാസ്സ് ജംഗ്ഷനില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ പുറകില്‍ ടിപ്പര്‍ ലോറിയും കാറും 3 ഇരുചക്രവാഹനങ്ങളും ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ തായിനേരി സ്വദേശി കാസിം മരിച്ചു. മേലെ ചൊവ്വയ്ക്ക് സമീപം ടയർപൊട്ടിയ കാറിടിച്ച്‌ ഓട്ടോ ടാക്സി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് യാത്രികർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.



🅾️ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കാണാനായുള്ള മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ നാളത്തെ ദില്ലി യാത്ര റദ്ദാക്കി.രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതിനായാണ് പികെ കുഞ്ഞാലിക്കുട്ടി ദില്ലി യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍, രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്ന സാഹചര്യത്തിലാണ് ദില്ലി യാത്ര അവസാന നിമിഷം റദ്ദാക്കിയത്. ഫെബ്രുവരി 25ന് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തും. വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസ പദ്ധതിയില്‍ കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീടിന്‍റെ തറക്കല്ലിടുന്നതിനായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. ഇതിനിടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.



🅾️ ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സർക്കാർ മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമായി നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.മുൻപ് വിവിധ ഘട്ടങ്ങളിലായി നടന്ന യോഗങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിതമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലേതു പോലെ ഇത്തവണയും പൊങ്കാല ഏറ്റവും ഭംഗിയായി നടത്താൻ സാധിക്കും. ആറ്റുകാല്‍ പെങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങള്‍ അവലോകനം ചെയ്യാൻ ആറ്റുകാല്‍ ക്ഷേത്രം ദേവി ആഡിറ്റോറിയത്തില്‍ ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.



🅾️ കേരളത്തിലെ രാഹലഹരി വില്‍പനയിലെ മുഖ്യകണ്ണിയായി അറിയപ്പെട്ടിരുന്ന പിടികിട്ടാപ്പുള്ള പൊന്ന് അജ്മല്‍ എന്ന ചെന്നിലോട്ട് അജ്മലിനെ(30) കര്‍ണാടക പോലീസ് പിടികൂടി.കോഴിക്കോട് കുറ്റ്യാടി വേളം സ്വദേശിയാണ് ഇയാള്‍. ഇയാളെയും കൂട്ടാളികളെയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.

വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നില്‍ ഇസ്മായില്‍(28), പാലേരി കാഞ്ഞായി വീട്ടില്‍ ഷംസീര്‍(27) എന്നിവരാണ് ഇയാളോടൊപ്പം പിടിയിലായ മറ്റ് രണ്ട് പേര്‍. ദക്ഷിണ കന്നട ജില്ലയിലെ പുറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഹന പരിശോധനക്കിടയില്‍ മൂവരും സഞ്ചരിച്ച കാര്‍ പോലീസ് തടഞ്ഞ് പരിശോധിക്കുകയും 50 ഗ്രാം എംഡിഎംഎയും സീറ്റിനടിയില്‍ ഒളിപ്പിച്ചുവെച്ച മാരകായുധവും കണ്ടെത്തുകയായിരുന്നു.

ഇയാളെ കഴിഞ്ഞ ദിവസം ഉച്ചയോടെ കോഴിക്കോട് കുര വേളത്തെ ചെന്നിലോട്ട് വീട്ടില്‍ തെളിവെടുപ്പിനായ് കൊണ്ടുവന്നു. നാട്ടുകാരുടെ ഏറെ നാളായുള്ള ആഗ്രഹമാണ് കര്‍ണാടക പോലീസ് നിറവേറ്റിയത്. നാട്ടിലെ യുവാക്കളുടെ നേതൃത്വത്തില്‍ തന്നെ കൂട്ടായ്മ രൂപീകരിച്ച്‌ ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടായിരുന്നു. അജ്മലുമായി കര്‍ണാടക പോലീസ് എത്തിയെന്നറിഞ്ഞ് പഠക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും നാട്ടുകാര്‍ ആഘോഷിച്ചു.



🅾️ കേരള സർക്കാരിന്റെ പുതിയ ബ്രാൻഡി മിന്നല്‍ മാജിക് ഉടൻ വിപണിയിലെത്തും. പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസില്‍ ഉത്പാദനത്തിന് തുടക്കമായി.നേരത്തെ 'മലബാർ മിസ്റ്ററി' എന്ന പേരായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് അത് തിരുത്തി 'മിന്നല്‍ മാജിക്' എന്ന് പേരിടുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. തറക്കല്ലിട്ട് വെറും നാലര മാസം കൊണ്ടാണ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. മിനിറ്റില്‍ 240 കുപ്പികളില്‍ മദ്യം നിറയ്ക്കാൻ ശേഷിയുള്ള പ്ലാന്റാണിത്. പ്രതിദിനം 13,500 കേയ്സ് മദ്യമാണ് ഇവിടെ ഉത്പാദിപ്പിക്കുക. നിലവില്‍ അര ലിറ്റർ കുപ്പികളിലാണ് മദ്യം പുറത്തിറക്കുന്നത്. ഒരു കുപ്പിക്ക് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.



🅾️ സംസ്ഥാന റവന്യൂ, സര്‍വെ പുരസ്‌കാരങ്ങള്‍ റവന്യു മന്ത്രി കെ. രാജന്‍ പ്രഖ്യാപിച്ചു. മികച്ച ജില്ലാ കളക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍ (തൃശ്ശൂര്‍), മികച്ച കളക്ടറേറ്റായി തിരുവനന്തപുരം കളക്ടറേറ്റും, മികച്ച സബ് കളക്ടറായി ഒ വി ആല്‍ഫ്രഡ് (തിരുവനന്തപുരം), മികച്ച റെവന്യു ഡിവിഷണല്‍ ഓഫീസറായി ജി.സുരേഷ് ബാബു (പുനലൂര്‍, കൊല്ലം ജില്ല), മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസായി ആര്‍.ഡി.ഒ തൃശ്ശൂരിനെയും തിരഞ്ഞെടുത്തു. മികച്ച ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) കെ. സുനില്‍കുമാര്‍ (പാലക്കാട്), മികച്ച ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) പി.എ വിഭൂഷണന്‍ (തൃശ്ശൂര്‍), മികച്ച ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം) സി. പ്രേംജി (ആലപ്പുഴ), മികച്ച ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ആര്‍. സുധീഷ് (ആലപ്പുഴ) എന്നിവരെയും തിരഞ്ഞെടുത്തു.

സര്‍വേ - ഭൂരേഖ വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാര്‍ക്കും വില്ലേജ് ഓഫീസര്‍, ജില്ലാ കളക്ടര്‍, വിവിധ വില്ലേജ് ഓഫിസുകള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. റവന്യു ദിനമായ ഫെബ്രുവരി 24 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.



🅾️ കുവൈത്തില്‍ കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കൊല്ലം നന്തിരിക്കല്‍, വെള്ളിമണ്‍ സ്വദേശിനി സുകന്യ മന്ദിരം മേരിസുമി അല്‍ഫോണ്‍സാണ് (32 വയസ്സ് ) മരിച്ചത്.



 🅾️ മയക്ക് മരുന്ന് കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ഡി ദേവസ്യയുടെ കുറ്റം ഹൈക്കോടതി സ്ഥിരീകരിച്ചു.അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്പെഷ്യല്‍ സ്ക്വാഡില്‍ പ്രവർത്തിച്ചിരുന്ന രാജാക്കാട് പൂവക്കാട്ട് സ്വദേശിയായ ദേവസ്യ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവ് പുറപ്പെടുവിച്ചത്.

മൂവാറ്റുപുഴ വിജിലൻസ് കോടതി വിധിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ ഹൈക്കോടതി ഒരു വർഷമായി കുറച്ചെങ്കിലും, 30,000 രൂപ പിഴ ശിക്ഷ നിലനിറുത്തി. കുറ്റം സംബന്ധിച്ച പ്രധാന കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.



🅾️ ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കൊച്ചി മുനമ്പം കുറുപ്പശ്ശേരി അജിയുടെ മകൻ ആൻ്റോണ്‍ (21) ആണ് മരിച്ചത്.നാട്ടുകാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും ലഭിക്കുന്ന വിവരമിങ്ങനെയാണ്. രാവിലെ പള്ളിയില്‍ പോയി വന്നതിന് ശേഷം ആന്റോണ്‍ വീട്ടിലേക്ക് വന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ആദ്യം ഒരു പഫ്സ് കഴിച്ചു, പിന്നീട് ഉപ്പുമാവ് കഴിച്ചു. അതിനിടയിലാണ് പെട്ടെന്ന് ആന്റോണ്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്. എന്താണെന്ന് വീട്ടുകാർക്ക് ആദ്യം മനസിലായില്ല. കുഴഞ്ഞുവീണതിനെ തുടർന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായിരുന്നു ആന്റോണ്‍. ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതാണോ അതോ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ വ്യക്തമാകൂ.



🅾️ കൊല്ലം പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസുകാരന് പരിക്ക്. കോട്ടവട്ടം സ്വദേശി വിനോദിന്‍റെ വീടിന്‍റെ മേല്‍ക്കൂരയടക്കമാണ് നിലംപതിച്ചത്.പരിക്കേറ്റ 12വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


*🇮🇳 ദേശീയം 🇮🇳*

---------------------->>>>>>



🅾️ വിവാഹ രജിസ്‌ട്രേഷൻ നിയമത്തിൽ നിർണ്ണായക ഭേദഗതികൾ വരുത്താൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. 2006-ലെ ഗുജറാത്ത് വിവാഹ രജിസ്‌ട്രേഷൻ നിയമത്തിലാണ് മാറ്റങ്ങൾ വരുത്തുന്നത്. ഇതനുസരിച്ച് വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം ഇനി മുതൽ നിർബന്ധമാക്കും. ലൗ ജിഹാദ് തടയൽ, പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കൽ എന്നീ ലക്ഷ്യത്തോടെയാണ് നിയമങ്ങളിൽ മാറ്റം വരുത്തുന്നതെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. 

വെള്ളിയാഴ്ച നിയമസഭയിലാണ് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ഈ നിർദ്ദേശം അവതരിപ്പിച്ചത്. സംസ്ഥാനത്ത് പ്രണയത്തിന്റെ പേരിൽ പെൺകുട്ടികളെ ചതിയിൽപ്പെടുത്തുന്ന സാഹചര്യമുണ്ടെന്നും ഇത് തടയാൻ ശക്തമായ ഒരു കവചം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമ്മവും പെൺകുട്ടികളുടെ അന്തസ്സും സംരക്ഷിക്കുന്നതിനാണ് ഈ നീക്കമെന്ന് സർക്കാർ വ്യക്തമാക്കി.

വിവാഹ രജിസ്‌ട്രേഷൻ നിയമത്തിലെ പുതിയ ഭേദഗതികൾ അനുസരിച്ച് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാണ്. വിവാഹത്തിനായി അപേക്ഷ സമർപ്പിച്ചാൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ മാതാപിതാക്കളെ വാട്‌സാപ്പ് വഴിയോ മറ്റ് ഇലക്ട്രോണിക്/നേരിട്ടുള്ള മാർഗ്ഗങ്ങളിലൂടെയോ വിവരം ഔദ്യോഗികമായി അറിയിക്കും.വിവാഹത്തിന് അപേക്ഷിക്കുമ്പോൾ വധുവിന്റെയും വരന്റെയും കൂടെ രണ്ട് സാക്ഷികളുടെ ഒപ്പും ഉണ്ടായിരിക്കണം. അപേക്ഷ നോട്ടറി സാക്ഷ്യപ്പെടുത്തിയതാകണം.

ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്‌കൂൾ ലിവിങ് സർട്ടിഫിക്കറ്റ്, വിവാഹ ക്ഷണക്കത്ത്, വധുവിന്റേയും വരന്റെയും ഫോട്ടോകൾക്കൊപ്പം മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖകളും സമർപ്പിക്കണം. വിവാഹത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടോ എന്ന സത്യപ്രസ്താവനയും അപേക്ഷയ്‌ക്കൊപ്പം വേണം.അപേക്ഷ സമർപ്പിച്ച് രജിസ്ട്രാർക്ക് ബോധ്യപ്പെട്ടാൽ 30 ദിവസത്തിന് ശേഷമേ വിവാഹം രജിസ്റ്റർ ചെയ്യുകയുള്ളൂ. വിവരങ്ങൾക്കായി പ്രത്യേക പോർട്ടൽ തയ്യാറാക്കും.



🅾️ നിർമിത ബുദ്ധി മേഖലയിലെ അതിവേഗ വളർച്ചയുടെ പശ്ചാത്തലത്തിൽ, സർക്കാരുകളും എഐ കമ്പനികളും തമ്മിലുള്ള അടുത്ത സഹകരണം വരുംകാലങ്ങളിൽ നിർണ്ണായകമാകുമെന്ന് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ. ഇന്ത്യൻ എക്‌സ്പ്രസ് ഗ്രൂപ്പ് സംഘടിപ്പിച്ച എക്‌സ്പ്രസ് അഡ്ഡയിൽ ഇന്ത്യൻ എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്കയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണവും ശക്തമായ അടിസ്ഥാന സൗകര്യ വികസനവുമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ, എഐ മേഖലയുടെ എല്ലാ തലങ്ങളിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആൾട്ട്മാൻ നിർദ്ദേശിച്ചു. ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ, ചിപ്പ് നിർമ്മാണം, ഫ്രോണ്ടിയർ മോഡലുകൾ, ആപ്ലിക്കേഷനുകൾ എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യക്ക് വലിയ പങ്കുവഹിക്കാനുണ്ട്. 

"ഇന്ത്യ ഇപ്പോൾ വെറുമൊരു ഉപഭോക്താവല്ല, മറിച്ച് എഐ നിർമ്മാണത്തിന്റെ കേന്ദ്രമായി മാറിക്കഴിഞ്ഞു".- അദ്ദേഹം പറഞ്ഞു. പ്രോഗ്രാമിംഗ് ടൂൾ ആയ കോഡെക്‌സ ഉപയോഗിക്കുന്നതിൽ ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



🅾️ കേരളത്തിലെ കുംഭമേളയെ മന്‍ കീ ബാത്തില്‍ പരാമർശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.കുംഭമേളയുടെ കീർത്തി ഉത്തരേന്ത്യയില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്കും എത്തുന്നു.തിരുനാവായയിലെ കുംഭമേളയില്‍ നിരവധിപേർ പങ്കാളിയായി.അത് അവിസ്മരണീയ മുഹൂർത്തം ആയി.എല്ലാ അർത്ഥത്തിലും വികാരം ഉള്‍ക്കൊണ്ടുള്ള ആചാരത്തിന് ഭാരതപ്പുഴ സാക്ഷിയായി.പാരമ്പര്യം തിരിച്ചറിഞ്ഞ സമയം കൂടിയായി അത്.നല്ല സംഘാടനമായിരുന്നു കുംഭമേളയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



🅾️ തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ കൊല്ലപ്പെട്ടു. കോടൈക്കനാലിലെ ബംഗ്ലാവില്‍ ആണ് സൂര്യനാരായണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം മുഖത്തു ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. ബംഗ്ലാവ് വിനോദ സഞ്ചരികള്‍ക്ക് താമസത്തിന് നല്‍കാറുണ്ട്. കഴിഞ്ഞ രണ്ടു ദിവസം അഞ്ചുപേര്‍ ബംഗ്ലാവില്‍ താമസിച്ചിരുന്നു. ഇവരാണ് കൊല ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

വിഷ്ണുപ്രിയയുടെ കാമുകനെ കൊന്ന കേസില്‍ 2018ല്‍ അച്ഛൻ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. ഇതിന് പ്രതികാരമായി സൂര്യനാരായണനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബംഗ്ലാവിലുണ്ടായിരുന്ന ആഭരണങ്ങളും സിസിടിവി ഹാർഡ് ഡിസ്‌കും മോഷണം പോയ നിലയിലാണ്. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.



🅾️ ഒഡീഷയിലെ കേന്ദ്രപാര ജില്ലയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ഒരു വർഷത്തിലേറെയായി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സ്വകാര്യ സ്കൂളിലെ നാല് അധ്യാപകരെയും ഒരു ഓഫീസ് സഹായിയെയും (പ്യൂൺ) പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്.

കഴിഞ്ഞ മാസം പെൺകുട്ടി തന്റെ ദുരനുഭവം അമ്മയോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് ഫെബ്രുവരി 18-ന് കുടുംബം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക്  പരാതി നൽകി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൊട്ടടുത്ത ദിവസം തന്നെ സി.ഡബ്ല്യു.സി അംഗങ്ങൾ സ്കൂൾ സന്ദർശിച്ച് അന്വേഷണം നടത്തിയിരുന്നു.

സംഭവത്തിൽ പോക്സോ  നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ  വിവിധ വകുപ്പുകൾ പ്രകാരവും പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും എഫ്.ഐ.ആറിൽ പേരുള്ള അഞ്ചുപേരെയും അറസ്റ്റ് ചെയ്തതായും കേന്ദ്രപാര എസ്.പി സിദ്ധാർത്ഥ് കട്ടാരിയ അറിയിച്ചു. പ്രതികളെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.



🅾️ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ബാരാമതി വിമാനാപകടത്തിൽ, വിമാന കമ്പനിക്ക് അതിശക്തരായ രാഷ്ട്രീയ-ബിസിനസ് വ്യക്തികളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി എൻസിപി (എസ്‌പി) എംഎൽഎ രോഹിത് പവാർ. കേസിൽ നീതി ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇടപെടണമെന്ന് അദ്ദേഹം ശനിയാഴ്ച ആവശ്യപ്പെട്ടു.

ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ചേഴ്സ് (വിഎസ്ആർ ഏവിയേഷൻ) എന്ന സ്വകാര്യ ജെറ്റ് ചാർട്ടർ ഓപ്പറേറ്റർക്ക് കേന്ദ്രത്തിലെ ഭരണകക്ഷിയുമായും ചില സംസ്ഥാന സർക്കാരുകളുമായും അടുത്ത ബന്ധമുള്ള ശക്തികളുടെ പിന്തുണയുണ്ടെന്ന് രോഹിത് പവാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അജിത് പവാറിന്റെ മരണത്തിൽ യഥാർത്ഥ നീതി ലഭിക്കണമെങ്കിൽ രാജ്യത്തെ ഏറ്റവും ശക്തരായ നേതാക്കളായ മോദിക്കും ഷായ്ക്കും മാത്രമേ അത് ഉറപ്പാക്കാൻ കഴിയൂ എന്നും രോഹിത് പവാർ പറഞ്ഞു.

വിമാനത്തിലെ കോക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ വലിയ ക്രമക്കേടുകൾ ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിജിസിഎ നിയമപ്രകാരം സിവിആറിന് രണ്ട് മണിക്കൂർ റെക്കോർഡിംഗ് ശേഷി വേണമെന്നിരിക്കെ, ഈ വിമാനത്തിന് 30 മിനിറ്റ് ശേഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരമൊരു വിമാനത്തിന് എങ്ങനെ അനുമതി ലഭിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.

അപകടസമയത്ത് ഒന്നിലധികം സ്‌ഫോടനങ്ങൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. വിമാനത്തിൽ ബാഗുകൾ സൂക്ഷിക്കുന്ന സ്ഥലത്ത് അധികമായി പെട്രോൾ കാനുകൾ സൂക്ഷിച്ചിരുന്നതായും ഇതാണ് തീപിടുത്തത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമോ വാണിജ്യപരമോ ആയ താൽപ്പര്യങ്ങൾ ഉണ്ടോ എന്ന് തന്റെ പാർട്ടി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.



🅾️ ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും പരിഹാസവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയ്ക്കു മുന്നിൽ പ്രധാനമന്ത്രി വീണ്ടും കീഴടങ്ങുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പല രാജ്യങ്ങൾക്കുമെതിരെ ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പരിഹാസം.

ട്രംപ് ഏർപ്പെടുത്തിയ ആഗോള വ്യാപാര നികുതികൾ നിയമവിരുദ്ധമാണെന്നായിരുന്നു യുഎസ് സുപ്രീം കോടതിയുടെ വിധി. ഇതോടെ, 1974-ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 122 പ്രകാരം ആഗോള തീരുവ 10 ശതമാനമായി പ്രഖ്യാപിക്കാൻ ഡൊണാൾഡ് ട്രംപ് നിർബന്ധിതനായി. അമേരിക്കൻ സുപ്രീം കോടതി ട്രംപിന്റെ ആഗോള തീരുവകൾ റദ്ദാക്കിയതോടെ, മോദിയുടെ വഞ്ചന പുറത്തായെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

'പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു കഴിഞ്ഞു. അദ്ദേഹത്തിന്റെ വഞ്ചന ഇപ്പോൾ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് ഇനി വീണ്ടും നടത്താൻ കഴിയില്ല. അദ്ദേഹം വീണ്ടും കീഴടങ്ങും' രാഹുൽ എക്സിൽ കുറിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാർ ചട്ടക്കൂടിനെ രാഹുൽ ഗാന്ധി നേരത്തെയും വിമർശിച്ചിരുന്നു. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിനിടെ, കരാറിലൂടെ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിന് മുന്നിൽ കീഴടങ്ങുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

ഇന്ത്യൻ കർഷകരെ യന്ത്രവൽകൃതവും ഭീമാകാരവുമായ യുഎസ് ഫാമുകളുടെ കാരുണ്യത്തിന് വിട്ടുകൊടുത്തിരിക്കുന്നുവെന്നും ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖല തകരുമെന്നും ഊർജ്ജ സുരക്ഷ അപകടത്തിലാകുമെന്നും രാഹുൽ നേരത്തെ പറഞ്ഞിരുന്നു. ഡാറ്റാ വ്യാപാര നിയമങ്ങളിലും തീരുവകളിലും ഇന്ത്യ അമേരിക്കക്ക് മുന്നിൽ മുട്ടുമടക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



🅾️ ക്ലൗഡ് സുരക്ഷയിലെ അഗ്രഗണീയരായ സ്‌കെയ്‌ലാറും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളിലൊന്നായ ഭാരതി എയര്‍ടെലും ('എയര്‍ടെല്‍') ചേര്‍ന്ന് എഐ & സൈബര്‍ ത്രെട്ട് റിസര്‍ച്ച് സെന്റര്‍- ഇന്ത്യ ആരംഭിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക, ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമായ ടെലികമ്മ്യൂണിക്കേഷന്‍, ബാങ്കിങ്, ഊര്‍ജം പോലെയുള്ള മേഖലകളേയും വ്യവസായങ്ങളേയും ആസ്തികളേയും കൂടാതെ ഡിജിറ്റല്‍ ഉപയോക്താക്കളേയും സംരക്ഷിക്കുന്നിനുള്ള ദേശീയ സൈബര്‍ കരുത്തും ഇന്ത്യയുടെ അതിവേഗം വ്യാപിക്കുന്ന ഡിജിറ്റല്‍ വ്യവസ്ഥയില്‍ വിശ്വസനീയമായ എഐയെ സന്നിവേശിപ്പിക്കുന്നതിന്റെ വേഗവും വര്‍ദ്ധിപ്പിക്കാന്‍ ഈ ബഹുപങ്കാളിത്ത ഡിജിറ്റല്‍ സംരംഭം പ്രതിജ്ഞാബദ്ധമാണെന്ന് ഇരുകമ്പനികളും പ്രസ്താവനയില്‍ അറിയിച്ചു.

സ്വകാര്യ മേഖല, പൊതു മേഖല, അക്കാദമിക രംഗം, സര്‍ക്കാര്‍ എന്നിവ തമ്മിലുള്ള സഹകരണത്തിനുള്ള ഒരു ദേശീയ പ്ലാറ്റ്‌ഫോമിലേക്കുള്ള സ്‌കെയ്‌ലറിന്റെ വിപുലീകരണമായി ഈ ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കും. ഈ കേന്ദ്രം രാജ്യത്തിന്റെ സൈബര്‍ പ്രതിരോധത്തെ ശാക്തീകരിക്കുക, വികസിത ഭാരതത്തിലേക്കും സമാധാനപരവും സുരക്ഷിതവും ഡിജിറ്റലായി സ്വയംപര്യാപ്തവുമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ പിന്തുണയ്ക്കാനുള്ള ഭാവി പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 'ഇന്ത്യയില്‍, ഇന്ത്യയ്ക്കുവേണ്ടി' രൂപകല്‍പന ചെയ്തതാണ്.



🅾️ അസം മുന്‍ പിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറ ബിജെപിയില്‍ ചേര്‍ന്നു. ഗുവാഹത്തിയിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ അംഗത്വമെടുത്തു.



🅾️ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ സമഗ്രതയെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവും, പ്രമുഖ രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകര്‍ രംഗത്തെത്തി.2024-ലെ ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ ഔദ്യോഗിക ഡാറ്റയും ആന്ധ്രപ്രദേശ് ചീഫ് ഇലക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ് ഈ ആരോപണം.

വൈകിട്ട് അവസാനിക്കേണ്ട തെരഞ്ഞെടുപ്പ് പുലര്‍ച്ചവരെ നീണ്ടു. മെയ് 13, 2024 രാത്രി 11:45 മുതല്‍ മെയ് 14 പുലര്‍ച്ചെ 2:00 വരെയുള്ള 135 മിനിറ്റ് സമയത്തിനുള്ളില്‍ വോട്ടര്‍ ടേണ്‍ഔട്ട് 76.50 ശതമാനത്തില്‍ നിന്ന് 80.66 ശതമാനമായി ഉയര്‍ന്നു. അതായത് 4.16 ശതമാനം വര്‍ധനവ്. ഏകദേശം 3,500 ബൂത്തുകളിലായി 17 ലക്ഷത്തിലധികം വോട്ടുകള്‍ ഒറ്റയടിക്ക് പ്രത്യക്ഷപ്പെട്ടു. ബൂത്ത് ഒന്നിന് ശരാശരി 491 വോട്ടുകള്‍ എന്ന കണക്ക്. മിനിറ്റില്‍ 3.6 വോട്ടുകള്‍ വീതം, ഒരു വോട്ടര്‍ക്ക് ഏകദേശം 20 സെക്കന്‍ഡ് മാത്രം സമയം.

ആന്ധ്രപ്രദേശ് തിരഞ്ഞെടുപ്പില്‍ അസംബ്ലി, ലോക്‌സഭ എന്നിങ്ങനെ രണ്ട് VVPAT സ്ലിപ്പുകള്‍ ഉണ്ടായിരുന്നതിനാല്‍ ഈ സമയം വെറും 6 സെക്കന്‍ഡായി ചുരുങ്ങുമെന്നാണ് പ്രഭാകറിന്റെ വാദം. ഇത് വോട്ട് തട്ടിപ്പിന്റെ 'റെഡ് ഫ്‌ലാഗ്' ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രഭാകര്‍ ഈ വിഷയം തിരഞ്ഞെടുപ്പ് കമ്മീഷനെ 20 ദിവസം മുന്‍പ് തന്നെ അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ടിഡിപി-ജനസേന-ബിജെപി സഖ്യം 175 സീറ്റുകളില്‍ 164 എണ്ണം നേടിയ 'ലാന്‍ഡ്സ്ലൈഡ്' വിജയത്തിന് പിന്നില്‍ ഈ 'മിസ്ചീഫ്' ആണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗിക പ്രസ് റിലീസുകള്‍ പ്രകാരം മെയ് 13 രാത്രി 11:45-ന് 76.50% ആയിരുന്ന ടേണ്‍ഔട്ട് മെയ് 17-ന് 80.66% ആയി മാറി. 17 ലക്ഷം വോട്ടുകളുടെ 'രാത്രികാല മാജിക്' തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ സംശയത്തിന്റെ നിഴലിലാക്കുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഡിജിറ്റല്‍ പോളിങ് സംവിധാനമുള്ള രാജ്യത്ത് ഇത്തരം അസാധാരണമായ വര്‍ധനവ് എങ്ങനെ സാധ്യമായി എന്ന ചോദ്യവും ഉയരുന്നു.

വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.



🅾️ അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നല്‍കിയ കുഞ്ഞുമാലാഖ ആലിൻ ഷെറിനെ മൻകി ബാത്തില്‍ അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങള്‍ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയതെന്നും മോദി പരാമർശിച്ചു. എല്ലാമായ കുഞ്ഞിനെ നഷ്‌ടപ്പെടുന്നത് രക്ഷിതാക്കള്‍ക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിൻ്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ തീരുമാനിച്ചു.

എന്തൊരു വലിയ തീരുമാനമാണതെന്നും പ്രധാനമന്ത്രി. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിൻ്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തില്‍ പ്രതിഫലിച്ചത്. സ്വന്തം കുഞ്ഞ് നഷ്‌ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കള്‍ മുന്നോട്ട് വന്നത്. ആലിൻ ഷെറിൻ്റെ പേര് എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അവയവദാനത്തില്‍ ഇന്ത്യ മുന്നിലാണെന്നും മോദി ചൂണ്ടിക്കാട്ടി.



🅾️ ഗുരുഗ്രാമില്‍ യുവതിയോട് ആണ്‍സുഹൃത്തിന്റെ കൊടുംക്രൂരത. യുവതിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച്‌ തീകൊളുത്തി.ത്രിപുര സ്വദേശിയായ യുവതിയെ ക്രൂകൃത്യത്തിന് ഇരയാക്കിയ ആണ്‍സുഹൃത്ത് ശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ത്രിപുരയില്‍ നിന്നും ദില്ലിയില്‍ ബയോ ടെക്നോളജി പഠിക്കാനെത്തിയ 19കാരിയാണ് ക്രൂരതക്കിരയായത്. കഴിഞ്ഞ വർഷമാണ് ഡേറ്റിംഗ് ആപ്പ് വഴി ഇവർ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും.



🅾️ മധ്യപ്രദേശില്‍ എസ്‌ഐആർ (സ്പെഷ്യല്‍ ഇൻ്റൻസീവ് റിവിഷൻ) നടപടികള്‍ പൂർത്തിയാക്കി ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ 34 ലക്ഷത്തിലേറെ പേർ പുറത്ത്.34.25 ലക്ഷം വോട്ടർമാരെ വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ശനിയാഴ്ച പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിലാണ് വൻ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 5,74,06,143-ല്‍ നിന്ന് 5,39,81,065 ആയി കുറഞ്ഞു. കൃത്യമായ രേഖകളില്ലാത്തതും പട്ടികയില്‍ തുടരാൻ അവകാശവാദം ഉന്നയിക്കാത്തതുമായ വോട്ടർമാരെയാണ് ഒഴിവാക്കിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

നാല് മാസത്തോളം നീണ്ടുനിന്ന വിപുലമായ നടപടികള്‍ക്കൊടുവിലാണ് പുതിയ പട്ടിക തയ്യാറാക്കിയത്. ഡിസംബർ 23 മുതല്‍ ജനുവരി 22 വരെ പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുകയും, ഫെബ്രുവരി 14-ഓടെ ഇവ പരിശോധിച്ച്‌ തീർപ്പാക്കുകയും ചെയ്തു. 2026 ജനുവരി 1 യോഗ്യതാ തീയതിയായി കണക്കാക്കിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതെന്ന് മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസർ സഞ്ജീവ് കുമാർ ഝാ അറിയിച്ചു.



🅾️ ജ്യോതിഷ് പീഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കെസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്.പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങള്‍ ഉയർന്നതിനെ തുടർന്നാണ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജുൻസി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്യുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശകുംഭരി പീഠാധിശ്വർ അശുതോഷ് ബ്രഹ്മചാരി മഹാരാജ് സെക്ഷൻ 173(4) പ്രകാരം പരാതി നല്‍കിയിരുന്നു. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ ശിഷ്യൻ സ്വാമി മുകുന്ദാനന്ദ് ഗിരിക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തു.



🅾️ ബിഹാറില്‍ നിന്ന് രാജ്യസഭാ എംപിമാരെ തെരഞ്ഞെടുപ്പില്‍ നിർണായകമായി അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടി.ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണം വീതം ജെഡിയു, ആർജെ‍ഡി എന്നിവരുടേത് ഒന്ന് ആർഎല്‍എമ്മിന്റേതുമാണ്. 243 അംഗ ബീഹാർ നിയമസഭയില്‍ എഐഎംഐഎമ്മിന് അഞ്ച് എംഎല്‍എമാരാണ് നിലവിലുള്ളത്. ബീഹാറില്‍ നിന്ന് രാജ്യസഭാംഗമാകാൻ, ഒരു സ്ഥാനാർത്ഥിക്ക് കുറഞ്ഞത് 41 എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്. 202 എംഎല്‍എമാരുള്ള എൻഡിഎയ്ക്ക് നാല് സീറ്റുകള്‍ എളുപ്പത്തില്‍ നേടാൻ കഴിയും. പക്ഷേ അഞ്ചാം സീറ്റ് നേടാൻ പുറത്ത് നിന്ന് മൂന്ന് പേരുടെ പിന്തുണ കൂടി ആവശ്യമാണ്. ക്രോസ് വോട്ടിംഗ് ഇല്ലാതെ ഈ മൂന്ന് വോട്ടുകള്‍ നേടാൻ പ്രയാസമാണ്. അതേസമയം, 35 എംഎല്‍എമാരുള്ള ഇന്ത്യാ ബ്ലോക്കിന് രാജ്യസഭാ സീറ്റ് നേടാൻ ആറ് പേരുടെ പിന്തുണ കൂടി ആവശ്യമാണ്.

എ.ഐ.എം.ഐ.എമ്മിന്റെ അഞ്ച് വോട്ടുകളുടെയും ബി.എസ്.പി.യുടെ ഒരു വോട്ടിന്റെയും പിന്തുണയോടെ, എംപി സ്ഥാനം ഉറപ്പിക്കാനായിരിക്കും പ്രതിപക്ഷ സഖ്യത്തിന്റെ ശ്രമം. അഞ്ചാം സീറ്റിലേക്ക് സ്വാധീനമുള്ള സ്ഥാനാർത്ഥിയെ നിർത്താനാണ് ആർ.ജെ.ഡി ഉദ്ദേശിക്കുന്നതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. വിരമിക്കുന്ന അംഗങ്ങളില്‍ ആർജെഡിയിലെ അമരേന്ദ്ര സിംഗ്, പ്രേംചന്ദ് ഗുപ്ത എന്നിവരും ഉള്‍പ്പെടുന്നു. ജെഡിയുവില്‍ നിന്ന്, കേന്ദ്രമന്ത്രി രാം നാഥ് താക്കൂർ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശിന്റെ കാലാവധി ഏപ്രില്‍ 9 ന് അവസാനിക്കും, അതുപോലെ ബിജെപി ക്വാട്ടയില്‍ നിന്ന് ആർ‌എല്‍‌എമ്മിലെ ഉപേന്ദ്ര കുശ്വാഹയും തെരഞ്ഞെടുക്കപ്പെടും.



🅾️ 33 കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കി നഗ്നചിത്രങ്ങള്‍ ഡാർക്ക് വെബ്ബില്‍ വിറ്റ ഉത്തർ പ്രദേശിലെ ദമ്പതികള്‍ക്ക് തൂക്കുകയർ.ബാന്ദ സ്വദേശിയായ രാംഭവനും ഭാര്യ ദുർഗാവതിക്കുമാണ് പോക്സോ കോടതി വധശിക്ഷ വിധിച്ചത്. ഇന്റർപോള്‍ നല്‍കിയ വിവരമനുസരിച്ച്‌ സിബിഐയാണ് കേസ് അന്വേഷിച്ചത്.

33 കുട്ടികളെ കൊടും ക്രൂരതക്കിരയാക്കിയ ദമ്പതികള്‍ക്ക് തൂക്കുകയർ. ബാന്ദ്രയിലും ചിത്രകൂടിലുമായി 2010 മുതല്‍ 2020 വരെയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. പണം നല്‍കിയും വീഡിയോ ഗെയിമുകള്‍ കളിക്കാൻ ക്ഷണിച്ചുമാണ് കുട്ടികളെ ദമ്പതികള്‍ വീട്ടിലേക്കെത്തിച്ചത്



 *🌎 അന്താരാഷ്ട്രീയം 🌍*

--------------------------->>



🅾️ അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കിയ ഇറക്കുമതി തീരുവകൾക്ക് പകരമായി, ആഗോളതലത്തിൽ എല്ലാ ഉൽപ്പന്നങ്ങൾക്കും 15 ശതമാനം പ്രത്യേക നികുതി ഏർപ്പെടുത്തുമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടയിലാണ് ട്രംപിന്‍റെ ഈ പുതിയ നീക്കം. നേരത്തെ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ 10 ശതമാനം നികുതി ഏർപ്പെടുത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, ശനിയാഴ്ച തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' ഇത് 15 ശതമാനമായി വർധിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 24 ചൊവ്വാഴ്ച മുതൽ ഈ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരും. 1974-ലെ ട്രേഡ് ആക്ട് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ട്രംപ് ഈ താത്കാലിക നികുതി പ്രഖ്യാപിച്ചത്. എന്നാൽ, ഭരണകൂടത്തിന് ഈ നികുതി 150 ദിവസത്തേക്ക് (അഞ്ച് മാസം) മാത്രമേ നിലനിർത്താൻ സാധിക്കൂ. അതിനുശേഷം ഇത് തുടരണമെങ്കിൽ അമേരിക്കൻ പാർലമെന്‍റായ കോൺഗ്രസിന്‍റെ അംഗീകാരം തേടേണ്ടതുണ്ട്.

താൻ നേരത്തെ ഏർപ്പെടുത്തിയ തീരുവകൾ റദ്ദാക്കിയ സുപ്രീം കോടതി നടപടി വിഡ്ഢിത്തവും അമേരിക്കൻ വിരുദ്ധവുമാണെന്ന് ട്രംപ് ആരോപിച്ചു. രാജ്യത്തെ ചൂഷണം ചെയ്യുന്നവർക്കെതിരെയുള്ള നിയമപരമായ പോരാട്ടം തുടരുമെന്നും, അനുവദനീയമായ ഏറ്റവും ഉയർന്ന നിരക്കായ 15 ശതമാനം തീരുവ ഉടനടി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്‍റെ ഈ പ്രഖ്യാപനം ആഗോള വ്യാപാര മേഖലയിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. പുതിയ ഉത്തരവ് ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ബാധകമാണ്. അതേസമയം, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമായ ചില ധാതുക്കൾ, ഔഷധങ്ങൾ, ഊർജ്ജ ഉൽപ്പന്നങ്ങൾ, വളം, ചില ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയെ ഈ അധിക നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ തീരുമാനവും ഇതിലൂടെയുണ്ടാകുന്ന പ്രത്യാഘാതങ്ങളും ഗൗരവമായി പഠിച്ചുവരികയാണെന്ന് ഇന്ത്യൻ വാണിജ്യ മന്ത്രാലയം അറിയിച്ചു



🅾️  ഞായറാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തിയില്‍ ആക്രമണം നടത്തിയതായും തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ നശിപ്പിച്ചതായും പാകിസ്ഥാൻ അറിയിച്ചു.രാജ്യത്തിനുള്ളില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ അഥവാ ടിടിപി എന്നറിയപ്പെടുന്ന പാകിസ്ഥാൻ താലിബാന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഏഴ് ക്യാമ്പുകള്‍ക്കെതിരെ സൈന്യം ഓപ്പറേഷൻസ് നടത്തിയതായി ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. അതിർത്തി മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ അനുബന്ധ സംഘടനയെയും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ എവിടെയാണ് ആക്രമിച്ചതെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല. അഫ്ഗാനും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലെ റിപ്പോർട്ടുകള്‍ പ്രകാരം അഫ്ഗാനിസ്ഥാനുള്ളിലാണ് ആക്രമണം നടന്നതെന്ന് സൂചനയുണ്ട്. ഫിറ്റ്‌ന അല്‍ ഖ്വാരിജ്, ദാഇഷ് ഖൊറാസാൻ പ്രവിശ്യ എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ ലക്ഷ്യമാക്കിയതായി പാകിസ്ഥാൻ മാധ്യമങ്ങള്‍ അറിയിച്ചു.



🅾️ അതിർത്തിയിലെ തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) പോരാളികളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി അഫ്ഗാനിസ്ഥാൻ.പാക് ആക്രമണം തങ്ങളുടെ പരമാധികാരത്തിന്‍റെയും അന്താരാഷ്ട്ര നിയമത്തിന്‍റെയും വ്യക്തമായ ലംഘനമാണെന്നും താലിബാൻ വിശേഷിപ്പിച്ചു. പാക് - അഫ്ഗാൻ അതിർത്തിയിലെ ഒരു മത പാഠശാലയും നിരവധി കെട്ടിടങ്ങളും അക്രമിക്കപ്പെട്ടെന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഡസൻ കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടതായും അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കിയെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വിശുദ്ധമാസത്തില്‍ മദ്രസകള്‍ അക്രമിച്ച പാക് നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് താലിബാൻ പ്രതികരിച്ചത്.



🅾️ ഇറാനുമായുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടല്‍ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിലുടനീളമുള്ള തങ്ങളുടെ സൈനിക താവളങ്ങളില്‍ അമേരിക്ക വൻതോതില്‍ അഴിച്ചുപണി ആരംഭിച്ചു.ഖത്തറിലെ അല്‍ ഉദൈദ് താവളത്തില്‍ നിന്ന് നൂറുകണക്കിന് സൈനികരെ രഹസ്യ ദൗത്യങ്ങള്‍ക്കായി മാറ്റിയതായി പെന്‍റഗണ്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഖത്തറിന് പുറമെ ബഹ്‌റൈൻ (നേവിയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനം), ഇറാഖ്, സിറിയ, കുവൈറ്റ്, സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളിലും വലിയ തോതിലുള്ള സ്ഥാനചലനങ്ങള്‍ നടക്കുന്നുണ്ട്.

നിലവില്‍ പശ്ചിമേഷ്യയിലുള്ള 30,000 മുതല്‍ 40,000 വരെ വരുന്ന യുഎസ് സൈനികർക്ക് ഇറാന്‍റെ പ്രത്യാക്രമണങ്ങളെ ചെറുക്കാൻ ആവശ്യമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ കുറവാണെന്ന വിലയിരുത്തലില്‍, കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ മേഖലയിലേക്ക് എത്തിക്കുന്നുണ്ട്. ഇറാന്‍റെ ഭാഗത്തുനിന്നുള്ള മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി രണ്ട് യുഎസ് വിമാനവാഹിനിക്കപ്പലുകളെ ഇറാന്‍റെ അതിർത്തിയില്‍ നിന്ന് സുരക്ഷിതമായ അകലത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഇറാന്‍റെ ഹ്രസ്വ-മധ്യദൂര മിസൈലുകള്‍, മിസൈല്‍ സംഭരണശാലകള്‍, ആണവ നിലയങ്ങള്‍, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം എന്നിവയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കൻ ആക്രമണമുണ്ടായാല്‍ മേഖലയിലെ എല്ലാ യുഎസ് താവളങ്ങളും സൗകര്യങ്ങളും തങ്ങളുടെ ലക്ഷ്യമാകുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ മിഷൻ മുന്നറിയിപ്പ് നല്‍കി. 2025 ജൂണില്‍ നടന്നതുപോലെ മുൻകൂട്ടി അറിയിച്ചുകൊണ്ടുള്ള ഒരു ആക്രമണമായിരിക്കില്ല ഇതെന്നും ഇറാൻ വ്യക്തമാക്കി.



*⚽ കായികം, സിനിമ 🎥*

---------------------->>>>>



🅾️ സീസണിലെ ആദ്യ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് (ഞായറാഴ്ച ) മുംബൈ സിറ്റി എഫ്സിയെ നേരിടും. സ്റ്റേഡിയം വാടക സംബന്ധിച്ച് മത്സര തലേന്ന് കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും തമ്മിലുള്ള തർക്കം രൂക്ഷമായെങ്കിലും മത്സരം നിശ്ചയിച്ചത് പ്രകാരം  നടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രാത്രി 7.30ന് ആണ് മത്സരം ആരംഭിക്കുന്നത്. 

സ്റ്റേഡിയത്തിലെ ഒരു മത്സരത്തിന് 2 ലക്ഷം രൂപ വാടക എന്നാണ് കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും നേരത്തെ ധാരണയിലെത്തിയത്. എന്നാൽ പിന്നാലെ ഇത് 4.2 ലക്ഷം രൂപയാക്കി ജിസിഡിഎ ഉയർത്തി. ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്. നേരത്തെ കുറഞ്ഞ സ്റ്റേഡിയം വാടകയുള്ള കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് ഹോം മത്സരങ്ങൾ മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സ് ആലോചിച്ചിരുന്നു. 

കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യമത്സരത്തിൽ ദയനീയമായാണ് നിലവിലെ ചാംപ്യന്മാരായ മോഹൻ ബഗാനോട് തോറ്റത്. ഗോൾ മാർജിൻ 2-0ൽ ഒതുങ്ങിയെങ്കിലും ഒരു മേഖലയിലും കേരള ബ്ലാസ്റ്റേഴ്സിന് തിളങ്ങാനായില്ല. വിദേശ താരം കെവിൻ യോക്കിന്റെയും ഒമർ ബായുടേയും പ്രകടനം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് അൽപ്പമെങ്കിലും പ്രതീക്ഷ നൽകിയത്. 85 മിനിറ്റ് വരെ ഒരു ഷോട്ട് പോലും ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ നിന്ന് മുന്നേറ്റനിരയിൽ വന്നില്ല. ഓൺ ടാർജറ്റിലേക്ക് ഒരു ഷോട്ട് പോലുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരം അവസാനിപ്പിച്ചത്. 

മറുവശത്ത് മുംബൈ സിറ്റി എഫ്സി ആദ്യ ഹോം മത്സരം ജയിച്ചാണ് വരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റേത് പോലെ വൈകി പ്രീസീസൺ ആരംഭിച്ച ക്ലബ് ആയിരന്നു മുംബൈയും. ചെന്നൈയിൻ എഫ്സിയെയാണ് മുംബൈ തോൽപ്പിച്ചത്. ചെന്നൈയുടെ സെൽഫ് ഗോളാണ് ഇവിടെ മുംബൈയുടെ ജയത്തിന് വഴി തുറന്നത്. 

പന്ത് കൈവശം വെച്ച് കളിക്കുന്നതിൽ മുംബൈക്ക് മേൽ ചെന്നൈയിൻ എഫ്സി ആധിപത്യം പുലർത്തി. എന്നാൽ ചെന്നൈയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ മുംബൈക്ക് കഴിഞ്ഞു. ഫൈനൽ തേർഡിലെ പ്രശ്നങ്ങളാണ് കൂടുതലും മുംബൈയെ അലട്ടുന്നത്. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ ശക്തമായ സ്ക്വാഡുമായാണ് മുംബൈ വരുന്നത് എന്നത് മഞ്ഞപ്പടയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു


_______________________




🅾️➖🅾️➖🅾️➖🅾️➖🅾️

Post a Comment

0 Comments