**
📡
കോഴിക്കോട്: ഷിഗല്ല രോഗ ലക്ഷണങ്ങളുമായി പെരുവയല്‍ പഞ്ചായത്തില്‍ നീരീക്ഷണത്തിലുളളത് 51 പേർ. ഇതിൽ ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് സാധിക്കാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. കുടിവെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ ആകാം രോഗം പടര്‍ന്നതെന്ന സംശയത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
കോഴിക്കോട് ഷിഗല്ലയെ തുടർന്ന കഴിഞ്ഞ ഞായറാഴ്ച മൂന്നര വയസുകാരി മരിച്ചിരുന്നു. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കരയിലാണ് സംഭവം. മരണശേഷമാണ് കുട്ടിക്ക് ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചത്. കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ മറ്റ് മൂന്ന് കുട്ടികള്‍ക്കും രോഗലക്ഷണങ്ങളുണ്ട്. ഇവരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ ആനക്കുഴിക്കര പ്രദേശത്തെ അഞ്ച് പേര്‍ക്ക് കൂടി സമാനമായ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
*സൂക്ഷിക്കണേ…! പക്ഷിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്*
*ജില്ലയിലെ പക്ഷിപ്പനി; പതിനയ്യായിരത്തോളം വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കി*
കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച അഞ്ചിടങ്ങളിലായി പതിനയ്യായിരത്തോളം വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നത്.
പനങ്ങാട് പഞ്ചായത്തിലെ 12, 15, 16, വാര്‍ഡുകളിലെ കോഴി, താറാവ് എന്നിവയെയാണ് കൊന്നത്. ബാലുശ്ശേരിയിലെ പനങ്ങാട് പഞ്ചായത്തില്‍ മാത്രം 450 പക്ഷികളെയാണ് കൊന്നൊടുക്കിയത്.
*കോഴിക്കോട് :* ജില്ലയിലെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി (H5N1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വളർത്തു പക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാമിന്റെ മുന്നറിയിപ്പ്.
*എന്താണ് പക്ഷിപ്പനി ?*
ഒരിനം വൈറസ് കാരണമുണ്ടാകുന്ന പകർച്ചാ രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ. പക്ഷികളിൽനിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുള്ളത്. കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാര പക്ഷികൾ തുടങ്ങി എല്ലാ ഇനം പക്ഷികളെയും ഈ രോഗം ബാധിക്കാം. പക്ഷികളിൽനിന്ന് മനുഷ്യരിലേക്ക് പകരാനും ഇടയുണ്ട്. മനുഷ്യരിലെ രോഗം ഗുരുതരമായേക്കാം. അതിനാൽ പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിത അകലം പാലിക്കണം.
രോഗബാധയേറ്റ കോഴി, താറാവ്, വളർത്തു പക്ഷികൾ എന്നിവയെ പരിപാലിക്കുന്നവർ, അടുത്ത സമ്പർക്കം പുലർത്തുന്നവർ, വീട്ടമ്മമാർ, കശാപ്പുകാർ, വെറ്ററിനറി ഡോക്ടർമാർ, രോഗ നിയന്ത്രണത്തിനായി പക്ഷികളെ നശിപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ, സഹായികൾ എന്നിവർ പ്രതിരോധ നടപടികൾ സ്വീകരിക്കണം. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ടൽ, മൂക്കൊലിപ്പ്, കഫത്തിൽ രക്തം കാണുക എന്നിവയാണ് മനുഷ്യരിലെ രോഗലക്ഷണങ്ങൾ.
*ശ്രദ്ധ വേണം*
വളർത്തു പക്ഷികളോ മറ്റു പക്ഷികളോ ചത്ത് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിലും മൃഗാശുപത്രിയിലും അറിയിക്കണം.
പക്ഷികളെ ആകർഷിക്കുന്ന രീതിയിൽ മാംസാവശിഷ്ടങ്ങളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്. അവ സുരക്ഷിതമായി സംസ്‌കരിക്കുക.
പക്ഷികളുടെ കാഷ്ഠമോ മറ്റു സ്രവങ്ങളോ ശരീരത്തിൽ വീഴുകയോ മൃതശരീരം തൊടുകയോ ചെയ്യേണ്ടിവന്നാൽ ഉടൻ സോപ്പ് ഉപയോഗിച്ച് കഴുകുകയോ കുളിക്കുകയോ വേണം.
വളർത്തു പക്ഷികളുടെ കൂട് വൃത്തിയാക്കുമ്പോഴും മുട്ട, മാംസം എന്നിവ കൈകാര്യം ചെയ്യുമ്പോഴും മാസ്‌കും നീളമുള്ള കൈയുറയും ധരിക്കണം.
പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോഴി, താറാവ്, കാട തുടങ്ങിയ വളർത്തു പക്ഷികളുമായി കഴിയുന്നതും അകലം പാലിക്കുക. പക്ഷികളെ വളർത്തുന്ന സ്ഥലത്തോ കൂടിന്റെ പരിസരത്തോ പോകരുത്.
വളർത്തു പക്ഷികളെ എടുക്കാനും താലോലിക്കാനും കുട്ടികളെ അനുവദിക്കരുത്.
പക്ഷികൾക്ക് പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും അടുത്തിടപഴകരുത്.
മുട്ട, മാംസം എന്നിവ നന്നായി സമയമെടുത്ത് വേവിച്ച് (70 ഡിഗ്രി സെൽഷ്യസിൽ അര മണിക്കൂർ) മാത്രം കഴിക്കുക. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് നല്ലത്. ഓംലെറ്റ്, ബുള്സ് ഐ എന്നിങ്ങനെ കുറഞ്ഞ സമയം മാത്രം എടുത്തു പാകം ചെയ്യുന്ന മുട്ട വിഭവങ്ങൾ കഴിക്കരുത്.
പനി, ശരീരവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
📡

0 Comments