അരീക്കോട് (മലപ്പുറം): പ്രശസ്ത ഫുട്ബോൾ താരവും കോയമ്പത്തൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടറുമായ അസിം കോളറിയാടൻ (42) കോയമ്പത്തൂരിൽ വാഹന അപകടത്തിൽ മരിച്ചു.
കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റ്മോർട്ടത്തിനു ശേഷം കസ്റ്റംസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹം വൈകുന്നേരം മൂന്നുമണിയോടെ അരീക്കോട് പുത്തലത്തെ വീട്ടിൽ എത്തിക്കും.
ഖബറടക്കം ഇന്ന് (13-08-2026-വ്യാഴം) വൈകുന്നേരം 06:00-ന് മൈത്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ദേശീയ തലത്തിൽ അറിയപ്പെടുന്ന കാൽപ്പന്തുകളിക്കാരനാണ് അസീം കൊറളിയാടൻ.
കട്ടാട്ടെ സൈനുട്ടിയുടെയും കൊറളിയാടൻ മുസാൻകുട്ടിയുടെയും മകനാണ്.
പ്രശസ്ത ഫുട്ബോളറും കോച്ചുമായ അനീസ് കൊറളിയാടൻ്റെ ഇരട്ട സഹോദരനാണ് അസീം.
കേരളം മാത്രമല്ല, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളും കളിക്കളങ്ങളിൽ തങ്ങളുടെ കളിസംഘത്തിൻ്റെ ഭാഗമാക്കി അദ്ദേഹത്തെ കളത്തിലിറക്കിയത് അസീമിൻ്റെ കളിമിടുക്കിനുള്ള അംഗീകാരമാണ്.
അണ്ടർ 21 കേരള ടീമിൻ്റെ ഭാഗമായിരുന്ന അസീം, മറ്റു മൂന്ന് സംസ്ഥാനങ്ങൾക്കു വേണ്ടിയും ജഴ്‌സിയണിഞ്ഞു.
ക്ലബ്ബ് ഫുട്ബോൾ മേഖലയിലും അസീമിൻ്റെ ഫുട്ബോൾ പ്രതിഭ കീർത്തിനേടി.
2005-06ൽ വാസ്‌കോ ഗോവയ്ക്കു വേണ്ടിയാണ് അസീം ആദ്യമായി ക്ലബ്ബ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. തുടർന്ന് 2006-07 സീസണിൻ സാൽഗോക്കർ ഗോവയുടെയും 2007-2009ൽ മുംബൈ എഫ്‌സിയുടെയും ഭാഗമായി.
2009-10 സീസണിൽ മഹീന്ദ്ര യുണൈറ്റഡിന്റെ ഭാഗമായി കളിക്കളത്തിലിറങ്ങിയ അസീം 2010-11 സീസണിൽ കളിക്കുപ്പായമണിഞ്ഞത്
ഈസ്റ്റ് ബംഗാളിന് വേണ്ടിയായിരുന്നു.
2013-ൽ തമിഴ്‌നാടിനും 2010-ൽ മഹാരാഷ്ട്രയ്ക്കും വേണ്ടി സന്തോഷ് ട്രോഫി മത്സരത്തിൽ കളിച്ചു.
ദീർഘമാണ് അസീമിൻ്റെ കളിജീവിതം.9 സീസണുകളിൽ ഐ ലീഗിൽ കളിച്ച അസീം, ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു.
നിലവിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു.

0 Comments