മുക്കം നഗരസഭയിൽ എം.വി.ഡി (മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്) ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകമാണെന്നും, ഇത് ദുരുദ്ദേശപരമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നഗരസഭയുടെ ന്യൂതന പദ്ധതിയായ 'മാലിന്യമുക്ത മുക്കം - സി.സി.ടി.വി ഇൻ പബ്ലിക് സ്പേയ്സ്' പദ്ധതിയുടെ ഭാഗമായാണ് പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതെന്നും ഓർമ്മിപ്പിക്കുന്നു.
മുക്കംനഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യങ്ങളും ഹോട്ടൽ വേസ്റ്റുകളും തള്ളുന്നത് നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തുന്നതിനായി അന്നത്തെ ഭരണസമിതി കർശന നടപടികൾ സ്വീകരിച്ചത്.
2024 ഓഗസ്റ്റ് 16-ലെ നഗരസഭ കൗൺസിൽ തീരുമാനപ്രകാരമാണ് 'സി.സി.ടി.വി ഇൻ പബ്ലിക് സ്പേയസ്' പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്.
സർക്കാരിന്റെ 'മില്യൻ പ്ലസ്' ഫണ്ടിൽ നിന്നും ഏകദേശം 60 ലക്ഷത്തോളം രൂപ ഇതിനായി വകയിരുത്തി.
പി.ഡബ്ല്യു.ഡി എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
എന്നാൽ, നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ സുപ്രധാന പദ്ധതിയെക്കുറിച്ചുള്ള യാഥാർത്ഥ്യം മറച്ചുവെച്ച്, ഇത് എം.വി.ഡി സ്ഥാപിച്ച ക്യാമറകളാണെന്ന് പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മാലിന്യങ്ങൾ വലിച്ചെറിയുന്ന സാമൂഹിക വിരുദ്ധരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നഗരസഭ നടപ്പിലാക്കുന്ന 'മാലിന്യമുക്ത മുക്കം - സി.സി.ടി.വി ഇൻ പബ്ലിക് സ്പേയ്സ്' പദ്ധതിയെക്കുറിച്ചുള്ള യഥാർത്ഥ വസ്തുതകൾ എല്ലാവരും തിരിച്ചറിയണമെന്ന് അഭ്യർത്ഥിച്ചു.
*മുക്കം മുനിസിപ്പാലിറ്റി.*

0 Comments