_*പ്രധാന വാർത്തകൾ*_
*2026 ഫെബ്രുവരി 23*_
_*1201 കുംഭം 11*_
_*1447 റമദാൻ 05*_
*തിങ്കൾ*_
🅾➖🅾➖🅾➖🅾➖🅾
*🌴 കേരളീയം 🌴*
--------------------->>>>>>
🅾️ ശബരിമല കൊടിമര നിർമ്മാണ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്.ഇന്നലെയാണ് പ്രത്യേക സംഘം മൊഴിയെടുത്തത്. സംഭാവന നല്‍കിയ സ്വർണത്തിൻ്റെ അളവ് ഉള്‍പ്പെടെ സുരേഷ്ഗോപി മൊഴി നല്‍കിയിരുന്നു. 27 പേരാണ് സംഭാവന നല്‍കിയത്. ഇതില്‍ കുറച്ചുപേർ മാത്രമാണ് ഇനി മൊഴി നല്‍കാനുഉളത്. അതേസമയം, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ലാബിലേക്കക്കാൻ എസ്‌ഐടി ഇന്ന് വിജിലൻസ് കോടതിയില്‍ അപേക്ഷ നല്‍കും.
🅾️ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ മൂന്നു ബസുകള്‍ കത്തി നശിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് സ്കൂള്‍ അധികൃതർ.ബസുകള്‍ മനപ്പൂർവ്വം ആരോ തീയിട്ടതാണെന്ന സംശയമാണ് ഉയരുന്നത്. ബസുകളിലേക്ക് ട്രാവലർ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ബസുകള്‍ കത്തിനശിച്ചത്.
സ്കൂള്‍ ഗ്രൗണ്ടില്‍ പാർക്ക് ചെയ്ത ബസുകളാണ് കത്തിയത്. മൂന്നു ബസുകള്‍ പൂർണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. പുലർച്ചെ തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സില്‍ വിവരമറിയിച്ചത്. പിന്നീട് ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. ഈ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്കൂളില്‍ ഉണ്ടായിരുന്നുള്ളൂ. അതേസമയം, തീപിടിത്തത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. സിസിടിവി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
🅾️ ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും.പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതലാണ്. കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാല്‍ നിർവ്വഹിക്കും. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റിൻ്റെ അംബാ പുരസ്ക്കാരം മോഹൻലാലിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിൻ്റെ കലാ പരിപാടികളുമുണ്ടാകും. മാർച്ച് മൂന്നിനാണ് പൊങ്കാല.
🅾️ പ്രകൃതി ദുരന്തങ്ങളിലടക്കം അർഹമായ കേന്ദ്ര സഹായം ലഭിക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.നെടുമങ്ങാട് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കവെ 10 വർഷക്കാലത്തെ ഭരണ നേട്ടങ്ങളും വെല്ലുവിളികളും ചൂണ്ടിക്കാട്ടിയുള്ള പ്രസംഗത്തിലാണ് പ്രധാനമന്ത്രി മോദിയുടെ പേരെടുത്ത് പറഞ്ഞ് മുഖ്യമന്ത്രി വിമർശനം അഴിച്ചുവിട്ടത്. പല ദുരന്തങ്ങളും ഇക്കാലയളവില്‍ കേരളം നേരിടേണ്ടിവന്നു. എന്നാല്‍ കേന്ദ്ര സർക്കാർ അർഹതപ്പെട്ട സഹായം നല്‍കാൻ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളം നേരിട്ട മഹാ പ്രളയ സമയത്ത് പല രാജ്യങ്ങളും സഹായം നല്‍കാൻ കേന്ദ്രസർക്കാരിനെ സമീപിച്ചു. എന്നാല്‍ സഹായം സ്വീകരിക്കില്ല എന്ന മറുപടിയാണ് കേന്ദ്രം നല്‍കിയതെന്നും പിണറായി ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദുരന്തം ഉണ്ടായിട്ടില്ലേ എന്നും പിണറായി ചോദിച്ചു. അന്ന് രാജ്യമൊന്നാകെയും മറ്റു രാജ്യങ്ങളും സഹായിച്ചില്ലേ എന്നും മുഖ്യമന്ത്രി ആരാഞ്ഞു. അന്ന് എല്ലാ സഹായങ്ങളും ഇരുകൈയും നീട്ടി സ്വീകരിച്ച നരേന്ദ്രമോദി, കേരളം ദുരന്തത്തില്‍ അകപ്പെട്ടപ്പോള്‍ സഹായങ്ങള്‍ തടയുന്ന നിലപാടാണ് സ്വീകരിച്ചത്. ലോക രാജ്യങ്ങളുടെ സഹായം തടഞ്ഞ കേന്ദ്ര സർക്കാർ, കേരളത്തിന് അർഹതപ്പെട്ടത് പോലും തന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളം തകരട്ടെ എന്ന ചിന്തയാണ്. കേരളത്തോട് വല്ലാത്തൊരു പകയാണ് കേന്ദ്ര സർക്കാരിനെന്നും പിണറായി അഭിപ്രായപ്പെട്ടു.
🅾️ വയനാടിന്റെ കണ്ണീരൊപ്പാൻ കേരളം ഒറ്റക്കെട്ടായി പടുത്തുയർത്തിയ പുനരധിവാസ ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 25ന് ഉദ്ഘാടനം ചെയ്യും.2024 ജൂലൈ 30ലെ മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവർക്കായി സർക്കാർ ഒരുക്കിയ 178 വീടുകളാണ് അന്നേ ദിവസം നാടിന് സമർപ്പിക്കുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ചരിത്രനിമിഷത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചത്.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് പിന്നാലെ സർക്കാർ നല്‍കിയ ഏറ്റവും വലിയ ഉറപ്പാണ് ഇപ്പോള്‍ യാഥാർത്ഥ്യമാകുന്നത്. ദുരന്തബാധിതർക്ക് ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം ഉറപ്പാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെടുകയാണ്. ദുരന്തസമയത്ത് സമാനതകളില്ലാത്ത വിധം രക്ഷാപ്രവർത്തനത്തില്‍ പങ്കുചേർന്ന സൈനികർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി നാനാതുറകളിലുള്ളവരെയും പുനരധിവാസത്തിനായി സഹായിച്ചവരെയുമാണ് മുഖ്യമന്ത്രി പ്രധാനമായും ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിർമ്മിച്ച ടൗണ്‍ഷിപ്പില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒരു നാട് തന്നെ മണ്ണിനടിയിലായ വേദനയില്‍ നിന്നും വയനാടിനെ തിരികെക്കൊണ്ടുവന്നത് മലയാളിയുടെ ഐക്യമാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. നാം ഒറ്റക്കെട്ടായി തീർത്ത ഈ അതിജീവനമാണ് ലോകത്തിന് മുന്നില്‍ മഹത്തായ മാതൃകയായി ഉയർന്നുനില്‍ക്കുന്ന റിയല്‍ കേരള സ്റ്റോറി യെന്നും അദ്ദേഹം കുറിച്ചു
🅾️ സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ചില പ്രദേശങ്ങളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടി മിന്നലും ശക്തമായ കാറ്റും ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
🅾️ തലസ്ഥാനത്ത് നിന്നും നാഗർകോവില്‍ വഴി ബെംഗളൂരുവിലേക്കുള്ള കെ എസ് ആർ ടി സി എസി ഗജരാജ സ്ലീപ്പർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു.നാല് മാസം മുമ്പ് സേലത്തിനു സമീപം അപകടത്തില്‍പെട്ടതോടെ ഒരു ബസ് മാത്രം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാക്കി സർവീസ് പുനഃക്രമീകരിച്ചിരുന്നു. ഇതാണ് വീണ്ടും സർവീസ് തുടങ്ങിയത്. കണിയാപുരം ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന സർവീസ് കഴക്കൂട്ടം, ടെക്നോപാർക്ക്, തമ്പാനൂർ, നെയ്യാറ്റിൻകര, പാറശാല, കളിയിക്കാവിള, നാഗർകോവില്‍, തിരുനല്‍വേലി, മധുര, കരൂർ, സേലം, ഹൊസൂർ വഴിയാണ് ബെംഗളൂരുവിലേക്കെത്തുന്നത്.
കണിയാപുരത്തു നിന്ന് വൈകിട്ട് 6ന് പുറപ്പെടുന്ന ബസ് രാവിലെ 8.30നു ബെംഗളൂരുവില്‍ എത്തിച്ചേരും. തിരികെ എല്ലാ ദിവസവും വൈകിട്ട് ഏഴിന് സാറ്റലൈറ്റ് ടെർമിനലില്‍ നിന്നു പുറപ്പെടുന്ന ബസ് ഹൊസൂർ, സേലം, നാമക്കല്‍, ദിണ്ഡിഗല്‍, തിരുനെല്‍വേലി, നാഗർകോവില്‍, മാർത്താണ്ഡം, കളിയിക്കാവിള വഴി രാവിലെ 9.30നു കണിയാപുരത്തെത്തും. സർവീസ് പുനരാരംഭിച്ചതോടെ നിലവില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
🅾️ തിരുവനന്തപുരത്ത് ചികിത്സാപ്പിഴവിനെ തുടർന്ന് കുട്ടി മരിച്ചതായി പരാതി. ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകള്‍ രണ്ടര വയസ്സുകാരി ഐഷാ ഫാത്തിമയാണ് മരിച്ചത്.കാട്ടാക്കടയിലെ മമല്‍ ആശുപത്രിക്കെതിരെയാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
കുട്ടിക്ക് ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് കാട്ടാക്കട മമല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശ്വാസ തടസ്സത്തിന് ആവി പിടിച്ചശേഷം കുട്ടിക്ക് രണ്ട് ഇഞ്ചക്ഷൻ എടുത്തു. ഇഞ്ചക്ഷൻ എടുത്ത ശേഷം കുട്ടിയുടെ നില വഷളായതായാണ് കുടുംബം പരാതിയില്‍ പറയുന്നത്. കുട്ടിയെ ആംബുലൻസില്‍ ഉടൻ നെയ്യാർ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു
ബന്ധുക്കളെ ആംബുലൻസില്‍ കയറുന്നതില്‍ നിന്ന് ആശുപത്രി ജീവനക്കാർ ആദ്യം തടഞ്ഞതായും കുട്ടിയുടെ പിതാവ് പറഞ്ഞു. മൃതദേഹം നെയ്യാർ മെഡിസിറ്റി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.
🅾️ പൊതുജനാരോഗ്യ സംവിധാനത്തില്‍ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടെകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പൊതുജനാരോഗ്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കാണ് മുൻഗണന. അതില്‍ യാതൊരു വിട്ടു വീഴ്ചയും ആരും പ്രതീക്ഷിക്കേണ്ടതില്ല. വീഴ്ചകളില്‍ കർശന നടപടികളുണ്ടാകും. ചില പ്രശ്നങ്ങള്‍ ഉയന്നു വന്നത് പരിഹരിക്കാൻ ഉത്തരവാദിത്വപൂണ്ണമായ നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് ഉഷ ജോസഫിന്‍റെ വയറ്റില്‍ 5 വർഷം ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലടക്കമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
🅾️ ഭാര്യ മോഷണക്കേസില്‍ അറസ്റ്റിലായി റിമാൻഡിലായതില്‍ മനംനൊന്ത് കൊല്ലം അഞ്ചലില്‍ യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലില്‍ റഫീഖ് ആണ് സ്വന്തം ദേഹത്ത് തീ കൊളുത്തിയത്. അതീവ ഗുരുതരാവസ്ഥയിലായ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം 16-ന് അഞ്ചലിലെ സ്വകാര്യ ബസ്സില്‍ വെച്ച് ഒരു കുട്ടിയുടെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ച സംഭവത്തില്‍ റഫീഖിന്റെ ഭാര്യ സബീനയെ അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്നും കൊലുസ് കണ്ടെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.
ഭാര്യ ജയിലിലായതോടെ റഫീഖ് കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇന്ന് ഉച്ചയോടെ തന്റെ മകനെ ഭാര്യവീട്ടില്‍ കൊണ്ടാക്കിയ ശേഷം തിരികെയെത്തിയ ഇയാള്‍, വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ അഞ്ചല്‍ പൊലീസില്‍ വിവരമറിയിച്ചു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ച ശേഷം റഫീഖിനെ ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. റഫീഖിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് ആശുപത്രി അധികൃതർ നല്‍കുന്ന വിവരം. രണ്ടു വർഷം മുൻപും ഇയാള്‍ സമാനമായ രീതിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
🅾️ പാലക്കാട് ആനക്കരയ്ക്കടുത്ത് മലമക്കാവില്‍ അത്യാധുനിക റോബോട്ടിക് പുനരധിവാസ ആശുപത്രി സ്ഥാപിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. കെ.ടി. ജലീല്‍ എംഎല്‍എ, മുൻ എം.എല്‍.എ വി.ടി. ബലറാം, പഞ്ചായത്ത് പ്രസിഡന്റ് അംബിക ടീച്ചർ, ആഫ്രിക്ക ജെൻറോബോട്ടിക്സ് ഡയറക്ടർ ജസ്റ്റിസ് പിറ്റ്സോ തുടങ്ങിയവർ പങ്കെടുത്തു. ജെൻറോബോട്ടിക്സ് സഹസ്ഥാപകൻ വിമല്‍ ഗോവിന്ദും, കൊല്‍ക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സംരംഭകനായ ടി.കെ. ഗോപാലനും ചേർന്നാണ് 'ജി-ലൈഫ്' എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. പക്ഷാഘാതം, നട്ടെല്ലിന് ക്ഷതമേറ്റവർ, അപകടങ്ങള്‍ മൂലം ചലനശേഷി നഷ്ടപ്പെട്ടവർ, സെറിബ്രല്‍ പാള്‍സി, പാർക്കിൻസണ്‍സ് തുടങ്ങിയ അവസ്ഥകളിലുള്ളവർക്ക് ന്യൂറോ-റീഹാബിലിറ്റേഷനിലൂടെ ചലനശേഷി വീണ്ടെടുക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.
🅾️ വയനാട്ടില്‍ വാണിജ്യ അളവില്‍ വീണ്ടും ലഹരിമരുന്ന് പിടികൂടി. മീനങ്ങാടി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയില്‍ ലോറിയുടെ ടൂള്‍ ബോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തു.സംഭവത്തില്‍ പള്ളിക്കുന്ന് ആനക്കുഴി വീട്ടില്‍ ജിബിൻ ജോണ്‍സണ്‍ (24), കുറുമ്പാലക്കോട്ട കാക്കശ്ശേരി വീട്ടില്‍ നിഖില്‍ തോമസ് (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകീട്ട് മീനങ്ങാടി കൊളഗപ്പാറ സ്കൂള്‍ ജംഗ്ഷന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം സംശയകരമായ സാഹചര്യത്തില്‍ കണ്ട കെഎല്‍ 73 എഫ് 1089 നമ്പർ ലോറി തടഞ്ഞുനിർത്തുകയായിരുന്നു. ലോറി പരിശോധിക്കുന്നതിനിടെ ഡ്രൈവറും സഹായിയും പരിഭ്രമിക്കുന്നത് കണ്ട പോലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഇളകിയ നിലയിലായിരുന്ന ടൂള്‍ ബോക്സിനുള്ളില്‍ മറ്റൊരു ബോക്സിനുള്ളിലായി ഒളിപ്പിച്ച നിലയില്‍ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു.
17.98 ഗ്രാം എംഡിഎംഎ, 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മൈസൂരിലെ ബേഗൂരില്‍ നിന്നുമാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
🅾️ വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫ് ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരുന്നു.കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ ഉപകരണം പുറത്തെടുത്തിരുന്നു. ഇന്നലെ ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് ഇവർ. ഉഷ ജോസഫിൻ്റെ ആരോഗ്യനില തൃപ്‌തികരമെന്നാണ് ആശുപത്രിയില്‍ നിന്നുള്ള അറിയിപ്പ്. വയറ്റില്‍ ആർട്ടറി ഫോർസെപ്സ് എന്ന ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതിനെ തുടര്‍ന്ന് 5 വര്‍ഷമായി വേദന സഹിച്ച് കഴിയുകയായിരുന്നു ഇവർ.
അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ഒ.വി സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ. വി സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി. കെ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് ആർടരി ഫോർസെപ്‌സ് പുറത്തെടുത്തത്. ആരോഗ്യ വകുപ്പ് നിർദേശിച്ചത് അനുസരിച്ച് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, സർജറി വിഭാഗം മേധാവി ഡോ. അബ്ദുള്‍ സിയാദ് എ. കെ എന്നിവരും ശസ്ത്രക്രിയയില്‍ ഭാഗമായിരുന്നു.
🅾️ തൃക്കുന്നപ്പുഴയില്‍ തോക്കെടുത്തുള്ള ഗുണ്ടകളുടെ കൈവിട്ട കളിയില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പത്തുപേരെയാണ് എഫ്‌ഐആറില്‍ പ്രതിചേര്‍ത്തത്.അപ്പു ശാസ്ത്താമുറി, ശരത്, അഭിലാഷ്, സജിൻ എന്നിവരും കണ്ടാല്‍ അറിയാവുന്ന ആറുപേരുമാണ് പ്രതികള്‍.വധശ്രമം, കലാപം സൃഷ്ടിക്കല്‍, അന്യായമായി കൂട്ടം ചേരല്‍, ആയുധം ഉപയോഗിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കൂട്ടത്തല്ലിനിടെ ഗുണ്ട തോക്ക് ചൂണ്ടുകയായിരുന്നു. തോക്ക് ചൂണ്ടിയ തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണുവിനെ മറുസംഘം ആക്രമിച്ചു.
സംഘർഷത്തില്‍ നിരവധിപേർക്ക് പരിക്കേറ്റു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാപ്പ പ്രതി പ്രവീണ്‍ പ്രസന്നൻ, മണ്ണാറശ്ശാല മഹേഷ് എന്നിവരുടെ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. ഇരു സംഘങ്ങളും തമ്മില്‍ മഹാദേവിക്കാട് കെടിഡിസി ബിയർ പാർലറില്‍ വെച്ച് വാക്കേറ്റമുണ്ടായി. ഇതിന്‍റെ തുടർച്ചയായിരുന്നു തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ പുളിക്കീഴ് വെച്ച് നടന്നത്. കൂട്ടത്തല്ലിനിടെ തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണു തോക്ക് ചൂണ്ടി ഭീഷണി ഉയർത്തി. എന്നാല്‍, റിവോള്‍വറില്‍ വെടിയുണ്ട ഉണ്ടായിരുന്നില്ല.
ഇതോടെ മറുസംഘം വിഷ്ണുവിനെ ആക്രമിച്ചു. തുടര്‍ന്ന് കൂട്ടത്തല്ലായി. സംഘർഷത്തില്‍ പത്തോളം പേർക്ക് പരിക്കേറ്റു. പട്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ വിഷ്ണു പരുമല ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ചിലർ വണ്ടാനം മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. സംഭവത്തില്‍ തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. തോക്ക് കസ്റ്റഡിയില്‍ എടുത്തു. റിവോള്‍വർ ഒറിജിനല്‍ ആണോ എന്നറിയാൻ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും.
🅾️ വ്ലോഗർ കെ എം ഷാജഹാനെതിരായ നിയമ നടപടി തുടരുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ പിന്തുടർന്ന് ആക്രമിക്കുകയാണ് ഷാജഹാനെന്നും ശ്രീജിത്ത് തിരുവനന്തപുരത്ത് പറഞ്ഞു.ആദ്യം നല്‍കിയ കേസില്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിയുണ്ടായി. സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പൊതുജനങ്ങളും നിയമപോരാട്ടം നടത്തണെമന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
2021 മുതല്‍ ഷാജഹാൻ തന്റെ പിറകെയുണ്ടെന്നായിരുന്നു ശ്രീജിത്ത് പറഞ്ഞത്. അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറയുന്നത് അദ്ദേഹത്തിന്റെ സ്ഥിരം രീതിയാണ്. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചാണ് ഞാൻ ആദ്യം കേസ് കൊടുത്തത്. അഞ്ച് കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ചോദിക്കേണ്ടിയിരുന്നത്. ആ തരത്തിലുള്ള കേസായിരുന്നു. എനിക്ക് നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചത്. എന്നിട്ടും ഷാജഹാൻ ഇപ്പോഴും തന്നെ അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണെന്നും എസ് ശ്രീജിത്ത് പറഞ്ഞു.
🅾️ സംസ്ഥാനത്തെ യുഎപിഎ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ ആറ് പ്രതികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ പിന്തുണ തേടി എൻഐഎ.കൊച്ചി എൻഐഎ യൂണിറ്റ് അന്വേഷിക്കുന്ന പിഎഫ്‌ഐ കേസുകളില്‍ പ്രതികളായവരെ തേടിയാണ് നോട്ടീസ്.എറണാകുളം മുപ്പത്തടം സ്വദേശി അബ്ദുല്‍ വഹാബ്, പട്ടാബി സ്വദേശി കെ അബ്ദുല്‍ റഷീദ്, വൈപ്പിൻ സ്വദേശി ടി എ അയൂബ് എന്നിവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഏഴ് ലക്ഷം രൂപയാണ് പാരിതോഷികം. പാലക്കാട് സ്വദേശി മുഹമ്മദ് മൻസൂറിനെ കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവർക്ക് മൂന്ന് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം നീറിക്കോട് സ്വദേശി യാസർ അറാഫത്തിനെ കുറിച്ചും വിവരങ്ങള്‍ തേടി നോട്ടീസ് പുറപ്പെടുവിച്ചു. കൊച്ചി കളമശ്ശേരി എൻ ഐ എ ഓഫീസിലോ info.koc.nia@gov.in എന്നീ മെയില്‍ ഐഡിയിലോ 0484 2349344, 9497715294 എന്നീ ഫോണ്‍ നമ്പരുകളിലേക്കുമാണ് വിവരങ്ങള്‍ കൈമാറേണ്ടത്.
🅾️ വിദ്യാർത്ഥികളില്‍ കുറഞ്ഞുവരുന്ന വായനാശീലം തിരിച്ചുപിടിക്കുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നല്‍കുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.സ്കൂള്‍ ലൈബ്രറികളിലെ പുസ്തകങ്ങള്‍ കുട്ടികള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് 10 മാർക്ക് വരെ നല്‍കിക്കൊണ്ട് അവരെ വായനയിലേക്ക് ആകർഷിക്കാൻ ആലോചിക്കുന്നത്. അടുത്ത അധ്യയന വർഷം മുതല്‍ ഇത് നടപ്പിലാക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി വിവരിച്ചു. പത്രം വായനയും പുസ്തക വായനയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടികളുടെ അക്കാദമിക് നിലവാരവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
🅾️ ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ ഹോട്ടല്‍ ഉടമയെയും ജീവനക്കാരനെയും മർദിച്ചതായി പരാതി. എറണാകുളം തൃക്കാക്കരയിലാണ് സംഭവം.പരിക്കേറ്റ കടയുടമയെയും ഇദ്ദേഹത്തിൻ്റെ കടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയും ആശുപത്രിയില്‍ ചികിത്സ തേടി. ഇവരെ മർദിച്ച മൂന്ന് പേരില്‍ ഒരാള്‍ പിടിയിലായതായാണ് വിവരം. അക്രമത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
എറണാകുളം എൻജിഒ ക്വാർട്ടേർസ് ജങ്ഷന് സമീപം ടി കമ്പനി എന്ന ഹോട്ടലിലാണ് സംഭവം. ഇവിടെ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന മൂന്ന് ചെറുപ്പക്കാരാണ് അക്രമം നടത്തിയത്. ഇവർ ഇൻഫോപാർക്കിന് സമീപത്തെ ഒരു ഷവർമ കമ്പനിയിലെ ജീവനക്കാരാണെന്നാണ് വിവരം. ഇവരുടെ സ്വദേശം വ്യക്തമല്ല. ഭക്ഷണം കഴിച്ച ശേഷം ഇവർ പണം നല്‍കാതെ മുങ്ങുന്നത് പതിവാണെന്ന് കടയുടമ പറയുന്നു. ഇന്നലെ രാത്രി ഇവർ ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ പോകാൻ ശ്രമിച്ചപ്പോള്‍ കടയുടമ ഇവരോട് ചോദിച്ചു. കടയുടമയും ചെറുപ്പക്കാരും സംസാരിച്ചുനില്‍ക്കെ, ഇവരിലൊരാള്‍ കടയുടെ അകത്തേക്ക് വന്ന് കടയില്‍ ചായ അടിച്ചുകൊണ്ടിരുന്ന ജീവനക്കാരനെ മർദിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്ത് കൂട്ടയടി നടന്നു. കടയുടമയ്ക്കും ജീവനക്കാരനും ക്രൂര മർദനമേറ്റത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്തു. പ്രതികളില്‍ പിടിയിലായ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
🅾️ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മമല്‍ ആശുപത്രിയിലെ ഡോക്ടർ അരുണ്‍ വാരിയർ.ഇഞ്ചക്ഷൻ മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് ഡോക്ടർ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിക്ക് അഡ്രിനാലിൻ നല്‍കി. നെയ്യാർ മെഡിസിറ്റിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് നേരിയ പള്‍സ് ഉണ്ടായിരുന്നതായും ഡോക്ടർ പറഞ്ഞു. അതേസമയം, മമല്‍ ആശുപത്രിയില്‍ ഉണ്ടായ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആവർത്തിക്കുകയാണ് കുട്ടിയുടെ കുടുംബം.
🅾️ ഒമാനില്‍ ഹോട്ടലില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കിടങ്ങന്നൂർ തടത്തില്‍ വീട്ടില്‍ സാമുവല്‍ അബ്രഹാം- വല്‍സമ്മ അബ്രഹാം ദമ്പതികളുടെ മകൻ ബിജു ടി.അബ്രഹാമിനെ (49) ആണ് ബുറൈമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജു ദുബൈയില്‍ നിന്ന് ബുറൈമിയില്‍ എത്തിയത്.
ദുബൈ പാലസില്‍ ഇലകട്രീഷ്യൻ എ.സി മെക്കാനിക്ക് ആയി വർഷങ്ങളോളം ജോലി ചെയ്തിരുന്ന ബിജു വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് നാട്ടില്‍ പോയി ദുബൈയില്‍ വിസിറ്റിങ് വിസയില്‍ തിരിച്ചെത്തിയത്. പിന്നീട് പുതിയ വിസക്കുള്ള നടപടി പൂർത്തിയാക്കാൻ ദുബൈയില്‍ നിന്ന് ബുറൈമിയിലേക്ക് വരികയായിരുന്നു. ഇവിടെ ഹോട്ടലില്‍ താമസിച്ചുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
*🇮🇳 ദേശീയം 🇮🇳*
---------------------->>>>>>
🅾️ ആഗോള എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയെ തങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തിനുള്ള വേദിയാക്കി കോൺഗ്രസ് മാറ്റിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. മീററ്റിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്.
രാജ്യം വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ, അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ നാണം കെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാൻ പൗരന്മാർ രാപ്പകൽ അധ്വാനിക്കുമ്പോൾ, ചില രാഷ്ട്രീയ പാർട്ടികൾക്ക് രാജ്യത്തിന്റെ വിജയം ദഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ വിമർശിച്ചതിന് നിരവധി പ്രതിപക്ഷ പാർട്ടികൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. അവർ സത്യത്തോടും ദേശീയ അഭിമാനത്തോടും ഒപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
🅾️ ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു. ഞായറാഴ്ച രാവിലെ ചത്രൂ മേഖലയിലെ പാസർകുട്ട് പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്തെ ഒരു മഡ് ഹൗസിൽ രണ്ടു ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ രാവിലെ 10.30 ഓടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
🅾️ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡി എം കെ - കോണ്‍ഗ്രസ് സീറ്റ് ചർച്ചയില്‍ ധാരണയായില്ല.എം കെ സ്റ്റാലിനും കെ സി വേണുഗോപാലും നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല. അതേ സമയം സൗഹൃദ സന്ദർശനം മാത്രമെന്നാണ് നേതാക്കളുടെ പ്രതികരണം. ഹൈക്കമാൻഡ് സന്ദേശം സ്റ്റാലിന് കെ സി വേണുഗോപാല്‍ കൈമാറി. മുദ്രവച്ച കവർ കൈമാറി എന്നാണ് സൂചന. മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചില്ല.
അപ്രതീക്ഷിതമായാണ് കെ സി വേണുഗോപാല്‍ സ്റ്റാലിന്‍റെ വസതിയില്‍ എത്തിയത്. സഖ്യ കക്ഷികളുമായുള്ള സീറ്റ് ചർച്ചകള്‍ ഡി എം കെ തുടങ്ങിയ ദിവസമാണ് ഇന്ന്. എന്നാല്‍ കോണ്‍ഗ്രസുമായുള്ള ചർച്ചയുടെ തിയ്യതി ഡി എം കെ പ്രഖ്യാപിച്ചിരുന്നില്ല. അധികാരത്തില്‍ പങ്ക്, അതുപോലെ സീറ്റുകളുടെ എണ്ണം കൂട്ടണം എന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കുറച്ചുകാലമായി ആവശ്യപ്പെടുകയാണ്. തുടർന്ന് എതിർപ്പുമായി ചില ഡി എം കെ നേതാക്കള്‍ പരസ്യമായി രംഗത്തെത്തുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. 18 സീറ്റുകളില്‍ വിജയിച്ചു. ഇത്തവണ നാല്‍പതോളം സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അത്രയും സീറ്റുകള്‍ വിട്ടുകൊടുക്കാൻ ഡി എം കെ തയ്യാറല്ല. അതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാൻഡ് എന്തു നിലപാടെടുക്കും എന്നത് നിർണായകമാണ്.
🅾️ ജെഎൻയുവില്‍ വിദ്യാർത്ഥി സംഘടനകള്‍ ഏറ്റുമുട്ടിയുണ്ടായ സംഘർഷത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ക്യാമ്പസില്‍ വ്യാപകമായി കല്ലേറ് നടക്കുകയാണ്.വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധത്തിന് നേരെ എബിവിപി അക്രമം അഴിച്ചുവിട്ടെന്നാണ് ഇടതു സംഘടനകള്‍ ആരോപിക്കുന്നത്. അതേസമയം എബിവിപി പ്രവർത്തകരെ ഇടത് സംഘടന പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് എബിവിപിയും ആരോപിച്ചു. നിലവില്‍ ക്യാമ്പസില്‍ സംഘർഷ സാഹചര്യം തുടരുകയാണ്.
🅾️ തീരുവയില്‍ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപിന് സുപ്രീം കോടതിയില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ വ്യാപാര കരാറില്‍ ഇന്ത്യയുടെ നിർണായക നീക്കം.വ്യാപാര കരാറുമായി ബന്ധപ്പെട്ട് നാളെ നിശ്ചയിച്ചിരുന്ന ഇന്ത്യ - യു എസ് യോഗത്തില്‍ ഇന്ത്യ പങ്കെടുക്കില്ല. കരാറിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കാനായി മൂന്ന് ദിവസത്തെ യോഗമാണ് അമേരിക്കയില്‍ നിശ്ചയിച്ചിരുന്നത്. നിയമവശങ്ങള്‍ പരിശോധിക്കാനായി നിശ്ചയിച്ചിരുന്ന യോഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തീരുവയില്‍ അമേരിക്കയുടെ തുടര്‍ നിലപാട് നിരീക്ഷിച്ചാകും ഇനിയുള്ള നീക്കമെന്നാണ് വാണിജ്യമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. തീരുവ 15 ശതമാനമാക്കിയ സാഹചര്യത്തില്‍ ഇടക്കാല വ്യപാര കരാറിന്‍റെ പരിഗണന വിഷയങ്ങളില്‍ മാറ്റം വരാന്‍ സാധ്യയുണ്ട്. മാര്‍ച്ചില്‍ ഇടക്കാല കരാര്‍ ഒപ്പിടുമെന്നും ഏപ്രില്‍ മുതല്‍ കരാര്‍ പ്രബല്യത്തില്‍ വരുമെന്നുമാണ് നിലവില്‍ വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എന്ത് സംഭവിക്കുമെന്ന കണ്ടറിയണം.
അമേരിക്കയിലെ സുപ്രീം കോടതി വിധിയെ തുടർന്ന് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് നീക്കങ്ങള്‍ മന്ത്രാലയം നിരീക്ഷിച്ച് വിലയിരുത്തുകയാണ്. പ്രതികാര നടപടിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ചുമത്തിയ താരിഫുകള്‍ സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് പുതിയ പ്രതിസന്ധി. ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. ദേശീയ അടിയന്തരാവസ്ഥകളില്‍ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകള്‍ ചുമത്തിയതെന്ന് വിധിയില്‍ വ്യക്തമാണ്.
🅾️ കോണ്‍ഗ്രസ് നേതൃത്വത്തെയും രാഹുല്‍ ഗാന്ധിയെയും തള്ളി മുതിർന്ന നേതാവ് മണിശങ്കർ അയ്യർ രംഗത്ത്. ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി മാറിനില്‍ക്കണമെന്ന് മണിശങ്കർ അയ്യർ ആവശ്യപ്പെട്ടു.ഇന്ത്യ സഖ്യത്തിന്‍റെ നിലനില്‍പ്പിന് മമത ബാനർജി അനിവാര്യമാണെന്നും അവരാണ് സഖ്യത്തിന്റെ മുഖമാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമത, സ്റ്റാലിൻ തുടങ്ങിയ പ്രാദേശിക നേതാക്കള്‍ ഇന്ത്യ സഖ്യത്തിന് ഗുണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമത ബാനർജി ഇല്ലാത്ത ഇന്ത്യ സഖ്യത്തിന് പ്രസക്തിയില്ലെന്നും, പ്രാദേശിക പാർട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഗുണം ചെയ്യുമെന്നും അയ്യർ കൂട്ടിച്ചേർത്തു. നേരത്തെ കേരളത്തില്‍ പിണറായി സർക്കാർ തുടരുമെന്ന് അയ്യർ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇതിനെതിരെ എ ഐ സി സി നേതാക്കളടക്കം രംഗത്തുവന്നെങ്കിലും പിന്നോട്ടില്ല എന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം ഇന്ന് നല്‍കിയത്.
🅾️ വിവിധ മേഖലകളില്‍ ഇന്ത്യയും ബ്രസീലും തമ്മിലുള്ള സഹകരണം ശക്തമാവുകയാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍.കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ 25 ശതമാനം വളർച്ചയുണ്ടായി. ഇതോടെ വ്യാപാരം 1500 കോടി ഡോളറിലെത്തി. എന്നാല്‍ ഈ കണക്കുകള്‍ പര്യാപ്തമല്ലെന്നും സാമ്പത്തിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താൻ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയും വലിയ ലക്ഷ്യങ്ങളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ച് വേഗത്തില്‍ വളരാനും വലുതാകാനും സാധിക്കുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
ഇന്ത്യയും ബ്രസീലും സ്വാഭാവിക പങ്കാളികളാണ്. ജനാധിപത്യം, വൈവിധ്യം, വികസനത്തിനായുള്ള ഒരേപോലുള്ള ആഗ്രഹങ്ങള്‍ എന്നിവയിലാണ് നമ്മുടെ ബന്ധം കെട്ടിപ്പടുത്തിരിക്കുന്നത്. ജനങ്ങള്‍ തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തെ ശക്തമാക്കുന്നു, അദ്ദേഹം പറഞ്ഞു. ലത്തീൻ അമേരിക്കയിലും കരീബിയൻ മേഖലയിലും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബ്രസീല്‍. ആരോഗ്യം, ഫാർമ, ഊർജ്ജം (പുനരുപയോഗ ഊർജ്ജം ഉള്‍പ്പെടെ), പ്രതിരോധം, വ്യോമയാനം, നിർണായക ധാതുക്കള്‍ തുടങ്ങിയ മേഖലകളിലും സഹകരണം വിപുലീകരിക്കുകയാണ്. ശാസ്ത്ര-സാങ്കേതിക വിദ്യ, ഡിജിറ്റല്‍ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് എന്നിവയിലും സഹകരണം കാര്യമായി വളരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിക്സ്, ഇബ്സ, ജി20, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര വേദികളിലെ സഹകരണത്തെക്കുറിച്ചും ഗോയല്‍ സംസാരിച്ചു. ഉഭയകക്ഷി ബന്ധത്തിന്റെ ഭാവി ശോഭനമാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
🅾️ വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ജീവനൊടുക്കി അധ്യാപികമാരായ സഹോദരിമാർ. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. 25ഉം 23ഉം വയസ് പ്രായമുള്ള അധ്യാപികമാരാണ് വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജീവനൊടുക്കിയത്. സഹോദരിമാർക്കായി വൻ വിവാഹ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാകുമ്പോഴാണ് മരണ വാർത്തയെത്തുന്നത്. ജോധ്പൂരിലെ സ്വകാര്യ സ്കൂളിലെ അധ്യാപികമാരായ ശോഭ, വിമല എന്നിവരാണ് ജീവനൊടുക്കിയത്. ദീപ്‍ സിംഗ് എന്നയാളുടെ പെണ്‍മക്കളാണ് ജീവനൊടുക്കിയത്. വിവാഹത്തില്‍ പങ്കെടുക്കാനായി ബന്ധുക്കളും അയല്‍വാസികളും വീട്ടിലേക്ക് എത്തുന്നതിനിടയിലാണ് സംഭവം.സംഭവത്തില്‍ ഗുരുതരമായ ആരോപണവുമായി പെണ്‍കുട്ടികളുടെ അമ്മയുടെ അമ്മാവനായ ജസ്വന്ത് സിംഗ് രംഗത്തെത്തിയിട്ടുണ്ട്. സഹോദരിമാരുടെ വിവാഹം ആദ്യം ഉറപ്പിച്ചത് ഭിൻമലില്‍ നിന്നുള്ള യുവാക്കളുമായിട്ടായിരുന്നു. എന്നാല്‍ കുടുംബത്തിലെ ചിലരുടെ സമ്മർദ്ദം കാരണം ആ വിവാഹം മുടങ്ങി. പിന്നീട് പൊഖ്റാനിലെ ജെംല ഗ്രാമത്തിലുള്ള യുവാക്കളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. ദീപ് സിംഗിന്റെ ഇളയ സഹോദരന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും സമ്മർദ്ദം മൂലമാകാം സഹോദരിമാർ ഈ കടുംകൈ ചെയ്തതെന്നാണ് ജസ്വന്ത് സിംഗ് ആരോപിക്കുന്നത്
🅾️ നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച 7.2 ശതമാനമായി കുറയുമെന്ന് റേറ്റിംഗ് ഏജൻസിയായ ഐസിആര്‍എ.ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തില്‍ 8.2 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. സേവന, കാർഷിക മേഖലകളിലെ വളർച്ചാ വേഗത കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമെന്ന് ഐസിആര്‍എ റിപ്പോർട്ടില്‍ പറയുന്നു. സേവന മേഖലയിലെ വളർച്ച 9.2 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായും, കാർഷിക മേഖലയിലെ വളർച്ച 3.5 ശതമാനത്തില്‍ നിന്ന് 3.0 ശതമാനമായും കുറയുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, വ്യാവസായിക മേഖലയുടെ പ്രകടനം മെച്ചപ്പെടും. കഴിഞ്ഞ ആറ് പാദങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചയായ 8.3 ശതമാനം ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നു. രണ്ടാം പാദത്തില്‍ ഇത് 7.7 ശതമാനമായിരുന്നു.
🅾️ ബ്രസീലിയൻ വിമാന നിർമ്മാതാക്കളായ എംബ്രയറും ഇന്ത്യയുടെ എയ്‌റോസ്‌പേസ്, പ്രതിരോധ രംഗത്തെ പ്രമുഖരായ അദാനി ഡിഫൻസ് & എയ്‌റോസ്‌പേസും സുപ്രധാന കരാറില്‍ ഒപ്പുവെച്ചു.ഇന്ത്യയുടെ റീജിയണല്‍ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി E175 റീജിയണല്‍ ജെറ്റുകള്‍ നിർമ്മിക്കുന്നതിനുള്ള അസംബ്ലി യൂണിറ്റ് ഇന്ത്യയില്‍ സ്ഥാപിക്കാനാണ് ധാരണ. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എംബ്രയർ സിഇഒ ഫ്രാൻസിസ്കോ ഗോമസ് നെറ്റോയും അദാനി ഡിഫൻസ് & എയ്‌റോസ്‌പേസ് ഡയറക്ടർ ജീത് അദാനിയും ധാരണാപത്രം കൈമാറി.
*🌎 അന്താരാഷ്ട്രീയം 🌍*
--------------------------->>
🅾️ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവിനെ രഹസ്യാന്വേഷണ വിഭാഗം വധിച്ചു. ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയായ മാർ-എ-ലാഗോയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചയാളെയാണ് യുഎസ് സീക്രട്ട് സർവീസ് വെടിവച്ചു കൊലപ്പെടുത്തിയത്.
ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം 01:30 ഓടെയാണ് സംഭവം. നോർത്ത് ഗേറ്റിനു സമീപമാണ് ആക്രമിയെ കണ്ടതെന്നും ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സീക്രട്ട് സർവീസ് അറിയിച്ചു. 20 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് കൊല്ലപ്പെട്ടതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
🅾️ ഇറാൻ - അമേരിക്ക ആണവ ചർച്ച അടുത്ത വ്യാഴാഴ്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അല്‍ ബുസൈദി.അന്തിമ കരാറിലേക്ക് ഒരുപടി കൂടി അടുത്തെന്നും ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ജനീവയില്‍ തന്നെയാണ് ചർച്ച നടക്കുക. ചർച്ച നടന്നേക്കുമെന്ന് ആദ്യം പറഞ്ഞത് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയാണ്. നയതന്ത്ര പരിഹാരം സാധ്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത് മൂന്നാം തവണയാണ് അമേരിക്കയും ഇറാനും ചർച്ച നടത്തുന്നത്. ഒരു ഭാഗത്ത് ചർച്ചയും മറുഭാഗത്ത് പടയൊരുക്കവും നടക്കുമ്പോള്‍ മൂന്നാം വട്ട ചർച്ചയ്ക്ക് അതീവ പ്രാധാന്യമുണ്ട്.
രണ്ടാം വട്ട ചർച്ചയില്‍ കരാറിന്‍റെ പൊതു തത്വങ്ങളില്‍ ധാരണയായിരുന്നു. കരടുരേഖ ഇരു രാജ്യങ്ങളും പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്നുള്ള ചർച്ചക്ക് ശേഷമായിരിക്കും അന്തിമ കരാറിലേക്ക് പോവുക. ഇറാന്‍റെ ബാലിസ്റ്റിക് പദ്ധതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കരാറിന്‍റെ ഭാഗമാകുമോയെന്നാണ് അറിയാനുള്ളത്. ജനീവയില്‍ ഒമാൻ്റെ മധ്യസ്ഥതയില്‍ ആണ് ചർച്ചകള്‍ നടന്നത്. ഇറാൻ ആണവായുധമുണ്ടാക്കുന്നില്ലെന്ന് തെളിയിക്കാൻ പരിശോധനകള്‍ക്ക് തയ്യാറാണെന്നും എന്നാല്‍ ആണവ സംവിധാനം പൂർണമായി ഉപേക്ഷിക്കാൻ തയാറല്ലെന്നും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെടുന്നത് ഇറാന് ആണവ സംവിധാനമേ പാടില്ല എന്നാണ്.
🅾️ റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ മണിക്കൂറുകള്‍ അടച്ചിട്ടു. മോസ്കോ ലക്ഷ്യമാക്കി എത്തിയ 11 യുക്രൈൻ ഡ്രോണുകള്‍ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടതിന് പിന്നാലെയാണ് വിമാനത്താവളങ്ങള്‍ അടച്ചത്.സുരക്ഷാ കാരണങ്ങളാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുന്നുവെന്നാണ് റഷ്യൻ സിവില്‍ ഏവിയേഷൻ ഏജൻസിയായ റോസാവിയറ്റ്സിയ പുറത്തിറക്കിയ വാർത്താ കുറിപ്പില്‍ പറഞ്ഞത്. ഡൊമോഡെഡോവോ, വ്നുക്കോവോ, സുക്കോവ്സ്കി, ഷെറെമെറ്റീവോ എന്നീ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് അടച്ചത്. ഡ്രോണുകള്‍ വെടിവച്ചിട്ടതിന് പിന്നാലെ വിമാനത്താവളങ്ങള്‍ വീണ്ടും തുറന്ന് പ്രവർത്തനം പഴയ പടിയായി.
ഇന്ന് തകർത്തത് 71 ഡ്രോണുകള്‍
മോസ്കോയിലെ തന്ത്രപ്രദാനമായ നാല് വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് 11 ഡ്രോണുകള്‍ യുക്രൈൻ തൊടുത്തെന്നും എല്ലാം വെടിവച്ചിട്ടെന്നും മോസ്കോ മേയർ സെർജി സോബിയാനിൻ വ്യക്തമാക്കി. ഒരു മണിക്കൂറിനുള്ളിലാണ് വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള 11 ഡോണുകളുടെ ആക്രമണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആകെ 71 ഡ്രോണുകള്‍ ഇന്ന് മാത്രം റഷ്യയിലേക്ക് യുക്രൈൻ അയച്ചെന്നും റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം എല്ലാം വീഴ്ത്തിയെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
🅾️ മലേഷ്യൻ തീരത്ത് വൻ ഭൂകമ്പം. 7.1 തീവ്രത രേഖപ്പെടുത്തി. ബോർണിയോ ദ്വീപിലെ സബാ സംസ്ഥാനത്തിന് സമീപമാണ് ഭൂകമ്പമുണ്ടായതെന്ന് യു.എസ് ശാസ്ത്രജ്ഞർ പറഞ്ഞു.സംസ്ഥാന തലസ്ഥാനമായ കോട്ട കിനബലുവിന് 100 കിലോമീറ്റർ അകലെ വടക്കുകിഴക്കായി 619.8 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 12.57നാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.
ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് യുഎസ്ജിഎസ് വിലയിരുത്തി. ഭൂകമ്പത്തിന്റെ ആഴം പരിശോധിച്ചാല്‍ സുനാമി സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
🅾️ ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്ക ആശങ്ക ശക്തമാകുന്നതിനിടെ തങ്ങളുടെ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ നിർദേശം നല്‍കി സെർബിയയും സ്വീഡനും.ഇറാനിലെ സുരക്ഷാ സാഹചര്യം വഷളായതിനാലും അമേരിക്കൻ സൈനിക നടപടിയുണ്ടായേക്കാമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിലുമാണ് നടപടി. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ആണവ പദ്ധതിക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നീക്കം.
🅾️ കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് മാഫിയ തലവനായ, എല്‍ മെൻചോ എന്ന പേരില്‍ അറിയപ്പെടുന്ന നെമെസിയോ റൂബൻ ഒസെഗുര സെർവാന്റസിനെ കൊലപ്പെടുത്തി സംയുക്ത സേന.മെക്സിക്കോയിലെ ഏറ്റവും വലിയ മയക്കുമരുന്ന് തലവന്മാരിലൊരാളാണ് നെമെസിയോ റൂബൻ ഒസെഗുര സെർവാന്റസ് എന്ന 'എല്‍ മെൻചോ'. ഞായറാഴ്ച നടന്ന സൈനിക ഓപ്പറേഷനിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ മരണവാർത്ത പുറത്തുവന്നതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ രീതിയിലുള്ള അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്.
ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടല്‍ എന്ന മയക്കുമരുന്ന് സംഘത്തിന്റെ തലവനായിരുന്നു 59-കാരനായ ഒസെഗുവേര. ജാലിസ്കോ സംസ്ഥാനത്തെ ടപാല്‍പ എന്ന പട്ടണത്തില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് മെക്സിക്കോ സിറ്റിയിലേക്ക് എയർലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്.
🅾️ തായ്‌വാന് ചുറ്റും ചൈനയുടെ സൈനിക നീക്കം തുടരുന്നു. ശനിയാഴ്ച രാവിലെ ആറ് മണിയോടെ ചൈനയുടെ എട്ട് സൈനിക വിമാനങ്ങളും ഏഴ് നാവികസേനാ കപ്പലുകളും തായ്‌വാന്റെ സമുദ്രാതിർത്തിക്ക് സമീപം എത്തിയതായാണ് അന്തർ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ഈ എട്ട് വിമാനങ്ങളും അതിർത്തി രേഖ കടന്ന് തായ്‌വാന്റെ വടക്ക്, മധ്യ, തെക്ക്-പടിഞ്ഞാറൻ വ്യോമ പ്രതിരോധ മേഖലയിലേക്ക് കടന്നുകയറിയതായാണ് തായ്‌വാൻ പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത്.
ഇന്ന് രാവിലെ 6 മണി വരെ (UTC+8) തായ്‌വാന് ചുറ്റും പ്രവർത്തിക്കുന്ന 8 ചൈനീസ് വിമാനങ്ങളും 7 നാവികസേനാ കപ്പലുകളും കണ്ടെത്തി. എട്ട് വിമാനങ്ങളും അതിർത്തി രേഖ കടന്ന് തായ്‌വാന്റെ വടക്ക്, മധ്യ, തെക്ക്-പടിഞ്ഞാറൻ വ്യോമ പ്രതിരോധ മേഖലയിലേക്ക് പ്രവേശിച്ചു. ഞങ്ങള്‍ സാഹചര്യം നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് തായ്‌വാൻ പ്രതിരോധ മന്ത്രാലയം എക്‌സിലെ കുറിപ്പില്‍ വിശദമാക്കിയത്.വെള്ളിയാഴ്ചയും സമാനമായ സംഭവം നടന്നിരുന്നു. വെള്ളിയാഴ്ച 14 ചൈനീസ് വിമാനങ്ങളും ആറ് നാവികസേനാ കപ്പലുകളുമാണ് തായ്‌വാന് സമീപം എത്തിയത്. ഇതില്‍ 10 വിമാനങ്ങള്‍ അതിർത്തി കടന്ന് തായ്‌വാന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പ്രവേശിച്ചിരുന്നു.
🅾️ കുവൈത്തില്‍ കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കൊല്ലം നന്തിരിക്കല്‍, വെള്ളിമണ്‍ സ്വദേശിനി സുകന്യ മന്ദിരം മേരിസുമി അല്‍ഫോണ്‍സാണ് (32 വയസ്സ് ) മരിച്ചത്.
*⚽ കായികം, സിനിമ 🎥*
---------------------->>>>>
🅾️ ഐഎസ്എൽ സീസണിലെ ആദ്യ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. മുംബൈ സിറ്റി എഫ്സി എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ തുടരെ രണ്ടാമത്തെ തോൽവിയാണ് ഇത്. ആദ്യ മത്സരത്തിൽ മോഹൻ ബഗാനോട് 2-0ന് കാറ്റലയുടെ സംഘം തോൽവി സമ്മതിച്ചിരുന്നു.
ഹോം മത്സരത്തിൽ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിനും മുംബൈക്കും ഗോൾ കണ്ടെത്താനായില്ല. മുന്നേറ്റങ്ങൾ ഇരു ടീമിന്റേയും ഭാഗത്ത് നിന്ന് ആദ്യ പകുതിയിൽ വന്നെങ്കിലും ഫൈനൽ തേർഡിലെ പോരായ്മകൾ പിന്നോട്ടടിച്ചു. ഒടുവിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുംബൈ ഗോൾ കണ്ടെത്തി ലീഡ് എടുക്കുകയായിരുന്നു.
47ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്‌തെയാണ് മുംബൈ സിറ്റിക്കായി ഗോൾ നേടി മൂന്ന് പോയിന്റ് നേടിക്കൊടുത്തത്. ഇതോടെ ആദ്യ രണ്ട് മത്സരവും ജയിച്ച മുംബൈ ആറ് പോയിന്റോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. അർഷിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പിഴവാണ് മുംബൈയുടെ ഗോളിന് വഴി തുറന്നത്.
🅾️ വിവാഹ വാർത്ത സ്ഥിരീകരിച്ച് നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും. ഇത്രയും കാലം വിവാഹ വാർത്തകളോട് മൌനം പാലിച്ച ഇരുവരും ഒടുവില്‍ അക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്ആരാധകരുടെ സ്നേഹത്തിന് ഇരുവരും നന്ദി പറഞ്ഞു. വിരോഷ് എന്നാണ് ആരാധകർ ഇരുവരെയും ചേർത്ത് വിളിച്ചിരുന്നത്. അതിനാല്‍ ഈ കൂടിച്ചേരലിനെ വിരോഷിന്‍റെ വിവാഹം എന്നു പേരിട്ട് വിളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇരുവരും ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
"ഞങ്ങളുടെ പ്രിയപ്പെട്ടവരേ, ഞങ്ങള്‍ എന്തെങ്കിലും പ്ലാൻ ചെയ്യുന്നതിന് മുൻപേ, ഞങ്ങള്‍ എന്തെങ്കിലും തെരഞ്ഞെടുക്കുന്നതിന് മുൻപേ നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു. ഒരുപാട് സ്‌നേഹത്തോടെ നിങ്ങള്‍ ഞങ്ങള്‍ക്ക് പേരിട്ടു. ഞങ്ങളെ വിരോഷ് എന്ന് വിളിച്ചു. ഇന്ന് നിറഞ്ഞ ഹൃദയത്തോടെ, ഞങ്ങളുടെ ഈ കൂടിച്ചേരലിനെ വിരോഷിന്‍റെ വിവാഹം എന്നു വിളിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനുള്ള ആദരവാണിത്. എന്നും സ്‌നേഹത്തോടെ ചേർത്തുപിടിക്കുന്നതിന് ഒരുപാട് നന്ദി. നിങ്ങള്‍ എന്നെന്നും ഞങ്ങളുടെ ഭാഗമായിരിക്കും, നിറഞ്ഞ സ്നേഹം'- രശ്മികയും വിജയ്‍യും പങ്കുവെച്ച കുറിപ്പിന്‍റെ പറയുന്നത് ഇങ്ങനെയാണ്.
വിവാഹ തിയ്യതിയോ എവിടെ വച്ചാണ് വിവാഹിതരാകുന്നതെന്നോ ഈ കുറിപ്പില്‍ പറയുന്നില്ല. ഫെബ്രുവരി 26നാണ് ഇരുവരുടെയും വിവാഹം എന്നാണ് റിപ്പോർട്ട്.
🅾️ ലോകകപ്പിലെ ആദ്യ സൂപ്പര്‍ 8 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റന്‍ തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സ്വപ്നങ്ങള്‍ തുലാസില്‍.ദക്ഷിണാഫ്രിക്കക്കെതിരെ 77 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ സൂപ്പര്‍ 8ല്‍ സിംബാബ്‌വെക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ അടുത്ത രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ജിവന്‍മണപ്പോരാട്ടങ്ങളായി. സിംബാബ്‌വെക്കെതിരെയും വിന്‍ഡീസിനെതിരെയും ജയിച്ചാലും ഇന്ത്യക്കിനി സെമി സ്ഥാനം ഉറപ്പിക്കാനാവില്ല. അടുത്ത രണ്ട് കളികളില്‍ വമ്പന്‍ ജയം നേടിയാല്‍ മാത്രമെ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തി മുന്നേറാനാവു.
സൂപ്പര്‍ 8ല്‍ 26ന് ചെന്നൈയില്‍ സിംബാബ്‌വെയെയും മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെയുമാണ് ഇന്ത്യ നേരിടേണ്ടത്. ഇതില്‍ ഏതെങ്കിലും ഒരു മത്സരം തോറ്റാലും ഇന്ത്യയുടെ സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിക്കും. ഇനി രണ്ട് മത്സരം ജയിച്ചാലും മറ്റ് ടീമുകളുടെ പ്രകടനം അനുസരിച്ചാവും ഇന്ത്യയുടെ സെമി പ്രവേശനം.
ഗ്രൂപ്പിലെ നാലു ടീമുകള്‍ക്കും രണ്ട് ജയം വീതം നേടാനുള്ള സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റാവും സെമിയിലെത്തുന്ന രണ്ട് ടീമുകളെ നിര്‍ണയിക്കുക. ഇവിടെയാണ് ദക്ഷിണാഫ്രിക്കക്കെതിരെ നേരിട്ട 76 റണ്‍സിന്‍റെ കനത്ത തോല്‍വി ഇന്ത്യക്ക് തിരിച്ചടിയാകുക. ഇന്ന് നടക്കുന്ന സിംബാബ്‌വെ-വെസ്റ്റ് ഇന്‍ഡീസ് മത്സരഫലം ഇന്ത്യക്ക് നിര്‍ണായകമാണ്. അട്ടിമറി വീരന്‍മാരായ സിംബാബ്‌വെ ഓസ്ട്രേലിയയെയും ആതിഥേയരായ ശ്രീലങ്കയെയും അട്ടിമറിച്ചാണ് സൂപ്പര്‍ 8ല്‍ എത്തിയത് എന്നതിനാല്‍ ഇന്ത്യക്കിനി ദുര്‍ബലരായ എതിരാളികളെന്ന് പറയാന്‍ ആരുമില്ല. സിംബാബ്‌വെ സൂപ്പര്‍ 8ലും അട്ടിമറി തുടര്‍ന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും.
🅾️ ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃഷാന്ത് ഒരുക്കുന്ന 'മസ്തിഷ്ക മരണം' റിലീസിനൊരുങ്ങുന്നു.2046 ല്‍ കേരളത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൻറെ പ്രമേയം. ഡിസ്റ്റോപ്യൻ സൈബർ പങ്ക് ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രം ഫെബ്രുവരി 27 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. രജിഷ വിജയനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.
ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്തമായ കഥാലോകം സൃഷ്ടിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയില്‍ ആരംഭിക്കും. വിഎഫ്‌എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയൻ അഭിനയിച്ച കോമള താമര എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. വ്യത്യസ്തമായ ലുക്കിലായിരുന്നു ഈ ഗണത്തില്‍ രജിഷ എത്തിയത്.
🅾️ ബിബിൻ ജോർജിനെയും ബാബുരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഐസിയു' ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ റിലീസ് ചെയ്തു.
🅾️ ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 51 റണ്‍സ് ജയം. പല്ലെകേലെ, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്.40 പന്തില്‍ 62 റണ്‍സെടുത്ത ഫിലിപ്പ് സാള്‍ട്ടാണ് ടോപ് സ്‌കോറര്‍. ദുനിത് വെല്ലാലഗെ ലങ്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ലങ്ക 16.4 ഓവറില്‍ 95ന് എല്ലാവരും പുറത്താവുകയായിരുന്നു. 30 റണ്‍സെടുത്ത ദസുന്‍ ഷനകയാണ് ടോപ് സ്‌കോറര്‍. വില്‍ ജാക്ക്‌സ് ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി.
🅾️ ഹിന്ദുത്വ പ്രൊപ്പഗണ്ട ചിത്രമായ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ 'കേരള സ്റ്റോറി 2'വിന്റെ ട്രെയ്‌ലർ കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് പുറത്തുവന്നിരുന്നു.കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നുവെന്നും, സമ്മതമില്ലാതെ ബീഫ് വായില്‍ വച്ച് കഴിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള രംഗങ്ങളാണ് ട്രെയ്‌ലറില്‍ ഉള്ളത്. വലിയ രീതിയിലുള്ള വിമർശനമാണ് ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരെ ഉയർന്നുവരുന്നത്. ഇപ്പോഴിതാ സിനിമയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. കേരള സ്റ്റോറിയെ ഒരു ബുള്‍ഷിറ്റ് പ്രൊപ്പഗണ്ട എന്നാണ് അനുരാഗ് കശ്യപ് വിശേഷിപ്പിക്കുന്നത്. ആളുകള്‍ ബീഫ് അല്ല കിച്ചടി പോലും ഇത്തരത്തില്‍ കഴിക്കില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു.
"കേരള സ്റ്റോറി ഒരു ബുള്‍ ഷിറ്റ് പ്രൊപ്പഗണ്ടയാണ്, ആളുകള്‍ ബീഫ് പോയിട്ട്, കിച്ചടി പോലും ഇത്തരത്തില്‍ ആരുടെയും വായിലേക്ക് കുത്തികയറ്റില്ല. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അത്യാർത്തിയോടെ വരുന്ന ചിത്രമാണത്. അവർക്ക് കുറച്ച് പേരെ സന്തോഷിപ്പിക്കാൻ വേണ്ടി ആളുകളെ ഭിന്നിപ്പിക്കുകയാണ്." അനുരാഗ് കശ്യപ് പറയുന്നു. ഫിലിം ഫെയർ അവാർഡിനിടെയായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം.
🅾️ ഫിലിം ഫെയര്‍ അവാര്‍ഡുകളുടെ തെന്നിന്ത്യന്‍ എഡിഷന്‍ ഇന്നലെ കൊച്ചിയില്‍ നടന്നു.അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന പരിപാടി ഫിലിം ഫെയര്‍ അവാര്‍ഡ്സ് സൗത്തിന്‍റെ 70-ാമത് എഡിഷന്‍ ആയിരുന്നു.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലെ മികവിനുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്യപ്പെട്ട ചടങ്ങ് സ്വാഭാവികമായും താരനിബിഢമായിരുന്നു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ അവതരിപ്പിച്ച മമ്മൂട്ടിയാണ് മലയാളത്തിലെ മികച്ച നടന്‍. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ലീലാമ്മയെ അവതരിപ്പിച്ച ഉര്‍വ്വശിയാണ് മികച്ച നടി. മലയാളത്തിലെ അവാര്‍ഡ് ജേതാക്കളുടെ ഫുള്‍ ലിസ്റ്റ് കാണാം.
70-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്‍സ് സൗത്ത് (മലയാളം) വിജയികളുടെ പൂര്‍ണ്ണ ലിസ്റ്റ്
ചിത്രം- മഞ്ഞുമ്മല്‍ ബോയ്സ്
സംവിധായകന്‍- രാഹുല്‍ സദാശിവന്‍ (ഭ്രമയുഗം)
ചിത്രം (ക്രിട്ടിക്സ്)- ഉള്ളൊഴുക്ക് (സംവിധാനം: ക്രിസ്റ്റോ ടോമി), കിഷ്കിന്ധാ കാണ്ഡം (സംവിധാനം: ദിന്‍ജിത്ത് അയ്യത്താന്‍)
നടന്‍- മമ്മൂട്ടി (ഭ്രമയുഗം)
നടന്‍ (ക്രിട്ടിക്സ്)- പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം), ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം)
നടി- ഉര്‍വശി (ഉള്ളൊഴുക്ക്)
നടി (ക്രിട്ടിക്സ്)- സെറിന്‍ ഷിഹാബ് (ആട്ടം)ർ
സഹനടന്‍- വിജയരാഘവന്‍ (കിഷ്കിന്ധാ കാണ്ഡം)
സഹനടി- ലിജോമോള്‍ ജോസ് (ഹെര്‍)
മ്യൂസിക് ആല്‍ബം- ആവേശം (സുഷിന്‍ ശ്യാം)
വരികള്‍- പെരിയോനേ/ ആടുജീവിതം (റഫീഖ് അഹമ്മദ്)
ഗായകന്‍- ജിതിന്‍ രാജ് (പെരിയോനേ/ ആടുജീവിതം)
ഗായിക- വൈക്കം വിജയലക്ഷ്മി (അങ്ങ് വാനക്കോണില്/ എആര്‍എം)
നവാഗത സംവിധായകന്‍- ജോജു ജോര്‍ജ് (പണി), ജിതിന്‍ ലാല്‍ (എആര്‍എം)
പുതുമുഖ നടന്‍- കെ ആര്‍ ഗോകുല്‍ (ആടുജീവിതം), അഭിമന്യു എസ് തിലകന്‍ (മാര്‍ക്കോ)
പുതുമുഖ നടി- മേതില്‍ ദേവിക (കഥ ഇന്നുവരെ)
ഛായാഗ്രഹണം- സുനില്‍ കെ എസ് (ആടുജീവിതം)
ബ്രേക്ക്ത്രൂ ഇന്‍ ഫിലിം മേക്കിംഗ്- ആനന്ദ് ഏകര്‍ഷി (ആട്ടം)
ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്- ശ്രീനിവാസന്‍, ശ്രീകുമാരന്‍ തമ്പി
സിനി ഐക്കണ്‍ അവാര്‍ഡ്- ഭാവന
🅾️ ഫിലിം ഫെയർ അവാർഡ് പുരസ്കാരം വേദിയില്‍ അസുലഭ നിമിഷങ്ങള്‍ സമ്മാനിച്ച് മമ്മൂട്ടി. മികച്ച മലയാള നടനുള്ള പുരസ്കാരം സ്വീകരിച്ച മമ്മൂട്ടി, തനിക്കൊപ്പം മത്സരിച്ച ആസിഫ് അലിയെയും ബേസിലിനെയും വേദിയിലേക്ക് ക്ഷണിച്ചു.ഒരർഥത്തിലും ഇരുവരും എന്നെക്കാള്‍ ഒട്ടും താഴെ അല്ലെന്നും എന്തോ സംഭവിച്ച് പുരസ്കാരം തനിക്ക് ലഭിച്ചതാണെന്നും ഇരുവരും ഒരുപാട് കഴിവുള്ള യുവതാരങ്ങളാണെന്നും മമ്മൂട്ടി പറഞ്ഞു. പ്ലീസ്, വാടാ... എന്ന് പറഞ്ഞാണ് മമ്മൂട്ടി ഇരുവരെയും ക്ഷണിച്ചത്. ഇതോടെ സദസ് കൈയടികളോടെ മൂവരെയും സ്വീകരിച്ചു. നടി സുഹാസിനിയില്‍ നിന്നാണ് മമ്മൂട്ടി പുരസ്കാരം സ്വീകരിച്ചത്.
ഇരുവരും സുന്ദരന്മാരും ചെറുപ്പക്കാരുമാണെങ്കിലും അവള്‍ (പുരസ്കാരം) എനിക്കൊപ്പം നിന്നുവെന്നും മമ്മൂട്ടി തമാശയായി പറഞ്ഞു. ഭ്രമയുഗത്തിലെ മിന്നുന്ന പ്രകടനത്തിനാണ് മമ്മൂട്ടി അവാർഡ് നേടിയത്.
🅾️ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തായ സോഫി ഷൈനിനെയാണ് ധവാന്‍ ജീവിതപങ്കാളിയാക്കിയത്.
🅾️ റാപ്പർ വേടന്റെ വിവാഹം തൃശൂർ സബ് റജിസ്ട്രാർ ഓഫീസില്‍ ഈ മാസം 24ന്. എഴുത്തുകാരിയായ നവമി ലതയാണ് റാപ്പർ വേടൻ എന്നറിയപ്പടുന്ന ഹിരണ്‍ ദാസ് മുരളിയുടെ വധു.തൃശ്ശൂർ സബ് രജിസ്റ്റർ ഓഫീസില്‍ വിവാഹം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരിലെ പൊതുവേദിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹം ഇക്കാര്യം അറിയിച്ചിരുന്നു.
🅾️ നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന 'പ്രതിഛായ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നിവിൻ പോളിയ്ക്കൊപ്പം ബാലചന്ദ്രമേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
_______________________
🅾️➖🅾️➖🅾️➖🅾️➖🅾️
0 Comments