Ticker

6/recent/ticker-posts

ഫാത്തിമ എസ്റ്റേറ്റ് തോട്ടുമുക്കം - പള്ളിത്താഴെ - തേക്കിൻചുവടു -പത്തനാപുരം റോഡ്, 14കിലോ മീറ്റർ 30കോടി CRIF ഇൽ നിന്ന് റോഡ് വികസനത്തിന് അനുവദിച്ചു*

 





*രാത്രിയാത്ര നിരോധനത്തിന് പരിഹാരമായി ബന്ദിപ്പൂർ തുരങ്കപാതയുടെ സാധ്യത പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു; CRIF ഇൽ നിന്ന് റോഡ് വികസനത്തിന് 105 കോടി അനുവദിച്ചു-  പ്രിയങ്ക ഗാന്ധി എംപിക്ക് നിതിൻ ഗഡ്കിരിയുടെ കത്ത്*


മുക്കം : രാത്രി യാത്രാ നിരോധനത്തിന് പരിഹാരത്തിനായി ബന്ദിപ്പൂർ കാനനപാതയ്ക്ക് ബദലായി തുരങ്കപാതയുടെ സാധ്യത പഠിക്കുന്നതിനായി കേന്ദ്ര ഗതാഗത വകുപ്പിന്റെയും റെയിൽവേ വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത വർക്കിങ് ഗ്രൂപ്പ്   രൂപീകരിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പ്രിയങ്ക ഗാന്ധി എം.പി.യെ കത്തിലൂടെ അറിയിച്ചു. 2025 ഒക്ടോബർ 11 ഈ വിഷയങ്ങൾ ഉൾപ്പെടുത്തി കത്ത് നൽകുകയും 2025 ഡിസംബർ 19ന് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രിയെ നേരിൽ കണ്ടപ്പോൾ ഈ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പുനൽകിയിരുന്നു.  രാഹുൽ ഗാന്ധി എം.പി. ആയിരിക്കുമ്പോഴാണ് നിലമ്പൂർ നഞ്ചങ്കോട് റെയിൽ പാതയ്ക്ക് സമാന്തരമായി ബന്ദിപ്പൂർ രാത്രി യാത്ര നിരോധനം മറികടക്കാൻ സമാന്തര തുരങ്ക പാത നിർമ്മിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്.


വയനാട് പാർലമെൻറ് മണ്ഡലത്തിൽ CRIFഇൽ നിന്നുള്ള 105 കോടി രൂപയുടെ നാല് പദ്ധതികൾക്ക് അംഗീകാരം നൽകിയതായും മന്ത്രി കത്തിൽ അറിയിച്ചു.  കോഴിക്കോട് ജില്ലയിലെ നാലാം വളവ് - അടിവാരം - നൂറാംതോട് റോഡ്,10.100 കിലോ മീറ്റർ 26 കോടി, ഫാത്തിമ എസ്റ്റേറ്റ് തോട്ടുമുക്കം  - പള്ളിത്താഴെ - തേക്കിൻചുവടു -പത്തനാപുരം റോഡ്, 14കിലോ മീറ്റർ 30കോടി, മണാശ്ശേരി - മുത്താലം - മുത്തേരി -കല്ലുരുട്ടി - ഓമശ്ശേരി - തിരുവമ്പാടി റോഡ് 11.350 കിലോ മീറ്റർ 23 കോടി, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി കാരക്കണ്ടി - വടക്കനാട് - വള്ളുവടി - ഓടപ്പള്ളം റോഡ് 12.5 കിലോ മീറ്റർ 26 കോടി എന്നീ റോഡുകൾക്കാണ് അനുമതി ലഭിച്ചത്. 


താമരശ്ശേരി ചുരത്തിൽ നിരന്തരമായി ഉണ്ടാവുന്ന മണ്ണിടിച്ചിലിന് അടിയന്തിരമായി ചെയ്യേണ്ടതും ദീർഘ കാലാടിസ്ഥാനത്തിൽ ചെയ്യേണ്ടതുമായ പ്രവർത്തനങ്ങൾ റിട്ട അഡിഷണൽ ഡയറക്ടർ ജനറൽ ആർ.കെ.പാണ്ഡെ, പാലക്കാട് ഐ.ഐ.ടി. അസോസിയേറ്റ് പ്രൊഫസർ ഡോ. ദിവ്യ പി.വി. എന്നിവരടങ്ങിയ വിദഗ്ധ സമിതി കണ്ടെത്തിയ നിർദ്ദേശങ്ങൾ ഒക്ടോബർ മൂന്നിന് സമർപ്പിച്ചിരുന്നതായും ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് സംസ്ഥാന പൊതു മാറാമത് വകുപ്പിന് നിർദ്ദേശം നല്കിയിട്ടുള്ളതായും പ്രിയങ്ക ഗാന്ധി എം.പി. നൽകിയ കത്തിനെ പരാമർശിച്ചു കൊണ്ട് നിതിൻ ഗഡ്കരി അറിയിച്ചു. ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കൺസൾട്ടിനെ നിയോഗിച്ചതായും മന്ത്രി കത്തിൽ അറിയിച്ചു. കൂടാതെ ചുരത്തിലെ ആറ്, ഏഴ് ഹെയർപിൻ വളവുകൾ വികസിപ്പിക്കുന്നതിനുള്ള കരാർ നൽകിയതായും 2027 ഫെബ്രുവരി മാസം പണി പൂർത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നതയും മന്ത്രി കത്തിൽ അറിയിച്ചു.


ചുരം ബൈപാസിലെയും ദേശീയ പാത 766 ലെയും അപകട സാധ്യതയുള്ള പോയിന്റുകൾ സംബന്ധിച്ച് പ്രിയങ്ക ഗാന്ധി എം.പി. ഉന്നയിച്ച പ്രശ്നത്തിന് മറുപടിയായി നേരത്തെ മന്ത്രാലയത്തിന്റെ റോഡ് വിഭാഗത്തിന്റെ ചുമതലയിലുള്ള ദേശീയ പാത 766 ന്റെ ഭാഗങ്ങൾ ഫലപ്രദമായ പ്രവർത്തനങ്ങൾക്കായി ദേശീയ പാത അതോറിറ്റിക്ക് കൈമാറിയതായും അപകട സാധ്യതകളുള്ള പോയിന്റുകളുടെ പരിഹാരത്തിനും ചുരം ബൈപ്പാസിന്റെ വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിനുമായി സമയബന്ധിതമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അതോറിറ്റിക്ക് നിർദ്ദേശം നൽകിയതായും മന്ത്രി കത്തിൽ സൂചിപ്പിച്ചു.

Post a Comment

0 Comments